ലണ്ടന്‍: തന്റെ വിവാഹ ചടങ്ങില്‍ അമ്മ, വിക്ടോറിയ ബെക്കാം തികച്ചും അനുചിതമായ രീതിയിലായിരുന്നു നൃത്തച്ചുവടുകള്‍ വെച്ചതെന്നതുള്‍പ്പടെയുള്ള ആരോപണങ്ങളടങ്ങുന്ന ആറ് പേജോളം വരുന്ന ആരോപണങ്ങളുമായി മൂത്തമകന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാം സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആകുന്നുള്ളു.

ഇപ്പോഴിതാ, അതേ സമൂഹമാധ്യമങ്ങളില്‍ നടന്ന തികച്ചും അസാധാരണമായ ഒരു പ്രചാരണം വിക്ടോറിയ ബെക്കാമിന്റെ ഒരു ഗാനത്തെ ഇപ്പോള്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഒന്നാമതെത്തിച്ചിരിക്കുകയാണ്. 1990 കളില്‍ ഏറെ ആരാധകരെ ഉണ്ടാക്കിയ 'പോഷ് സ്‌പൈസി'ന്റെ ചുവടുകള്‍ക്കൊപ്പമുള്ള 'നോട്ട് സച്ച് ആന്‍ ഇന്നസന്റ് ഗേള്‍' എന്ന 2001 ല്‍ പുറത്തിറങ്ങിയ സോളോ ഗാനമാണ് ഇപ്പോല്‍ യു കെയിലെയും അയര്‍ലന്‍ഡിലെയും ഐ ട്യൂണ്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

1990 കളില്‍ ഏറെ പ്രശസ്തമായ 'സ്‌പൈസ് ഗേള്‍സ്' എന്ന ഗായക സംഘത്തിലെ ഗായികയായിരുന്നു വിക്ടോറിയ. പിന്നീട് സംഘം വേര്‍പിരിഞ്ഞതോടെ 2001 ല്‍ അവര്‍ തന്റെ ആദ്യ സോളോ പുറത്തിറക്കി. ക്രമേണം സംഗീത രംഗത്തു നിന്നും വിടപിരിഞ്ഞ അവര്‍ ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി. ഇന്ന് ഒരു ഗായിക എന്നതിലുപരി ഒരു ഫാഷന്‍ ഡിസൈനര്‍, ബിസിനസ്സ് വനിത എന്ന നിലയില്‍ അറിയപ്പെടുന്ന വിക്ടോറിയയുടെ സോളോ ഗാനങ്ങള്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നില്ല.

'ദേശീയദുരന്തം പരിഹരിക്കണം, ഒരു നമ്പര്‍ വണ്‍ സോളോ ഇല്ലാത്ത ഒരേയൊരു സ്‌പൈസ് ഗേള്‍ വിക്ടോറിയ ആണ്' എന്ന ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമായിരുന്നു നടന്നിരുന്നത്. അത് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. അതിവിടെ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും മകന്‍ ബ്രൂക്ലിന്‍ ബെക്കാമും തമ്മിലുള്ള കുടുംബകലഹത്തില്‍ പ്രതികരിച്ചു ഡേവിഡ് ബെക്കാം രംഗത്തുവന്നിരുന്നു.

മാതാപിതാക്കള്‍ക്കെതിരെ ബ്രൂക്ലിന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ, 'കുട്ടികള്‍ക്ക് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്' എന്ന പ്രതികരണവുമായി ഡേവിഡ് ബെക്കാം രംഗത്തെത്തി. മാതാപിതാക്കളായ ഡേവിഡ് ബെക്കാമും വിക്ടോറിയയും തന്നെയും ഭാര്യ നിക്കോള പെല്‍റ്റ്സിനെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആറ് പേജുള്ള ഒരു കുറിപ്പാണ് ബ്രൂക്ലിന്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ബ്രൂക്ലിന്‍ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ ഡേവിഡ് ബെക്കാം തയ്യാറായില്ല. എന്നാല്‍, ഇചആഇയുടെ സ്‌ക്വാക്ക് ബോക്സ് എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം മകനെ ഉദ്ദേശിച്ചുള്ള ചില കാര്യങ്ങള്‍ പങ്കുവെച്ചു. 'കുട്ടികള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. തെറ്റുകള്‍ വരുത്താന്‍ അവരെ അനുവദിക്കണം, എങ്കില്‍ മാത്രമേ അവര്‍ക്ക് പഠിക്കാന്‍ സാധിക്കൂ'- ബെക്കാം പറഞ്ഞു. താന്‍ തന്റെ കുട്ടികളെ വളര്‍ത്തിയതും ഇതേ പാഠങ്ങള്‍ പഠിപ്പിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുണിസെഫ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ലോകത്തിലെ കുട്ടികള്‍ക്കായി താന്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും തന്റെ മക്കളെയും അതേ രീതിയില്‍ ബോധവാന്മാരാക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കള്‍ കാലങ്ങളായി മാധ്യമങ്ങളെ ഉപയോഗിച്ച് കുടുംബത്തെക്കുറിച്ച് വ്യാജമായ കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ വെറും പ്രകടനപരത മാത്രമാണെന്നും ബ്രൂക്ലിന്‍ ആരോപിച്ചു. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി നിരപരാധികളെപ്പോലും ബലിയാടാക്കി മാധ്യമങ്ങളില്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കില്ലെന്നും സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ വിവാഹത്തിന് മുന്‍പ് മുതല്‍ക്കേ തന്റെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ബ്രൂക്ലിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, മകന്‍ തെറ്റായ വഴിയിലാണെന്ന സൂചന നല്‍കിക്കൊണ്ടുള്ള പ്രതികരണമാണ് ഡേവിഡ് ബെക്കാമിന്റേത് എന്ന് സിഎന്‍ബിസി അഭിമുഖം വ്യക്തമാക്കുന്നു.