കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തല്‍. ഡ്രോണ്‍ പരിശോധനയിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം തിങ്കളാഴ്ച സ്ഥലത്ത് എത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് നാളെ പ്രദേശത്തെത്തുന്നത്.

മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങള്‍ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിലയിരുത്തല്‍. പ്രദേശം വാസയോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

വിലങ്ങാട്ടില്‍ ഇന്ന് നടത്തിയ ഡ്രോണ്‍ സര്‍വേയിലാണ് 100ലധികം പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 120ഓളം വീടുകള്‍ തകരുകയും കൃഷികള്‍ നശിക്കുകയും ചെയ്തു. മേഖലയില്‍ വിശദ പരിശോധന നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയില്‍ നൂറിലധികം പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സര്‍വ്വേ പൂര്‍ത്തിയായത്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകള്‍ സംഘം കണ്ടെത്തും.

ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാവുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതനുസരിച്ചാണ് പുനരധിവാസം സംബന്ധിച്ച് റിപ്പോര്‍ട്ടും തയ്യാറാക്കുക. വീടുകള്‍ തകര്‍ന്നതിന്റെ കണക്ക് ഈ മാസം പതിനേഴിനകം സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന 15 വീടുകള്‍ ഉള്‍പ്പടെ 112 വീടുകള്‍ തകര്‍ന്നെന്നാണ് പ്രഥമിക കണക്ക്. 162 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ഉരുള്‍ പൊട്ടല്‍ ബാധിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി.