ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ദളപതി വിജയ്‍യുടെ കുടുംബകലഹങ്ങൾ പുതിയൊരു തലത്തിലേക്ക് നീങ്ങുകയാണ്. താരത്തിന്റെ വ്യക്തിജീവിതത്തിലെ കലുഷിതമായ സാഹചര്യങ്ങളിൽ പരിഹാരം തേടി ഒരു ആരാധകൻ നടത്തിയ വേറിട്ട പ്രാർത്ഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാവിഷയം.

വിജയ്‍യുടെ കുടുംബജീവിതത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന ആഗ്രഹവുമായി വിശ്വ എന്ന ആരാധകൻ വേളാങ്കണ്ണി പള്ളിയിൽ പ്രത്യേക നേർച്ചയുമായി എത്തിയതാണ് വാർത്തയായത്. വിജയ്‍യുടെയും ഭാര്യ സംഗീതയുടെയും പഴയകാല ചിത്രം കൈകളിലേന്തി, പള്ളിമുറ്റത്ത് മുട്ടിലിഴഞ്ഞാണ് ഇയാൾ പ്രാർത്ഥന നടത്തിയത്. വിശ്വയ്ക്കൊപ്പം ഭാര്യ മീനാക്ഷിയും ഈ നേർച്ചയിൽ പങ്കുചേർന്നു. തന്റെ പ്രിയതാരത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ മാറണമെന്ന വിശ്വയുടെ വൈകാരികമായ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുൻപ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച വേളയിലും ഇതേ ദമ്പതികൾ വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തി ശ്രദ്ധ നേടിയിരുന്നു.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവും കരിയറിലെ മികച്ച സമയവും ഒത്തു വന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി വിവാഹമോചന വാർത്തകൾ പുറത്തുവരുന്നത്. ഭാര്യ സംഗീത സൊർണ്ണലിംഗം ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പരാമർശങ്ങൾ സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 2021 ഏപ്രിൽ മുതൽ വിജയ്ക്ക് മറ്റൊരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് തന്നെ കടുത്ത മാനസിക പീഡനത്തിലാക്കിയെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് വാക്ക് നൽകിയെങ്കിലും അത് പാലിച്ചില്ലെന്നും, ദാമ്പത്യവിശ്വാസത്തോടുള്ള വഞ്ചനയാണ് ഇതെന്നും നോട്ടീസിൽ പറയുന്നു.

അതിനിടെ, കഴിഞ്ഞ ദിവസം നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിന് വിജയ്‍യും നടി തൃഷയും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരേ കാറിൽ എത്തിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടി. സംഗീതയുടെ ഹർജിയിൽ പറയുന്ന നടി തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതോടെ സോഷ്യൽ മീഡിയയിൽ പടർന്നു.

'തമിഴക വെട്രി കഴകം' (TVK) എന്ന പാർട്ടി രൂപീകരിച്ച് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വിജയ്ക്ക് ഈ വിവാദങ്ങൾ വലിയൊരു രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വ്യക്തിജീവിതത്തിലെ ഇത്തരം അസ്വാരസ്യങ്ങൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്കയിലാണ് അണികൾ. എന്നാൽ, ഈ വിവാദങ്ങളോടൊന്നും വിജയ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 20-ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‍യോട് നിർദ്ദേശിച്ചിട്ടുണ്ട്.

വിശ്വ എന്ന ആരാധകന്റെ നേർച്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. താരത്തോടുള്ള നിഷ്കളങ്കമായ സ്നേഹമാണ് ഇതെന്നു ഒരു വിഭാഗം വാദിക്കുമ്പോൾ, വ്യക്തിപരമായ കാര്യങ്ങളിൽ ഇത്തരത്തിൽ അന്ധമായ ആരാധന പ്രകടിപ്പിക്കുന്നത് ശരിയല്ലെന്ന് മറ്റൊരു വിഭാഗം വിമർശിക്കുന്നു. ഇത്തരം പ്രകടനങ്ങൾ ആരാധകരുടെ നിലവാരത്തകർച്ചയാണെന്നാണ് സോഷ്യൽ മീഡിയയിലെ പല കമന്റുകളും സൂചിപ്പിക്കുന്നത്. കോടതി നടപടികളിലും രാഷ്ട്രീയ നീക്കങ്ങളിലും വിജയ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് തമിഴ്നാട് കാത്തിരിക്കുന്ന വലിയൊരു ചോദ്യമായി അവശേഷിക്കുന്നു.