കോഴിക്കോട്: എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. തന്റെ മകനെ ലഹരിമരുന്നുമായി പിടിച്ചെന്നും സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്. നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ചന്ദ്രശേഖരന്‍ എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അതിനാല്‍ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല. പോലീസ് മന:പ്പൂര്‍വ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. അവര്‍ അവരുടെ ജോലി ചെയ്തു. തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്... ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചു...

സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല

?കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്... ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്... നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു.

സ്വന്തം കുടുംബത്തിലും ഇന്ന് അത്തരമൊരു അനുഭവമുണ്ടായി. നാളെ ആര്‍ക്കും ഉണ്ടാകാവുന്ന ഒന്ന്.

ദീര്‍ഘ വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒരു ലഹരി പദാര്‍ത്ഥവും ഒരിക്കലും ഉപയോഗിക്കില്ല എന്ന് മാത്രമല്ല, അതൊക്കെ എല്ലാവരും പൂര്‍ണമായി വര്‍ജിക്കേണ്ടതാണ് എന്നാണ് എന്നും അഭിപ്രായം. അതുകൊണ്ടുതന്നെ നടന്ന കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയുമില്ല.

എന്റെ മൂത്ത മകനെയും ലഹരിമരുന്ന് കേസില്‍ പൂവാര്‍ പൊലീസ് പിടികൂടിയ സംഭവമാണ് അത്. അവന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ

പക്കല്‍ നിന്നാണ് MDMA എന്ന ലഹരിവസ്തു പൊലീസ് പിടിച്ചത്. കുറഞ്ഞ അളവില്‍ ആയിരുന്നതിനാല്‍ അവരെ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അത് എടുത്തുപറയാന്‍ കാരണം പിടിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ആരും ജാമ്യം ലഭിച്ച വാര്‍ത്ത കൊടുത്തു കണ്ടില്ല.

എന്തായാലും ഇക്കാര്യത്തില്‍ മകനെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തില്ല. സ്വന്തം മകന്‍ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണല്ലോ.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അതിനാല്‍ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല.

പോലീസ് മന:പ്പൂര്‍വ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. അവര്‍ അവരുടെ ജോലി ചെയ്തു.

തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്... ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ല.

അതുകൊണ്ടുതന്നെ പോലീസ് നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങട്ടെ.

ചില കാര്യങ്ങള്‍ പറയാനുള്ളത് കേരളത്തിലെ രക്ഷിതാക്കളോടാണ്. നമ്മുടെ കുട്ടികളെ ശരിക്കും കരുതേണ്ടതുണ്ട്. കൂട്ടുകെട്ടുകള്‍ അടക്കം നമുക്ക് നിയന്ത്രിക്കാവുന്നതിന് പരിധി ഉണ്ടല്ലോ? പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് സുഹൃത്തുക്കളെ സൃഷ്ടിക്കുന്നത്.

കുട്ടികള്‍ അറിയാതെ പോലും ഇതില്‍ കുടുക്കുന്നുണ്ട്. ചിലപ്പോള്‍ ഐസ്‌ക്രീമിന്റെ രൂപത്തിലാകാം. അല്ലെങ്കില്‍ മിഠായി ആകാം. ലഹരിക്ക് അടിമയായി കഴിഞ്ഞാല്‍ അവരറിയാതെ തന്നെ നീരാളിപ്പിടുത്തത്തിലാകും.

രാസ ലഹരി സിരകളില്‍ പടര്‍ന്നു കഴിഞ്ഞാല്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അവര്‍ക്ക് അറിയില്ല.

എക്‌സൈസും പൊലീസുമൊക്കെ ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണം.

കറകളഞ്ഞ പൊതുപ്രവര്‍ത്തനമാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കളങ്കവും ഉണ്ടാകാതെയാണ് ഇതുവരെ മുമ്പോട്ട് പോയത്. വ്യക്തിപരമായി ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.

ലഹരിക്ക് എതിരെ സ്വന്തം നിലയിലും പ്രസ്ഥാനത്തെ ഉപയോഗിച്ചും പോരാട്ടം തുടരും. പ്രിയപ്പെട്ടവരെല്ലാം അതിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്.

ഇന്നലെ രാത്രി നെയ്യാറ്റിന്‍കര തിരുപുറത്ത് വച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി അടക്കം മൂന്നു പേരെ എം.ഡി.എം.എയുമായി പിടികൂടിയത്. ഒന്നാം പ്രതി പെരുമ്പഴുതൂര്‍ സ്വദേശി ശിവജി, തൃശ്ശൂര്‍ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനി സൗമ്യ എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 110 മില്ലിഗ്രാം എം.ഡി.എം.എയും എം.ഡി.എം.എ വലിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ് ട്യൂബും കണ്ടെടുത്തു. രാത്രിയില്‍ പൊലിസ് പട്രോളിങ്ങിന് ഇടയില്‍ റോഡില്‍ സംശയാസ്പദമായി കാര്‍ കിടക്കുന്നത് കണ്ട് പരിശോധന നടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നു പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.