ഇടുക്കി: പുതുവർഷം പിറന്ന് ഒരുമാസം പിന്നിടുമ്പോൾ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധി ഭീഷണി രൂക്ഷമാവുകയാണ്. വൈറൽ പനി ഉൾപ്പെടെ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, മലേറിയ, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ 5983 പേരാണ് വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേരുമ്പോൾ രോഗബാധിതരുടെ എണ്ണം ഇതിലും ഉയരാൻ സാധ്യതയുണ്ട്. തണുപ്പും ചൂടും മാറിമാറി വരുന്ന കാലാവസ്ഥയാണ് പനി ബാധിതരുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ജില്ലയിൽ 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതിൽ 7 പേരും പെരുവന്താനം പഞ്ചായത്തിലുള്ളവരാണ്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാർവട്ടയാർ, തട്ടക്കുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി 10 പേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തു.

ദേവികുളം, വാത്തിക്കുടി മേഖലകളിലായി 24 പേർക്ക് മലേറിയ പിടിപെട്ടു. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടികളിൽ മുണ്ടിനീരും പടരുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ 7 പേർ കുഷ്ഠരോഗത്തിനും കഴിഞ്ഞ വർഷം 415 പേർ ക്ഷയരോഗത്തിനും ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നുപേർ മലയാളികളും ബാക്കിയുള്ളവർ അതിഥി തൊഴിലാളികളുമാണ്.

2023-ലാണ് ജില്ലയിലെ അതിഥി തൊഴിലാളികളിൽ കുഷ്ഠരോഗം ആദ്യമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 415 പേർക്ക് ക്ഷയരോഗവും റിപ്പോർട്ട് ചെയ്തിരുന്നു. പകൽ കടുത്ത ചൂടും രാത്രിയിൽ തണുപ്പും അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ പ്രധാന കാരണം. ചൂട് കൂടുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ആശുപത്രിയിലെത്തി ഡോക്ടർമാരുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

ജില്ലയില്‍ ചിക്കന്‍ പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന ലക്ഷണങ്ങള്‍: പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവർക്കാണ് രോഗം ഗുരുതരമാകാനിടയുള്ളവർ.