- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈഭവിയെ ഷാര്‍ജയില്‍ സംസ്കരിക്കുമെന്ന് നിതീഷിന്റെ സന്ദേശം; മുരളീധരനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച അഭിഭാഷകന്‍; മൃതദേഹം കിട്ടാനുള്ള അവകാശം ഭര്‍ത്താവിനും അച്ഛനും എന്ന് കോണ്‍സുലേറ്റില്‍ നിന്നും മറുപടി; പീഡനവും ഡിവോഴ്സ് നോട്ടീസും അടക്കം പറഞ്ഞ് മുന്‍ വിദേശ കാര്യമന്ത്രിയുടെ പ്രതിരോധം; ഒടുവില്‍ ആംബുലന്‍സ് തടഞ്ഞു; വിപഞ്ചികയുടെ സംസ്‌കാരം നാട്ടില്‍ തന്നെ; ഷാര്‍ജയിലും ദുബായിലും സംഭവിച്ചത്
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. വൈഭവിയുടെ സംസ്‌കാര ചടങ്ങിനു ശേഷം വിപഞ്ചികയുടെ മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് വിപഞ്ചികയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നത്. ഇതിന് വിപഞ്ചികയുടെ ഭര്‍ത്താവ് തടസ്സം നിന്നു. ഒടുവില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് സൂചന.
അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യുഎഇ അധികൃതരില്‍നിന്നു വിവരമൊന്നുമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയെയുംകൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമല്ലേയെന്നും കോടതി ചോദിച്ചു. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതുകൊണ്ട് എന്താണു കുഴപ്പമെന്ന് ചോദിച്ച കോടതി മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും ആരാഞ്ഞു. അതിനാല്‍ ഭര്‍ത്താവിനെക്കൂടി കക്ഷി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. ഭര്‍ത്താവ് കുറ്റകൃത്യം ചെയ്തെങ്കിലും കുഞ്ഞിന്റെ മൃതദേഹത്തില്‍ അവകാശമില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. ഇത് കൂടി കണക്കിലെടുത്താണ് കുഞ്ഞിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാത്തത് എന്നാണഅ സൂചന. മതപരമായ ചടങ്ങുകള്‍ നടത്താനും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ക്ക് ഇത് ആവശ്യമാണെന്നുമായിരുന്നു കുടുംബത്തിന്റെ മറുപടി.
ഭര്‍ത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാത്തതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന് ആത്മഹത്യാ കുറിപ്പ് അടക്കം നിരവധി തെളിവുകളുണ്ട്. വിപഞ്ചികയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് ഡിലീറ്റ് ചെയ്തതും സംശയത്തിലാണ്. കുണ്ടറ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിപഞ്ചികയുടെ മതദേഹം നാട്ടിലേക്ക് കൊണ്ടു വന്നാലും ഭര്‍ത്താവ് നിതീഷ് വരാനുള്ള സാധ്യത കുറവാണ്. നിതീഷും അച്ഛനും സഹോദരിയുമാണ് കുണ്ടറയിലെ കേസില്‍ പ്രതികള്‍. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചിരുന്നു. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിലാണ് കോണ്‍സുലേറ്റ് ഇടപെട്ടതെന്ന് വിപഞ്ചികയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് വൈഭവിയുടെ സംസ്‌ക്കാരം ഷാര്‍ജയില്‍ നടത്താനുള്ള നിതീഷിന്റെ നീക്കം തടയാനായത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍ നടത്തുകയാണെന്നും വിപഞ്ചികയുടെ കുടുംബാംഗങ്ങള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും കാണിച്ച് നിതീഷ് വിപഞ്ചികയുടെ ബന്ധുവിന് സന്ദേശമയച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങുകയാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.
ഇതോടെ വിപഞ്ചിയുടെ അഭിഭാഷകന്‍ അഡ്വ. മനോജ് കുമാര്‍ മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനോട് സഹായം തേടി. അദ്ദേഹം ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടു. ഭര്‍ത്താവും അച്ഛനും എന്ന നിലയില്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിധീഷിനാണ് നിയമപരമായ അവകാശം എന്നത് കോണ്‍സുലേറ്റ് മുരളീധരനെ അറിയിച്ചു. എന്നാല്‍, വിപഞ്ചിക വിവാഹമോചന നീക്കടമടക്കം നടത്തിയിരുന്നുവെന്ന് മുരളീധരന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇക്കാര്യം ദുബായ് പോലീസ് അധികൃതരെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തുമ്പോഴേക്കും കുഞ്ഞിന്റെ മൃതദഹേവുമായി ആംബുലന്‍സ് പുറപ്പെട്ടിരുന്നു.
പിന്നാലെ പോയ പോലീസ് വാഹനം ആംബുലന്‍സ് തടഞ്ഞ് മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ അയച്ചു. നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തണമെന്ന വിപഞ്ചികയുടെ കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വി. മുരളീധരന്‍ പ്രതികരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരികെ കേരളത്തില്‍ എത്തിക്കാനായി വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കാനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തില്‍ ഇടപെട്ടു. സുരേഷ് ഗോപിയും കോണ്‍സുലേറ്റില്‍ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിപഞ്ചികയുടെ മൃതദേഹമെങ്കിലും നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നത്.