തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ ഡി.സി.സി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞത് കോണ്‍ഗ്രസിന് തലവേദനയാകാന്‍ സാധ്യത. കോഴ ആരോപണമാണ് ഉയര്‍ന്നത് എന്ന പശ്ചാത്തലത്തില്‍ അവസരം മുതലെടുക്കാന്‍ സിപിഎം ശ്രമിക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കി.

ആലപ്പുഴ സ്വദേശി കെ.കെ വിമലാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്ന് പരാതിയിലെ ആവശ്യം. ലാലി ജെയിംസിലെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കണം എന്നാണ് പരാതിയില്‍ ഉയര്‍ത്തുന്ന ആവശ്യം. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ, കോര്‍പറേഷനില്‍ മേയറാക്കാന്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ആരോപിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. നിജി ജസ്റ്റിനെ മേയറാക്കിയത് പണം കൈപ്പറ്റിയാണെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിപ്പിക്കുമെന്ന പ്രസ്താവനയുമായി ലാലിയെത്തിയിരുന്നു.

പണം വാങ്ങിയാണ് നിജി ജസ്റ്റിന് മേയര്‍ പദവി നല്‍കിയതെന്ന് ലാലി ആരോപണം ഉന്നയിച്ചിരുന്നു. 'നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. കര്‍ഷക കുടുംബത്തിലെ അംഗമാണ്.' ലാലി ജെയിംസ് പറഞ്ഞു.

'എന്നെ അച്ചടക്കം പഠിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജന്‍ പല്ലന്റെ കാര്യങ്ങള്‍ അടക്കം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. രാജന്‍ പല്ലന്‍ സ്വന്തം ഉയര്‍ച്ചക്കാണ് നില്‍ക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിര്‍ത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാല്‍ പാര്‍ട്ടിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ എന്റെ കൈയിലുണ്ട്.' ലാലി പറഞ്ഞു.

മടിയില്‍ കനമുള്ളവന്റെ കൂടെ ആളുകള്‍ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളതെന്നും അവര്‍ പറഞ്ഞു. ദീപാദാസ് മുന്‍ഷിയും കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കില്‍ താഴെ തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ. മേയര്‍ സ്ഥാനാര്‍ഥിക്കുള്ള വോട്ട് കോണ്‍ഗ്രസിനുള്ള വോട്ടാണ്. എന്റെ പാര്‍ട്ടിയെ സ്നേഹിക്കുന്നു. കേവലം നാലഞ്ച് പേരടങ്ങിയതല്ല പാര്‍ട്ടി. അതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ കോഴ ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് നിയുക്ത മേയര്‍ നിജി പ്രതികരിച്ചു. 'ലാലിയോട് ഒന്നും പറയാനില്ല, പാര്‍ട്ടി പറഞ്ഞോളും, തൃശ്ശൂര്‍ ടൌണില്‍ മാത്രം ഒതുങ്ങി നിന്ന ആളല്ല ഞാന്‍. വിവാദങ്ങളില്‍ പതറിപ്പോകില്ല. 27 വര്‍ഷമായി താനിവിടെ ഉണ്ടായിരുന്നുവെന്നും, സ്ഥാനമാനങ്ങള്‍ വരും പോകും, പാര്‍ട്ടി എന്നെ വിശ്വസിച്ചുകൊണ്ടാണ് ഉത്തരവാദിത്തം തന്നത്..'നിജി പറഞ്ഞു.

അതേസമയം, പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ഡോക്ടര്‍ നിജി ജസ്റ്റിനെ മേയറാക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ലാലി നാലുപ്രാവശ്യം നിന്നിട്ട് ആര്‍ക്കാണ് അവര്‍ പെട്ടി കൊടുത്തതെന്നും ഡി.സി.സി പ്രസിഡന്റ് ചോദിച്ചു.