ഓടുന്ന ട്രെയിനിൽ നിന്ന് ജീവനക്കാരൻ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 'ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്രാ' എന്ന എക്സ് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. വാതിലുള്ള സീറ്റിലിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങളിൽ, ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് വിഭാഗത്തിലെ ജീവനക്കാരൻ ട്രെയിനകത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിയുന്നതായാണ് കാണുന്നത്.

ഒരു പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് മാലിന്യം ശേഖരിച്ച്, ഒരു നിസ്സംഗ ഭാവത്തോടെ ട്രാക്കിലേക്ക് വലിച്ചെറിയുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ റെയിൽവേയുടെ ശുചിത്വ പരിപാലനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ഈ വിഷയത്തിൽ റെയിൽവേക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ, ഇതിന്റെ മറുവശവും ചിലർ ചൂണ്ടിക്കാണിക്കുന്നു.

ഒബിഎച്ച്എസ് ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരാണെന്നും, ഒമ്പത് മണിക്കൂറിലേറെയുള്ള ഷിഫ്റ്റുകളിൽ പ്രതിമാസം ഏകദേശം 15,000 രൂപ മാത്രമാണ് വരുമാനമെന്നും ഒരു കാഴ്ചക്കാരൻ അഭിപ്രായപ്പെട്ടു. തൊഴിൽ നിയമങ്ങൾ ലംഘിച്ച് കൂടുതൽ സമയം ജോലി ചെയ്തിട്ടും, ശുചിത്വമില്ലായ്മയുടെ പേരിൽ വിമർശനം നേരിടുന്ന ജീവനക്കാരുടെ ദുരവസ്ഥയും ഇതിലൂടെ പുറത്തുവരുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, 'നമ്മുടെ പൗരബോധം ഇപ്പോഴും 1925-ലാണ്' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.