- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇരട്ടത്താപ്പിന്റെ റാണിമാര്‍, പുരുഷന്മാരെ ആക്രമിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ ഒരു 'കൂട്ടായ്മ' ആയി മാറുന്നു; സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ ഒന്നിച്ചുനിന്ന് ആക്രമിക്കും; പിന്നീട് പിരിഞ്ഞു പോകും, എന്നാല്‍ അവര്‍ക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ല; 'ടോക്‌സിക്' ടീസര്‍ വിവാദത്തില്‍ ഡബ്ല്യൂസിസിയെ ലക്ഷ്യം വെച്ചു വിജയ് ബാബുവിന്റെ പരിഹാസം
ഇരട്ടത്താപ്പിന്റെ റാണിമാര്‍, പുരുഷന്മാരെ ആക്രമിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ ഒരു 'കൂട്ടായ്മ' ആയി മാറുന്നു
കൊച്ചി: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' സിനിമയുടെ ടീസര്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ടീസറില്‍ ലൈംഗിക അതിപ്രസരം നിറച്ചത് അടക്കം വിവാദമായിരുന്നു. ഇതോടെ ഗീതു മോഹന്‍ദാസിന്റെ നിലപാടിലെ ഇരട്ടത്താപ്പും ചര്‍ച്ചയായി. ടീസര്‍ സ്ത്രീ വിരുദ്ധമാണെന്നും സംവിധായിക തന്റെ മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞു എന്നുമാണ് പ്രധാന ആരോപണം.
ഇപ്പോഴിതാ, ഇതിനെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ചു നിര്‍മാതാവും നടനുമായി വിജയ് ബാബു രംഗത്തുവന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗീതു കൂടി ഭാഗമായ ഡബ്ല്യൂസിസി എന്ന കൂട്ടായ്മയെ തന്നെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു.
'ഇരട്ടത്താപ്പിന്റെ റാണിമാര്‍' എന്നാണ് ഡബ്ല്യൂസിസി അംഗങ്ങളെ വിജയ് ബാബു വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റില്‍ എവിടെയും ഈ സംഘടനയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും സൂചനകള്‍ എല്ലാം ഡബ്ല്യൂസിസിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോള്‍ അവര്‍ ഒരു 'കൂട്ടായ്മ' ആയി മാറുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാല്‍ അടുത്ത പ്രശ്‌നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ലെന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.
'ടോക്‌സിക്' ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍വതി പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും ചുവടെയാണ് രൂക്ഷമായ പ്രതികരണങ്ങളും പരിഹാസവും നിറയുന്നത്.
ആക്ഷന്‍ മാസ് മസാല ചേരുവകളുള്ള ടീസറില്‍ ഡബ്ല്യുസിസിയുടെയും പാര്‍വതിയുടെയുമെല്ലാം നിലപാടെന്താണെന്നും ഗീതു വഞ്ചിച്ചല്ലോ എന്തായിയെന്നും, കസബയെ കുറ്റം പറഞ്ഞയാള്‍ക്ക് ഇതിലൊന്നും പറയാനില്ലേയെന്നുമെല്ലാമാണ് കമന്റുകള്‍. ഇരട്ടത്താപ്പ് കാണിക്കരുതെന്നും ഗീതുവിന്റെ സിനിമയുടെ ടീസറിനോട് പ്രതികരിക്കണമെന്നും സ്ത്രീശരീരത്തിന്റെ ഒബജക്ടിഫിക്കേഷനോട് ഒന്നും പറയാനില്ലേ എന്നും കമന്റുകള്‍ നിറയുന്നുണ്ട്. വെറുതേ ആവശ്യമില്ലാത്ത സംസാരത്തിന് പോയി സ്വന്തം അവസരങ്ങളാണ് പാര്‍വതി കളഞ്ഞെതെന്നും മറ്റാര്‍ക്കും ഒരു നഷ്ടവും ഉണ്ടായില്ലെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
ടോക്‌സികിലെ യഷിന്റെ ഇന്‍ട്രോ സീനാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. ഇതിനൊപ്പം ഗീതു മോഹന്‍ദാസ് നേരത്തെ സിനിമയിലെ സ്ത്രീപക്ഷസ്ത്രീവിരുദ്ധ നിലപാടുകളെ കുറിച്ച് പറഞ്ഞതും ചേര്‍ത്തുവച്ചാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയ സമയത്തും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കസബയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ചയാള്‍ മറ്റൊരു ഭാഷയില്‍ പോയി ആ വ്യാഖ്യാനം തിരുത്തിയെന്ന് നിതിന്‍ രഞ്ജി പണിക്കരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്നലെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ രാജന്‍ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് നിര്‍മാതാവ് ജോബി ജോര്‍ജും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
ഗീതുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പടം കണ്ട് ഡബ്ല്യുസിസി എന്ത് പറയുമെന്നറിയാന്‍ കൗതുകമുണ്ടെന്നും സിനിമയിലെ മോശം സീനിനെ കുറിച്ച് വാതോരാതെ സംസാരിച്ച് മറ്റ് നടിമാരുടെ അവസരം കളഞ്ഞിട്ട് അതിലും മോശം സീന്‍ വച്ച് സിനിമയെടുത്തിരിക്കുന്നുവെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഗീതു സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണെന്നായിരുന്നു ടീസര്‍ കണ്ട ശേഷം രാം ഗോപാല്‍ വര്‍മ കുറിച്ചത്. ഗീതുവാണിത് ചിത്രീകരിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു പുരുഷനുമായും അവരെ താരതമ്യം ചെയ്യാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായികയെ അഭിനന്ദിക്കുന്നവരേയും സൈബര്‍ ഇടങ്ങളില്‍ കാണാം. ടീസര്‍ ബോള്‍ഡും മനോഹരവുമാണ് എന്നാണ് ഇവര്‍ കുറിക്കുന്നത്.
മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആക്ഷനും സ്‌റ്റൈലും ഒത്തുചേരുന്ന സിനിമയാകും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.
നയന്‍താര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ഗീതുവിന്റെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് 'ടോക്‌സിക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന 'ടോക്‌സിക്', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിങ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. 2026 മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ്.




