- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാന്‍ നാലും അഞ്ചും ദിവസം കാത്തു കിടക്കണം; നടത്തിപ്പവകാശം 65 കൊല്ലം അദാനിക്ക്; വിഴിഞ്ഞത്ത് കോളടിക്കുന്നത് ആര്‍ക്ക്?
തിരുവനന്തപുരം: ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറുമ്പോള്‍ കോളടിക്കുക അദാനി പോര്‍ട്ടിന്. അടുത്ത രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പവകാശം 65 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിലേക്ക് എത്തിച്ചേരും. കരാര്‍പ്രകാരം 40 വര്‍ഷത്തേക്കാണ് തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നത്. സ്വന്തംനിലയില്‍ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷത്തേക്കുകൂടി അദാനി ഗ്രൂപ്പിന് നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നിലവില്‍ കൈകാര്യംചെയ്യുന്ന ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാന്‍ നാലും അഞ്ചും ദിവസം പുറങ്കടലില്‍ കാത്തുകിടക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇത് മനസ്സിലാക്കി വിഴിഞ്ഞത്തെ സാധ്യത പരമാവധി ഉപയോഗിക്കാനാണ് അദാനിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതു കൊണ്ട് തന്നെ അദാനിക്ക് വിഴിഞ്ഞം സുവര്‍ണ്ണ നേട്ടമായി മാറും.
ഓഖി, പ്രളയം തുടങ്ങിയ മനുഷ്യ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ മൂലമാണ് 2019-ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി വൈകിയതെന്ന അദാനി ഗ്രൂപ്പിന്റെ വാദം പിണറായി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതിനാല്‍ നിര്‍മാണക്കാലയളവ് അഞ്ചുവര്‍ഷംകൂടി നീട്ടി നല്‍കിയിട്ടുമുണ്ട്. ഇതോടെ 2075 വരെ ആകെ 65 വര്‍ഷത്തേക്ക് തുറമുഖം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. 2034 വരെ ആദ്യത്തെ 15 വര്‍ഷം ലാഭവിഹിതം പൂര്‍ണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വര്‍ഷം മുതല്‍ ഒരുശതമാനം വീതം ലാഭവിഹിതം കേരളത്തിന് കിട്ടും.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിനാകും(വിസില്‍) ലാഭവിഹിതം കിട്ടുക. ഇത് 40 വര്‍ഷം വരെ ഓരോ ശതമാനം വര്‍ധിച്ച് 25 ശതമാനം വരെയാകും. അതിന് ശേഷം കേരളത്തിന് തുറമുഖം സ്വന്തമാകും. എന്നാല്‍ അതിന് ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും. രാജ്യത്തെ ആദ്യ മദര്‍ പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. അതുകൊണ്ട് തന്നെ അദാനി പോര്‍ട്ടിന് ഈ തന്ത്രപരമായ തുറമുഖത്തിന്റെ നിയന്ത്രണം അതിനിര്‍ണ്ണായകവുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും.
ഈ വര്‍ഷംതന്നെ രണ്ടുംമൂന്നുംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും 2028-ല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നുമാണ് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. പി.പി.പി. മാതൃകയില്‍ പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിര്‍മാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. അടുത്തഘട്ടത്തില്‍ അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുടക്കും. നിലവില്‍ ഒരേസമയം, രണ്ട് കപ്പലുകള്‍ക്ക് അടുക്കാനാകുന്ന 800 മീറ്റര്‍ ബെര്‍ത്താണ് നിലവിലുള്ളത്. അടുത്തഘട്ടത്തില്‍ അഞ്ചു വലിയ കപ്പലുകള്‍ക്ക് ഒരേസമയം ബെര്‍ത്ത് ചെയ്യാന്‍ പറ്റുന്ന സംവിധാനം വരും.
ലോകത്തെ പ്രമുഖ കപ്പല്‍ കമ്പനികള്‍ വിഴിഞ്ഞത്ത് താത്പര്യം പ്രകടിപ്പിച്ചെത്തുന്നത് ആഗോളരംഗത്തെ പ്രതിസന്ധികള്‍കൂടി കണക്കിലെടുത്താണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും (എം.എസ്.സി.) താമസിയാതെ വിഴിഞ്ഞത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.