- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുട്ടികള്‍ക്കൊപ്പം പന്തുതട്ടവേ കൂട്ടത്തിലൊരാളുടെ ദേഹത്ത് തൊട്ടത് കേസായി; അപമാനഭാരത്തില്‍ നീറി ഇംഗ്ലണ്ടിലെ മലയാളി സംരംഭകന്റെ ആത്മഹത്യയും; കോഴിക്കോട് ബസില്‍ വച്ച് ശരീരത്തില്‍ ഉരസിയെന്ന യുവതിയുടെ ആരോപണം കേട്ട് ആത്മഹത്യ ചെയ്ത ദീപക്കിന്റെ മരണവുമായി ഏറെ സാമ്യമുള്ളത് തന്നെ വിന്‍സെന്റിന്റെ മരണവും; തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പുരുഷന്മാര്‍ക്ക് നിയമം പോലും കൂടെയില്ലെന്ന സാഹചര്യത്തില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുമോ?
ആത്മഹത്യ ചെയ്ത ദീപക്കിന്റെ മരണവുമായി ഏറെ സാമ്യമുള്ളത് തന്നെ വിന്‍സെന്റിന്റെ മരണവും

ലണ്ടന്‍: ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന ദിവസമാണ് ഇംഗ്ലണ്ടിലെ റെഡ്ഡിംഗില്‍ ഒരു മലയാളി സംരംഭകന്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തത്, അതും അദ്ദേഹത്തിന്റെ അകന്ന ബന്ധുവും സുഹൃത്തും ഒക്കെയെന്ന് അവകാശപ്പെടുന്ന ചാനല്‍ നിരീക്ഷകന്‍ റെജി ലൂക്കോസ് തന്റെ യുട്യൂബ് ചാനല്‍ വഴി സത്യവും അസത്യവും നിറഞ്ഞ കാര്യങ്ങള്‍ ദീര്‍ഘമായ വീഡിയോ പോസ്റ്റ് ആക്കിയതോടെയാണ് വിന്‍സെന്റ് ഫിലിപ്പ് എന്ന യുകെ മലയാളിയുടെ മരണ വിവരം പുറത്തു വിടുന്നത്. വിന്‍സന്റ് ഫിലിപ്പ് ക്രിസ്മസ് എത്തുന്നതിനു മുന്‍പ് തന്നെ മരണം തിരഞ്ഞെടുത്ത വിവരം മറുനാടന്‍ മലയാളിക്ക് ലഭ്യമായിരുന്നെങ്കിലും ലണ്ടനിലെ തെംസ് വാലി പോലീസ് അദ്ദേഹത്തിനെതിരെ കേസ് എടുത്ത സാഹചര്യത്തിലും വിന്‍സെന്റിന്റെ ഭാര്യ ഏതാനും വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിതയായി മരിച്ചതിനാലും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അനാഥമാക്കപ്പെട്ട സാഹചര്യത്തിലുമാണ് മരണ വാര്‍ത്തയുടെ വാസ്തവം തിരിച്ചറിയപ്പെടും വരെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാതിരുന്നത്.
നിയമ സഹായം കിട്ടില്ലെന്ന് തോന്നിയതോടെ പതറി, സ്‌കൂള്‍ ഓര്‍മ്മകളില്‍ നടത്തിയ ഇടപെടല്‍ വിനയായി
പൊതു ജീവിതത്തില്‍ മാന്യത കാത്തു സൂക്ഷിക്കാന്‍ അറിയാമായിരുന്ന വിന്‍സെന്റിനു യുകെയില്‍ അധിക നാളത്തെ ജീവിതാനുഭവം ഇല്ലാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് വരെ എത്തിക്കുന്നതില്‍ കാരണമായത്. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തുള്ള പാര്‍ക്കില്‍ നടക്കാന്‍ പോകവേ ഒരു കുട്ടിയെ അകാരണമായി സ്പര്‍ശിച്ചു എന്നാണ് റെജി ലൂക്കോസ് അടക്കം ഉള്ളവര്‍ പ്രചരിപ്പിച്ചത്. പിന്നാലെയുണ്ടായ കേസ് ഇംഗ്ലീഷ് വംശജരുടെ ഇന്ത്യ വിരോധം വിന്‍സെന്റിനു മേല്‍ കെട്ടിവച്ചതാണെന്നാണ് റെജി ലൂക്കോസ് തന്റെ വീഡിയോയിലൂടെ വാദിച്ചത്.
എന്നാല്‍ വാസ്തവം അങ്ങനെ ആയിരുന്നില്ല. നടക്കാന്‍ ഇറങ്ങിയ വിന്‍സെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രായമുള്ള ആണ്‍കുട്ടികള്‍ പന്ത് കളിക്കുന്നിടത്ത് എത്തിയപ്പോള്‍ പുറത്തേക്ക് തെറിച്ച പന്ത് കുട്ടികള്‍ക്ക് എടുത്തു നല്‍കുക ആയിരുന്നു. സാധാരണ അധികമാരും ഗൗനിക്കാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന ഒരാള്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൗതുകമായി തോന്നിയ കുട്ടികള്‍ പന്ത് കളിക്കാന്‍ കൂടുന്നോ എന്ന് വിന്‍സെന്റിനോട് ചോദിച്ചതായാണ് പുറത്തു വരുന്ന വിവരം.
ഇതോടെ തന്റെ ഡെല്‍ഹി ജീവിതവും സ്‌കൂള്‍ മാനേജ്‌മെന്റ് കാലവും ഒക്കെ മനസില്‍ ഓടിയെത്തിയതിനാലാകാം വിന്‍സെന്റ് കുട്ടികള്‍ക്ക് ഒപ്പം പന്ത് തട്ടാന്‍ തയ്യാറായി. അല്‍പ സമയത്തിനകം ഒരു കുട്ടിയെ ഓടുന്നതിനിടെ ശരീരത്തില്‍ പിടിച്ചു ബോഡി പൊസിഷന്‍ കീപ്പ് ചെയ്തു വേണം പന്തിനു പിന്നാലെ ഓടാന്‍ എന്ന് പഠിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടു നിന്ന ഒരാള്‍ വീഡിയോ എടുത്തതാണ് അദ്ദേഹത്തിന് എതിരെ ലൈംഗിക കുറ്റമായി ആരോപിക്കപ്പെട്ടത്. സംഭവം പോലീസ് കേസാകുകയും വിന്‍സെന്റിന്റെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയും ചെയ്തതോടെ അസ്വസ്ഥനായ അദ്ദേഹം സഹായം തേടി ഇന്ത്യയില്‍ തനിക്ക് ആശ്രയിക്കാന്‍ പറ്റുന്നവരോടൊക്കെ സംഭവം വിശദീകരിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ എംബസി വഴി അദ്ദേഹത്തിന് നിയമ സഹായം എത്തിക്കാനുള്ള ശ്രമം തുടര്‍ന്ന് വരവെയാണ് സമ്മര്‍ദ്ദം സഹിക്കാനാകാതെ വിന്‍സെന്റ് സ്വയം ഇല്ലാതായത്.
കോടതിയില്‍ കേസ് എത്തുമ്പോള്‍ ബ്രിട്ടനിലെ ചിലവേറിയ കോടതി നടപടികളില്‍ താന്‍ നിസഹായനായി മാറും എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അദ്ദേഹം നിയമ സഹായം തേടി ഒട്ടേറെ നിയമ സ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള ചിലവ് കേട്ടതോടെ ആ പ്രതീക്ഷ പോലും വെറുതെയെന്ന തിരിച്ചറിവിലാണ് ഏവരും ആദരവോടെ കണ്ടിരുന്ന ഒരു ജീവിതം അവസാനിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും സാമൂഹ്യ രീതികളിലുള്ള വ്യത്യാസം തിരിച്ചറിയപ്പെടാനാകാതെ പോയ ആരോ ഒരാളുടെ അമിത ശ്രദ്ധയാണ് വിന്‍സന്റ് എന്ന മലയാളിയുടെ ജീവന്‍ ഹോമിക്കപ്പെടാന്‍ കാരണമായി മാറിയത്.
കോഴിക്കോട് ആയാലും ലണ്ടനായാലും നിരപരാധികളുടെ ജീവന്‍ ഹോമിക്കപ്പെടരുത്
സമാനമായ സാഹചര്യത്തില്‍ കോഴിക്കോട് ബസില്‍ വച്ച് സ്ത്രീയോട് ലൈംഗിക അക്രമം നടത്തി എന്ന ആരോപണം ഉയര്‍ന്ന ദീപക് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരിട്ട അപമാനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത സംഭവം ഇന്നലെ ലോകമൊട്ടാകെ മലയാളികളുടെ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സമാന അനുഭവത്തിലൂടെ കടന്നു പോയ യുകെ മലയാളി വിന്‍സെന്റിനു സംഭവിച്ചതും ലോകം അറിയേണ്ടതുണ്ട് എന്ന ചിന്ത പടരുന്നത്. ഒരു മാസം മുന്‍പ് അപമാനിതനായ വിന്‍സെന്റ് മരണം തിരഞ്ഞെടുത്തത് വളരെ വൈകിയാണ് യുകെ മലയാളികള്‍ അറിഞ്ഞത്.
ആത്മഹത്യകള്‍ അപൂര്‍വ്വമല്ലാതായിക്കൊണ്ടിരിക്കുന്ന യുകെ മലയാളികള്‍ക്കിടയില്‍ വിന്‍സെന്റിന്റെ മരണം അധികമാരും ശ്രദ്ധിച്ചതുമില്ല. കഴിഞ്ഞ ദിവസം ലിവര്‍പൂളില്‍ അദ്ദേഹത്തിന്റെ പൊതുദര്‍ശനവും പൂര്‍ത്തിയായി എന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ കോഴിക്കോട് സംഭവത്തിന്റെ വെളിച്ചത്തില്‍ വിന്‍സെന്റിനു സംഭവിച്ചത് പുറം ലോകം അറിയണമെന്നും അദ്ദേഹത്തിന്റെ മക്കള്‍ അപമാന ഭാരത്തില്‍ നാളെ തലകുനിച്ചു നില്‍ക്കേണ്ടി വരരരുത് എന്നും അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളാണ് മറുനാടന്‍ മലയാളിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ സോഷ്യല്‍ മീഡിയ എന്തിനും ഏതിനും ഉപയോഗിക്കുന്ന ഇക്കാലത്തു റെജി ലൂക്കോസിന്റെ വ്യാജ വെളിപ്പെടുത്തലോടെ യുകെ മലയാളികള്‍ക്കിടയില്‍ വിന്‍സെന്റിന്റെ മരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സാഹചര്യത്തിലാണ് മറുനാടന്‍ മലയാളിയും വാര്‍ത്ത നല്‍കിയത്. റെജി ലൂക്കോസ് പുറത്തു വിട്ട വിവരങ്ങള്‍ അവാസ്തവം നിറഞ്ഞതാണെന്ന് വിന്‍സെന്റിന്റെ ബന്ധുക്കള്‍ അടക്കം ഉള്ളവര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തത് പ്രത്യേകം പരാമര്‍ശിച്ചാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. മരണത്തിന്റെ തൊട്ട് മുന്‍പ് യുകെ സന്ദര്‍ശനം നടത്തിയ മന്ത്രി റോഷി അഗസ്റ്റിന്റെ പാര്‍ലിമെന്റ് സന്ദര്‍ശനം അടക്കം ഉള്ള പരിപാടികളില്‍ പങ്കെടുത്തിരുന്ന വിന്‍സന്റ് മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കം ഉള്ളവരുമായി സൗഹൃദം ഉണ്ടായിരുന്ന വ്യക്തിയാണ്. ഡല്‍ഹിയില്‍ ഒരു ഡസനോളം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍പില്‍ നിന്നിരുന്ന വിന്‍സെന്റ് വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെടുന്ന സംരംഭകന്‍ കൂടി ആയിരുന്നു.
യുകെയില്‍ ജയിലില്‍ കയറുന്നത് അനേകം മലയാളി പുരുഷന്മാര്‍, ഭാര്യമാരുടെ പരാതികള്‍ പോലും കാരണമാകുന്ന സാഹചര്യം
കോഴിക്കോട് ദീപക്കിന് അന്യ സ്ത്രീയുടെ ഇടപെടലാണ് മരണത്തിലേക്ക് വഴി വച്ചതെങ്കില്‍ രണ്ടു വര്‍ഷം മുന്‍പ് എക്സ്റ്ററില്‍ മലയാളി യുവാവ് ജീവനൊടുക്കിയത് ഭാര്യയ്ക്ക് കെയര്‍ ഹോമിലെ സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ട് എന്ന തര്‍ക്കത്തെ തുടര്‍ന്നാണ്. യുവാവിന്റെ മരണം ആത്മഹത്യ അല്ലെന്നു യുകെയിലെ സഹോദരിമാര്‍ വരെ പരാതിപ്പെട്ടെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും തങ്ങളെ കേള്‍ക്കാന്‍ ഉള്ള സൗമന്യസം ഉണ്ടായില്ല എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഈ മരണത്തില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞു കേരളത്തില്‍ പത്രസമ്മേളനം വരെ നടത്തുന്ന അനുഭവവും ഉണ്ടായത് ആരുടെ ഭാഗത്താണ് ശരിയെന്ന ചോദ്യമാണ് അവശേഷിപ്പിച്ചതെങ്കിലും ജീവന്‍ നഷ്ടമായത് ഭാര്യയെയും കുഞ്ഞുങ്ങളെയും അതിയായി സ്നേഹിച്ച ഒരു യുവാവിന്റേത് ആയിരുന്നു എന്ന വാസ്തവമാണ് ബാക്കിവയ്ക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വടക്കന്‍ ഇംഗ്ലണ്ടില്‍ ഒരു മലയാളി യുവാവ് ജയിലില്‍ കയറിയത് ഭാര്യ ബലാത്സംഗ പീഡനം ആരോപിച്ചതോടെയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തല്‍ വന്നിരുന്നു. യുകെയില്‍ തുടരാന്‍ ഇത്തരം പരാതികള്‍ സഹായിക്കും എന്ന സോളിസിറ്ററുടെ ഉപദേശമാണ് കേസില്‍ നിര്‍ണായകമായി മാറിയത് എന്ന ആരോപണം കൂടി പുതുവര്‍ഷ വാര്‍ത്തയായി യുകെ മലയാളികളെ തേടി എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ വീട്ടു വഴക്ക് ഉണ്ടായപ്പോള്‍ സഹായവും ഇടപെടലുമായി വന്ന അയല്‍വാസി ഭാര്യയെ സ്വന്തമാക്കിയ കേസില്‍ ഭര്‍ത്താവ് ഇപ്പോള്‍ ജയില്‍ വാസത്തിലും ശേഷം നാട് കടത്തല്‍ ഭീഷണിയിലുമാണ്.
ഇത്തരത്തില്‍ സ്ത്രീകള്‍ ഉയര്‍ത്തിയ പരാതികളില്‍ ആത്മഹത്യകളും ജയില്‍ വാസവും യുകെയിലെ മലയാളി പുരുഷന്മാര്‍ക്ക് ഇടയിലും അപൂര്‍വ്വമല്ല, പലതും സമൂഹത്തിലേക്ക് വാര്‍ത്തയായി പോലും എത്തുന്നില്ല എന്നതിനാലാണ്. യുകെയില്‍ പല കേസുകളിലും കോടതികളില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ടിംഗിനു മാധ്യമങ്ങള്‍ക്ക് വിലക്ക് മേടിച്ചെടുക്കുന്ന പ്രവണത യുകെ മലയാളികള്‍ക്കിടയില്‍ വളരുന്നതും ഇത്തരം സംഭവങ്ങള്‍ പുറത്തറിയാതെ പോകുന്നതില്‍ പ്രധാനമായി മാറുകയാണ്.


