കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും താരസംഘടനയായ 'അമ്മ'യ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ സമയത്ത് ഷൈന്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് വിന്‍സി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു. തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഷൈനില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നും വിന്‍സിയുടെ പരാതിയിലുണ്ട്.

കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം, നിലവില്‍ പൊലീസിന് പരാതി നല്‍കുന്നില്ല, സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്, അവര്‍ അന്വേഷിക്കട്ടെ എന്നാണ് വിന്‍സി പറയുന്നത്. നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്താതെയായിരുന്നു വിന്‍സിയുടെ പ്രതികരണം. നടന്റെ പേരും സിനിമയുടെ പേരും ഒരു കാരണവശാലും പുറത്ത് വരരുതെന്ന് പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും പരാതി ലീക്കായതാണെന്നും വിന്‍സി പറഞ്ഞു.

തനിക്കുണ്ടായ അനുഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് സിനിമാ സെറ്റില്‍ ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ മാറ്റിനിര്‍ത്തപ്പെടണമെന്നാണ് പരാതിയില്‍ ഉന്നയിച്ചതെന്ന് വിന്‍സി പറഞ്ഞു. 'നടനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. അയാളാണ് എന്നോട് മോശമായി പെരുമാറിയത്. അതിനെതിരെ ഒരു നടപടി എടുക്കുമ്പോള്‍ ഞാനില്ലാത്ത സിനിമാ സെറ്റിലടക്കം എല്ലാ സിനിമാ സെറ്റിലും ബാധകമാകുന്ന തരത്തിലുള്ള തീരുമാനത്തിലെത്തണം എന്നുള്ളതാണ് ആഗ്രഹം', വിന്‍സി പറഞ്ഞു.

സിനിമാ സെറ്റില്‍ വെച്ച് തന്നെ നടനോട് ലഹരി ഉപയോഗിക്കരുതെന്നും മാന്യമായി പെരുമാറണമെന്നും വായിലെ നാവ് സൂക്ഷിക്കണമെന്നും താനും സംവിധായകനും പറഞ്ഞിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തി. തനിക്ക് മാത്രമല്ല, നടനില്‍ നിന്ന് മറ്റുള്ളവര്‍ക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു.

'ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ നിലത്ത് പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള പെരുമാറ്റവും രീതിയുമായിരിക്കും. ഓരോ സ്ത്രീകളോടും മോശമായിട്ടുള്ള കമന്റുകളാണ് അദ്ദേഹം പറയുന്നത്. എന്റെ അറിവില്‍ എന്നോടും ഒരു നടിയോടും ഇങ്ങനെ പെരുമാറി. ആ കുട്ടി സിനിമയില്‍ പുതിയതാണ്. ഭയങ്കര ബുദ്ധിമുട്ട് കുട്ടി നേരിട്ടു. ബുദ്ധിമുട്ട് മനസില്‍ അടക്കി ആ കുട്ടി ഇരുന്നു. എന്തെങ്കിലും പരാതിപ്പെട്ടാല്‍ സിനിമയെ ബാധിക്കില്ലേയെന്ന ഭയം കുട്ടിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ തുറന്നു പറയാന്‍ ധൈര്യമുണ്ടെന്ന് പറയുന്നുണ്ട്. എന്റെ പരാതിയില്‍ ആ നടിയുടെ അനുഭവവും പരാമര്‍ശിച്ചിട്ടുണ്ട്', വിന്‍ സി പറഞ്ഞു.

ഒരാളില്‍ നിന്ന് മാത്രമാണ് ലഹരിയുമായി ബന്ധപ്പെട്ട അനുഭവമുണ്ടായിട്ടുള്ളതെന്നും വിന്‍ സി പറഞ്ഞു. സിനിമാ മേഖലയില്‍ നിന്ന് പിന്തുണയുണ്ടെന്നും വിന്‍ സി പറഞ്ഞു. ഫെഫ്കയില്‍ നിന്ന് ബി ഉണ്ണികൃഷ്ണന്‍, ഫിലിം ചേബറില്‍ നിന്ന് സജി നന്ത്യാട്ട്, പ്രൊഡ്യൂസര്‍ അസോസിയേഷന്‍, എ.എം.എം.എയില്‍ നിന്ന് ബാബുരാജ്, വിനു മോഹന്‍, ടിനി ടോം, അന്‍സിബ തുടങ്ങിയവരും സജിത മഠത്തില്‍, റാണി, സുരേഷ് കുമാര്‍ എന്നിവരും തന്നെ വിളിച്ചെന്നും വിന്‍ സി പറഞ്ഞു. ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിന്‍ സി പറഞ്ഞു. സിനിമകള്‍ ലഭിക്കുമോ ഇല്ലയോ എന്ന ഭയമില്ലെന്നും വിന്‍സി പറഞ്ഞു.

പുറത്തിറങ്ങാനിരിക്കുന്ന 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും 'അമ്മ' സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.