- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്‍
ഉപരാഷ്ട്രപതി: ശശി തരൂരിന്റെ പേരും സജീവ പരിഗണനയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഒരുമാസം നീളുന്ന വര്‍ഷകാലസമ്മേളനം തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ ഉപരാഷ്ട്രപതി രാജി വയ്ക്കുക. തികച്ചും അപ്രതീക്ഷിതമായി. ഇന്നും വളരെ സജീവമായി രാജ്യസഭാ നടപടികളില്‍ പങ്കെടുത്ത ശേഷം രാത്രിയോടെയാണ് ജഗ്ദീപ് ധന്‍കര്‍ തന്റെ രാജി വിവരം എക്‌സിലൂടെ അറിയിച്ചത്. പെട്ടെന്നുള്ള പ്രഖ്യാപനത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഞെട്ടി. എട്ട് പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ കൂടി ചൊല്ലി കൊടുത്താണ് ജഗ്ദീപ് ധന്‍കര്‍ വിടവാങ്ങുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെങ്കിലും യഥാര്‍ഥത്തില്‍ രാഷ്ട്രീയ കാരണങ്ങളാലാണ് രാജിയെന്നും സൂചനയുണ്ട്.
അതേസമയം, ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുപ്പ് ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി എന്‍ഡിഎ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനാണ് നീക്കം.
ശശി തരൂര്‍ എംപി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കമുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായും ഒറ്റപ്പെട്ട ശശി തരൂരിനെ കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തനാക്കാനുള്ള നീക്കങ്ങളാണ് വ്യാപകമായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും അടക്കമുള്ളവര്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളില്‍ പ്രകോപിതനാകാതെ മൗനം പാലിക്കുകയാണ് തരൂര്‍.
തരൂരിനെതിരെ വിമര്‍ശനം കടുപ്പിച്ചു കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തു കൊണ്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും അദ്ദേഹം പരിഹസിച്ചു.
തലസ്ഥാനത്തെ പരിപാടികളില്‍ ശശിതരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കും. തരൂരിന്റെ കാര്യം പാര്‍ട്ടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്.
അതേസമയം, മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് തരൂര്‍ നടത്തുന്നത്. മുമ്പൊരിക്കല്‍ ഈ നീക്കം തരൂര്‍ നടത്തിയപ്പോള്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ തരൂരിന് ഇനി സ്ഥാനം കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പക്കാന്‍ തരൂര്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയാണെന്ന ആക്ഷേപം പോലും സജീവമാണ്.
മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ ആകാംക്ഷയ്ക്കാകും വഴിതുറക്കുക. പുകച്ച് പുറത്ത് ചാടിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ശശി തരൂര്‍. സ്വയം പുറത്തു പോകട്ടെ എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വവും. തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്രങ്ങളും.
നിയമസഭാ തിരഞ്ഞെടുപ്പു അടുക്കുന്ന വേളയില്‍ തരൂര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാര്‍ തരൂരിന്റെ നീക്കത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചവേളയില്‍ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കയാണ് കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരന്‍ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ തുടരാനുള്ള തീരുമാനത്തിലാണ് തരൂര്‍.