കൊല്ലം: ഷാര്‍ജയില്‍ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണമെന്ന് അമ്മ ഷൈലജ. മകളെ കൊടിയ പീഡനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ട മകളുടെ ഭര്‍ത്താവിനെയും സഹോദരിയെയും ഭര്‍ത്തൃപിതാവിനെയും നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് മരിച്ച വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു.

യുഎഇയിലെ ഇന്ത്യന്‍ കോണ്‍സലേറ്റ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുഖ്യമന്ത്രി, പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഷൈലജ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി. കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിധീഷിന്റെ ഭാര്യ വിപഞ്ചികയെയും മകള്‍ വൈഭവിയെയുമാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഷാര്‍ജ അല്‍നഹ്ദയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

സാമൂഹിക മാധ്യമത്തില്‍ എഴുതിയത് വായിച്ചപ്പോഴാണ് മകള്‍ അനുഭവിച്ച പീഡനത്തെപ്പറ്റി അറിയുന്നതെന്ന് അമ്മ ഷൈലജ പറയുന്നു. ഫേസ്ബുക്കില്‍ വിപഞ്ചിക എഴുതിയിരുന്നതെല്ലാം മുറി ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ നിധീഷ് ഫോണ്‍ കൈക്കലാക്കി മായ്ച്ചുകളഞ്ഞതായി സംശയിക്കുന്നു. മായ്ക്കുന്നതിനുമുന്‍പ് ബന്ധുക്കള്‍ പേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തെളിവായി മാറുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിലേക്ക് എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മകളെയും കുഞ്ഞിനെയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

കുടുംബം നേരത്തെ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.

തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവണം എന്ന് വ്യക്തമാക്കിയിട്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇത്രയും ദുഃഖമനുഭവിച്ചിട്ടും അമ്മയെയോ ബന്ധുക്കളെയോ വിപഞ്ചിക വിഷമം അറിയിച്ചിരുന്നില്ല. വിപഞ്ചികയ്ക്ക് ഭര്‍ത്താവിനോട് വലിയ സ്നേഹമായിരുന്നു. നിധീഷ് തെറ്റ് മനസ്സിലാക്കി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു. മകള്‍ക്ക് അച്ഛനും അമ്മയും വേണമെന്ന് ബന്ധുക്കളോട് പറയുമായിരുന്നു. വിവാഹമോചനത്തിന് നോട്ടീസ് ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും കുണ്ടറയിലെ വീട്ടിലിരുന്ന് ഷൈലജ പറഞ്ഞു.

കുഞ്ഞിനോടും കടുത്ത അവഗണനയാണ് നിധീഷ് കാട്ടിയത്. കുഞ്ഞിന്റെ ചോറൂണിന് നാട്ടിലെത്തിയപ്പോഴും ഒപ്പമുണ്ടായില്ല. സഹോദരിയുടെ കുഞ്ഞിനെ ലാളിക്കുമ്പോള്‍ തന്റെ കുഞ്ഞിനെ നോക്കിയിട്ടുപോലുമില്ല. വിവാഹം കഴിച്ചത് പണം മോഹിച്ചായിരുന്നെന്ന് വിപഞ്ചിക എപ്പോഴും പറയുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

.'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല. ഞാന്‍ വേദനിക്കുമെന്ന് കരുതി അവള്‍ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനൊറ്റയ്ക്കാണ് അവളെ വളര്‍ത്തിയത്. ആ അവസ്ഥ തന്റെ കുഞ്ഞിന് വരരുതെന്ന് വിപഞ്ചിക ആഗ്രഹിച്ചിരുന്നു. അവള്‍ നാട്ടില്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ അറിയുമെന്ന് അവന്‍ ഭയന്നിട്ടുണ്ടാകും. അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കിയതാണ്'- വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.

തന്റെ കൊലയാളികളെ വെറുതെവിടരുതെന്ന് വിപഞ്ചിക സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭര്‍ത്താവ് നിതീഷ് മോഹനില്‍ നിന്ന് നേരിട്ട അതിക്രൂര പീഡനങ്ങള്‍ക്ക് പുറമേ ഭര്‍ത്തൃപിതാവ് മോഹനന്‍ വലിയവീട്ടില്‍, ഭര്‍ത്തൃസഹോദരി നീതു എന്നിവര്‍ക്കെതിരെയും ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങള്‍. വൈഭവിയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാല്‍ വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടില്ല.