- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍
313 വീടുകള്‍ ഇവിടെ വാസയോഗ്യമല്ല
എം റിജു
കോഴിക്കോട്: വയനാട് മുണ്ടെക്കെയിലും ചുരല്‍മലയിലും ഉരുള്‍പൊട്ടിയ സമയത്തുതന്നെയാണ് കോഴിക്കോട് വാണിമേല്‍ വിലങ്ങാട്ടും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടെ 122 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഒരാള്‍ മരിച്ച അപകടത്തില്‍ ഭാഗ്യം കൊണ്ടാണ് മരണ സംഖ്യ കൂടുതല്‍ ഉയരാത്തത്. 313 വീടുകള്‍ ഇവിടെ വാസയോഗ്യമല്ല എന്നാണ് സര്‍ക്കാര്‍ കണക്ക്.നിരവധി കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം മാത്രം കണക്കാക്കിയത്.
ജൂലൈ 29 നാണ് ഒരു നാടിനെയാകെ ഉരുള്‍വാരിയെടുത്തത്. കുടിയേറ്റ മേഖലയെ കണ്ണീരിലാഴ്ത്തി ഒരായുസ്സ് മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സര്‍വവുമാണ് ഉരുള്‍ ദുരന്തത്തില്‍ നശിച്ചത്. എന്നാല്‍ ഇവിടുത്തെ പുനരധിവാസം മെല്ലെപ്പോവുകയാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ദുരന്തം ഒരുമാസം പിന്നിട്ടപ്പോള്‍ മാത്രമാണ് മുഴുവന്‍ പേര്‍ക്കൂം സൗജന്യ റേഷന്‍ പോലും കിട്ടിയത്്. ഉരുള്‍ പൊട്ടലില്‍ സര്‍വം നഷ്ടപ്പെട്ട് വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ മാധ്യമങ്ങളെയും വിലക്കുന്നതായും പരാതിയുണ്ട്. ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്തുവരാതെ തടയുകയാണെന്നും ആക്ഷേപമുണ്ട്.
പുനരധിവാസം എങ്ങുമെത്തിയില്ല
വിലങ്ങാട് ഉരുള്‍ ദുരന്തം ഒരു മാസം കഴിയുമ്പോഴും പുനരധിവാസം ഊര്‍ജിതമായിട്ടില്ല. സര്‍ക്കാര്‍ 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്.തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍ 6000 രൂപ നല്‍കും. ഇതും പലര്‍ക്കും സാങ്കേതിക കരുക്കുമൂലം കിട്ടിയിട്ടില്ല.
രണ്ടുമാസത്തെ സൗജന്യ റേഷനാണ് ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഒരു മാസം തികഞ്ഞിട്ടും സൗജന്യ റേഷന്‍ എല്ലാര്‍ക്കും കിട്ടിയില്ല. ഉരുള്‍നാശം വിതച്ച രണ്ട് വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. പക്ഷേ റേഷന്‍ വാങ്ങാന്‍ കടയിലെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. റേഷന്‍ നല്‍കേണ്ടവരുടെ ലിസ്റ്റ് ലഭിച്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
വീടുകള്‍ നഷ്ടപ്പെട്ട് വഴിയാധാരമായവര്‍ക്ക് പൂര്‍ണമായും വാടക വീടുകള്‍ ലഭ്യമായിട്ടില്ല. വാടക വീടുകളുടെ വാടക സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതും വീടുകളുടെ ലഭ്യതയും പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ സര്‍വം നഷ്ടമായവര്‍ക്കു വാടക വീട് കിട്ടണമെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ വയ്ക്കണമെന്നു നിബന്ധനയും വിനയാവുകയാണ്. 200 രൂപയുടെ മുദ്രപത്രം എവിടെയും കിട്ടാനില്ല. കിട്ടാനുള്ളത് 500 രൂപയുടേതു മാത്രം.
വീട് അടക്കം നഷ്ടമാവുകയും ഉരുള്‍പൊട്ടലില്‍ ജീവന്‍ രക്ഷപ്പെടുകയും ചെയ്തവരോടാണ് സര്‍ക്കാര്‍ ഈ നിബന്ധന വയ്ക്കുന്നത്. കൃഷി നഷ്ടം സംഭവിച്ചവര്‍ നഷ്ടപരിഹാരം കിട്ടാന്‍ അപേക്ഷ നല്‍കണമെങ്കില്‍ കൃഷിയിടത്തിന്റെ നികുതി അടച്ച രസീത് സഹിതം വേണമെന്നു മറ്റൊരു നിബന്ധന.കൃഷിയിടത്തിന്റെ ഫോട്ടോ വേണം. ഒട്ടേറെ ഫോട്ടോ കോപ്പികള്‍ വേണം. ഒന്നുമില്ലാതെ നട്ടം തിരിയുന്നവരോടാണ് ഈ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണവും കടലാസിലാണ്. കാര്‍ഷിക മേഖലയായ വിലങ്ങാട് മലഞ്ചരക്ക് വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്.
ഭക്ഷണബില്ലുവരെ പെന്‍ഡിങ്
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടിയന്തരപ്രവൃത്തികള്‍ക്കായി ചെലവഴിച്ച വകയില്‍ ലഭിക്കാനുള്ളത് ഒന്‍പതുലക്ഷത്തോളം രൂപയാണ്. മൂന്നുലക്ഷം രൂപ നേരത്തേ റവന്യു അധികാരികള്‍ കൈമാറിയിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിലങ്ങാട് മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ അടിയന്തരപ്രവൃത്തികളുടെ ബില്ലാണ് ഒരുമാസം പിന്നിട്ടിട്ടും ലഭിക്കാന്‍ ബാക്കിയുള്ളത്.
വാഹനങ്ങള്‍ ഓടിയ വകയിലും ഭക്ഷണംവാങ്ങിയതും പെട്രോള്‍, ഡീസല്‍, മണ്ണുമാന്തിയുപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ ബില്ലുമാണ് ഇനിയും പാസാകാനുള്ളത്. ബില്ലുകള്‍ റവന്യു അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധനകള്‍ക്കുശേഷം കളക്ടറില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ പണം ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തരസ്വഭാവത്തോടെ നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ വൈകുന്നതാണ് പ്രവൃത്തി ഏറ്റെടുത്തുചെയ്തവര്‍ക്ക് പ്രയാസംസൃഷ്ടിക്കുന്നത്. വാഹനം ഓടിയതുള്‍പ്പെടെയുള്ള ബില്ലുകളില്‍ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഉദ്യോഗസ്ഥരില്‍നിന്നും ഇത് വീണ്ടും പരിശോധിച്ച് ഇതിന്റെ വ്യക്തതവരുത്തിയിട്ടുണ്ട്. ബില്ലുകള്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരുന്നതായി തഹസിദാര്‍ ഡി. രഞ്ജിത്ത് പറഞ്ഞു.
അതിനിടെ, വിലങ്ങാട് മലയോരത്തുനിന്നും വന്‍തോതില്‍ മരങ്ങള്‍ കടത്തുന്നതായുള്ള പ്രചരണത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തംമൂലം കടുത്തപ്രയാസം നേരിടുന്ന നാട്ടുകാര്‍ക്കെതിരേ നടത്തുന്ന ഇത്തരം പ്രചരണത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ജനരോഷമാണുയര്‍ന്നിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തംമൂലം സ്വന്തം കൃഷിഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതുപോലും മരംകൊള്ളയാണെന്ന ചിലകേന്ദ്രങ്ങളുടെ വ്യാഖ്യാനമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ഷാഫി പറമ്പില്‍ എം പിയാണ് നാട്ടുകാരുടെ വിഷയത്തില്‍ കാര്യമായി ഇടപെടാറുള്ളത്. അദ്ദേഹം മൂന്‍കൈയെടുത്ത് 20 വീടുകള്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും വയനാട് പുനരധിവാസംപോലെ ഇവിടെയും ശക്തമായ നടപടികള്‍ വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.