കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി വിപഞ്ചികയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കു പറയാനുള്ളത് യുവതിയും കുഞ്ഞും നേരിട്ട കൊടിയ പീഡനത്തിന്റെ കഥകള്‍. കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ എല്ലാവരും അറിയുന്നത്.

വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാള്‍ ജീവിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന് നോട്ടിസ് അയച്ചതോടെയാണ് വിപഞ്ചിക ഈ കടുംകൈ ചെയ്തത്.

'എല്ലാ സമ്മര്‍ദ്ദങ്ങളും അനുഭവിച്ചത് ഞാനാണ്. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടില്‍ കിടക്കുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നോക്കില്ല. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാല്‍ മതി. ഒരു വര്‍ഷത്തിനിടയ്ക്ക് അയാള്‍ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയില്‍ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍. അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാല്‍ അയാള്‍ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായില്‍ നിന്ന് പുറത്തുവരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാന്‍ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.' മനസു നുറുങ്ങി മരിക്കാനിറങ്ങിത്തിരിക്കും മുന്‍പ് വിപഞ്ചിക ഉറ്റവരോടായി പറഞ്ഞ വാക്കുകള്‍ വാക്കുകള്‍.

'പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാന്‍ വാങ്ങിയതും വലിയ പ്രശ്‌നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവര്‍ക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവര്‍ക്കുമറിയാം' വിപഞ്ചിക പറയുന്നു.

അതേ സമയം ഭര്‍ത്താവ് നിധീഷ് മാത്രമല്ല, അയാളുടെ സഹോദരിയും പിതാവും വിപഞ്ചികയെ ദ്രോഹിച്ചുവെന്നും അമ്മ ഷൈലജ പറഞ്ഞു. നിധീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അത് ക്ഷമിക്കാന്‍ മകള്‍ തയ്യാറായിരുന്നതായും അമ്മ വെളിപ്പെടുത്തി. ഭര്‍തൃസഹോദരി കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ട് വീട്ടിലെ ജോലികളെല്ലാം മകളെ കൊണ്ട് ചെയ്യിച്ചുവെന്നും അമ്മ ആരോപിച്ചു. മകള്‍ സന്തോഷമായി ജീവിക്കുന്നത് ഭര്‍തൃസഹോദരിക്ക് ഇഷ്ടമല്ലായിരുന്നെന്നും മകളെ വിരൂപയാക്കിയതിന് പിന്നില്‍ ഭര്‍തൃസഹോദരി ആണെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ അവിഹിതബന്ധം വിപഞ്ചിക കണ്ടുപിടിച്ചിരുന്നെന്നും എന്നാല്‍ അത് ക്ഷമിക്കാന്‍ മകള്‍ തയ്യാറായിരുന്നെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പെട്ടെന്നൊരു ദിവസമാണ് മകളെ വേണ്ടെന്ന നിധീഷ് പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഫോണില്‍ മകള്‍ നടത്തിയ പരിശോധനയിലാണ് നിധീഷിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. അത് സഹിക്കാന്‍ തയ്യാറായെന്നും ഭര്‍ത്താവും മകളുമാണ് തന്റെ ലോകമെന്നും വിപഞ്ചിക നിധീഷിനോട് പറഞ്ഞിരുന്നു. ശമ്പളം സ്വരുകൂട്ടിവെച്ച് സ്വന്തമായൊരു വീട് വാങ്ങി ഭര്‍ത്താവിനും മകള്‍ക്കൊപ്പം സന്തോഷമായി ജീവിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.

ഭര്‍തൃപിതാവ് മദ്യപാനി ആയിരുന്നെന്നും അവര്‍ പറഞ്ഞു. ഭര്‍തൃപിതാവ് ഒരിക്കല്‍ മോശമായി പെരുമാറിയിരുന്നു. മകള്‍ വൈഭവിയെയും നിധീഷ് നോക്കാന്‍ തയ്യാറിയിരുന്നില്ല. ഒരു പീഡനവും തന്നോട് മകള്‍ തുറന്നുപറഞ്ഞിരുന്നില്ല. പീഡനം അറിഞ്ഞിരുന്നെങ്കില്‍ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേനെ. മകളുടെയും ചെറുമകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.

വിപഞ്ചികയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പോലീസ് കേസെടുത്തു. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയ്ക്ക് എതിരായ പീഡനം തുടങ്ങുന്നത് കേരളത്തില്‍വെച്ചാണെന്നതിനാല്‍ പോലീസിന് ഇവിടെ കേസെടുക്കാന്‍ കഴിയും. ഭര്‍ത്താവ് നിധീഷ് ഒന്നാംപ്രതിയും സഹോദരി നീതു രണ്ടാംപ്രതിയുമാകും. വിപഞ്ചികയുടെ അമ്മയായ ഷൈലജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.