തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വായ്പ തട്ടിപ്പിനിരയാക്കിയതോടെ യുവതിയും മാനസിക രോഗിയായ അമ്മയും വീടും വസ്തുവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍. വര്‍ക്കല വടശേരിക്കോണം സംഗീതാ ഭവനില്‍ ശ്രീക്കുട്ടിയും കുടുംബവുമാണ് കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലുള്ളത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീക്കുട്ടി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ ഇപ്പോഴുള്ള ജോലി പോലും നഷ്ടമാകുന്ന അവസ്ഥയിലാണുള്ളതെന്നും ശ്രീക്കുട്ടി പറയുന്നു.

വര്‍ക്കല സ്വദേശികളായ സജീവ് ഗോപാലന്‍, ഭാര്യ ദീപ, മകള്‍ രാധു, സുഹൃത്ത് ബൈഷി എന്നിവര്‍ക്കെതിരെയാണ് ശ്രീക്കുട്ടി പരാതി നല്‍കിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബൈഷി വഴിയാണ് സജീവ് ഗോപാലനെ ശ്രീക്കുട്ടി പരിചയപ്പെടുന്നത്. എംബിഎ യോഗ്യതയുള്ള ശ്രീക്കുട്ടി വിദേശത്ത് ജോലിക്ക് ശ്രമിക്കുകയായിരുന്നു. സജീവ് ഗോപാലന്റെ മകള്‍ യുകെയിലാണെന്നും അവിടേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. വിസയ്ക്കായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് വീടും വസ്തുവും ഈടുവച്ച് വായ്പ എടുത്ത് നല്‍കാന്‍ ശ്രീക്കുട്ടി ശ്രമിച്ചു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവായിരുന്നതിനാല്‍ ശ്രീക്കുട്ടിയുടെ പേരില്‍ വായ്പ്പ എടുക്കാന്‍ സാധിച്ചില്ല. ഇതോടെ സജീവ് തന്റെ പേരില്‍ വായ്പ എടുക്കാമെന്ന് പറയുകയായിരുന്നു.

2023 ജൂലൈ 15നകം വിസ തരപ്പെടുത്തി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. പറഞ്ഞ കാലാവധിക്കുള്ളില്‍ ശ്രീക്കുട്ടിക്ക് വിദേശത്ത് ജോലി ലഭിച്ചില്ലെങ്കില്‍ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാമെന്നും പ്രമാണം ബാങ്കില്‍ നിന്നെടുത്ത് കൊടുക്കാമെന്ന് സജീവ് ഗോപാലന്‍ 500 രൂപ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിട്ട് നല്‍കിയിരുന്നു. സജീവ് ഗോപാലന്റെ ഭാര്യ ദീപ, സുഹൃത്തായ ബൈഷി എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. 2023 മാര്‍ച്ച് 1നാണ് ബാങ്കില്‍ നിന്നും വായ്പ്പ എടുക്കുന്നത്. പിന്നീട് മകള്‍ക്ക് നാട്ടിലേക്ക് വരാനായുള്ള ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കണമെന്നും 5 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നും സജീവ് ഗോപാലന്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി ടിക്കറ്റ് ബുക്ക് ചെയ്ത നല്‍കി. ഇതോടെയാണ് സജീവും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശ്രീക്കുട്ടിക്ക് സംശയം തോന്നുന്നത്.

കൂടാതെ ബാങ്കില്‍ നിന്നും വായ്പ്പ ലഭിച്ച ശേഷം വിസയുടെ ആവശ്യവുമായി ബന്ധപ്പെടുമ്പോള്‍ പ്രതികള്‍ ഫോണ്‍ പോലും എടുക്കാതെയായി. പറഞ്ഞ കാലാവധിക്കുള്ളില്‍ ശ്രീക്കുട്ടിക്ക് പ്രതികള്‍ വിസയും നല്‍കിയില്ല. ഇതോടെ പ്രമാണം തിരിച്ചെടുത്ത് നല്‍കണമെന്ന് ശ്രീക്കുട്ടി ആവശ്യപ്പെട്ടു. 2023 മെയ് 25ന് വീടിന്റെ പ്രമാണം തിരിച്ചെടുത്ത് നല്‍കാമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ലണ്ടനിലുള്ള ഭാര്യ ദീപ വന്നാല്‍ മാത്രമേ പ്രമാണം തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളു എന്നാണ് സജീവ് ഗോപാലന്‍ പറഞ്ഞത്.

തുടര്‍ന്ന് പരാതിക്കാരി ബാങ്കില്‍ പോയി വിവരങ്ങള്‍ അന്വേഷിക്കുമ്പോഴാണ് സജീവ് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച കാര്യം ശ്രീക്കുട്ടി മനസ്സിലാക്കുന്നത്. വര്‍ക്കല സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ ആദ്യം തയ്യാറായില്ല എന്നാണ് ശ്രീക്കുട്ടി പറയുന്നത്. പിന്നീട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കി. മുഖ്യമന്ത്രി നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പരാതിക്കാരി വര്‍ക്കല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കേസില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വര്‍ക്കല പോലീസിന് മനുഷ്യാവകാശ കമ്മീഷനും നിര്‍ദ്ദേശം നല്‍കി. അതിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 15,000 രൂപ വെച്ച് 10 വര്‍ഷത്തേക്കായിരുന്നു വായ്പ്പ തിരിച്ചടക്കേണ്ടിയിരുന്നത്. 10 ലക്ഷം രൂപ വായ്പ്പ തുകയില്‍ നിന്നും 9 ലക്ഷം രൂപ 2023 മാര്‍ച്ച് 2ന് തന്നെ സജീവ് ഗോപാലന്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഈ തുക തന്റെ സമ്മതമില്ലാതെയാണ് സജീവ് പിന്‍വലിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന ഒരു ലക്ഷം രൂപയില്‍ നിന്നും അടുത്ത മാസത്തേക്കുള്ള തിരിച്ചടവ് ബാങ്ക് പിടിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തേക്കുള്ള തുക ബൈഷിയാണ് അടച്ചത്.

വായ്പ്പയില്‍ നിന്നും ബൈഷിയും വലിയൊരു തുക കൈപ്പറ്റിയതായാണ് പരാതിക്കാരിയുടെ ആരോപണം. ഇത് കഴിഞ്ഞും തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്നും നോട്ടീസെത്തി. 7 മാസത്തെ കുടിശ്ശികയാണ് മുടങ്ങിയത്. എന്നാല്‍ പ്രതികളെ വിളിച്ചിട്ട് ഒരു മറുപടിയും ലഭിക്കാതായതോടെയാണ് താന്‍ സ്വര്‍ണം പണയപ്പെടുത്തി ബാങ്ക് നടപടികള്‍ താല്‍ക്കാലികമായി ഒഴിവാക്കിയെന്നും ശ്രീക്കുട്ടി പറയുന്നു. പിന്നീട് കുടിശിക തിരിച്ചടയ്ക്കാന്‍ പരാതിക്കാരിക്കും കഴിഞ്ഞില്ല. 2024 ഏപ്രില്‍ മുതലുള്ള കുടിശ്ശികയാണ് നിലവിലുള്ളത്. വായ്പ്പ തുടര്‍ച്ചയായി കുടിശ്ശികയായതോടെ ബാങ്ക് തുടര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

വായ്പ കുടിശ്ശികയാകിയവരുടെ വിവരങ്ങള്‍ പത്രത്തില്‍ ബാങ്ക് പരസ്യം നല്‍കിയതോടെയാണ് തന്റെ വിടും പറമ്പും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശ്രീക്കുട്ടി മനസ്സിലാക്കുന്നത്. 10 ലക്ഷം രൂപയാണ് വായ്പ്പയെടുത്തത്. ഇതില്‍ 1,65,000 രൂപ മാത്രമാണ് തിരിച്ചടച്ചത്. 2024 ഏപ്രില്‍ മുതലുള്ള തിരിച്ചടവ് ബാക്കിയുണ്ട്. 13 ലക്ഷത്തില്‍പരം രൂപ കുടിശ്ശികയായി ഉണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സജീവ് ഗോപാലനും ഭാര്യ ദീപയും പ്രതികളാണെന്നാണ് സൂചന. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സജീവിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലും വര്‍ക്കല പോലീസ് കേസെടുത്തിരുന്നു. സജീവ് ഗോപാലന്‍, ഭാര്യ ദീപ, ശ്രീജ, രാധു സജീവ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം ശ്രീക്കുട്ടി ചിട്ടി തട്ടിപ്പുകാരിയാണെന്നാണ് സജീവ് ഗോപാലനും ഭാര്യ ദീപയും തിരിച്ചും ആരോപിക്കുന്നു. 2023 ല്‍ ശ്രീക്കുട്ടി തുടങ്ങിയ 5 ലക്ഷത്തിന്റെ ചിട്ടിയില്‍ ചേര്‍ന്നെന്നും, ചിട്ടി തുക അഞ്ച് ലക്ഷം അടിച്ചിട്ടും തുക തങ്ങള്‍ക്ക് കിട്ടിയില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു. ഈ തുക നല്‍കുവാനും ശ്രീക്കുട്ടിക്ക് പണത്തിന്റെ ആവശ്യമുണ്ട് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വസ്തു ബാങ്കില്‍ പണയം വച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ലോണ്‍ ലഭിച്ചിട്ടും ചിട്ടി തുക നല്‍കിയില്ലെന്നും, ശ്രീക്കുട്ടി തങ്ങളെ കള്ളക്കേസില്‍ കൊടുക്കുകയാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു.

അതേസമയം കേരളകൗമുദി മുന്‍ജീവനക്കാരനായിരുന്ന സജീവ് ഗോപാലനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പരസ്യം നല്‍കിയിട്ടും പണം നല്‍കിയില്ല എന്ന കാരണത്തിന്റെ അടിസ്ഥാനത്തിലാണ് കേരളകൗമുദി ആ തീരുമാനമെടുത്തത് എന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്.

അതേസമയം കൂടാതെ ശ്രീക്കുട്ടിയുടെ വാര്‍ഡ് കൗണ്‍സിലറെ വിളിച്ചപ്പോള്‍ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ: ശ്രീക്കുട്ടി തട്ടിപ്പുകാരിയല്ലെന്നും, അധ്വാനിച്ച് കുടുംബം പോറ്റുന്ന യുവതി ആണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷം ശ്രീക്കുട്ടിയുടെ അമ്മയുടെ സമനില തെറ്റുകയായിരുന്നു. നിലവില്‍ തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്നുണ്ടെന്നും, അതിനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാറുണ്ടെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. കൂടാതെ ശ്രീക്കുട്ടിയുടെ വീട് ജപ്തി ചെയ്യുന്ന ബാങ്കിന്റെ നടപടിയില്‍ പരിഹാരം കാണാന്‍ അവര്‍ക്ക് സഹായം വേണമെന്നും കൗണ്‍സിലര്‍ പറഞ്ഞു.