കൊച്ചി: ഹരിശ്രീ ഗണപതായേ നമഃ... വിശ്വാസികളെല്ലാം വിജയദശമി ആഘോഷ നിറവില്‍. വിദ്യാരംഭ ചടങ്ങിന് വന്‍ തിരക്കാണ് എല്ലാ ക്ഷേത്രങ്ങളിലും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ആദ്യാക്ഷര ലോകത്തേക്ക് കടന്നു. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ആരംഭിച്ച വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. ദര്‍ശനത്തിനും ധാരാളം ഭക്തര്‍ ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നുണ്ട്. രാവിലെ ആറ് മണിയ്ക്ക് വിജയദശമി പൂജകള്‍ നടന്നു.

മുഖ്യതന്ത്രി നിത്യാനന്ദ അഡികറുടെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നത്. ഹരിശ്രീ ഗണപതായേ നമഃ എന്നതിനോടൊപ്പം സംഗീതത്തില്‍ കൂടുതല്‍ നൈപുണ്യം ഉണ്ടാകുന്നതിനായി സരിഗമപദനിസ എന്നും കുഞ്ഞുങ്ങളെ എഴുതിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ ആവശ്യപ്രകാരം മറ്റ് അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ആചാര്യന്മാര്‍ കുഞ്ഞുങ്ങളെ എഴുതിപ്പിക്കുന്നുണ്ട്. കേരളത്തിലും വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നുണ്ട്.

കേരളത്തിനേക്കാള്‍ ഒരു ദിവസം മുമ്പാണ് കൊല്ലൂരില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചത്. ക്കുന്നത്. മഹാനവമിയുടെ ഭാഗമായി രഥോത്സവം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും ക്ഷേത്രത്തില്‍ നടന്നിരുന്നു. വിജയദശമി, മഹാനവമി ദിവസങ്ങളില്‍ വലിയ ഭക്തജനതിരക്കാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. അധികവും മലയാളികളാണ് ഇവിടെ ദര്‍ശനത്തിനെത്തുന്നത്.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പടെ എഴുത്തിനിരുത്തിന് നിരവധി പേരാണ് എത്തിയത്. എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടന്‍ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലും നിരവധി കുരുന്നുകള്‍ എഴുത്തിനിരുന്നു.

തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.