- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയല്‍ റണ്ണില്‍ അഞ്ചു കോടിയുടെ നികുതി ഖജനാവിലേക്ക്; ഡിസംബറില്‍ ലക്ഷം കണ്ടെയ്നര്‍ കൈക്കാര്യം ചെയ്യും; രാജ്യത്തെ ഏക ഓട്ടോമാറ്റിക് തുറമുഖത്ത് ട്രാന്‍സ്ഷിപ്പ്മെന്റിന് വേണ്ടത് വളരെ കുറഞ്ഞ സമയം; ക്രിസ്മസ്-പുതുവത്സര സമ്മാനമായി വിഴിഞ്ഞം തുറമുഖം ലോകത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരസമ്മാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ച് ഉദ്ഘാടനമാണ് ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് കമീഷനിങ്. ഡിസംബര്‍ മൂന്നിനകം വാണിജ്യപ്രവര്‍ത്തനം ആരംഭിക്കണം എന്നാണ് നിര്‍മാണവും നടത്തിപ്പും നിര്‍വഹിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ടുമായുള്ള കരാര്‍. അതുകൊണ്ട് തന്നെ ഡിസംബര്‍ ആദ്യം തന്നെ വാണിജ്യ പ്രവര്‍ത്തനം തുടങ്ങും. പ്രധാനമന്ത്രിയുടെ തീയതിയ്ക്ക് അനുസരിച്ച് ഉദ്ഘാടനവും. നവംബറിലെ ഉദ്ഘാടനവും പരിഗണനയിലുണ്ട്.
തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 11 മുതല്‍ തുടങ്ങി. ഇതുവരെ 34 ചരക്കുകപ്പലെത്തി. ഇതില്‍നിന്നായി 75,000ലധികം കണ്ടെയ്നര്‍ കൈകാര്യം ചെയ്തു. മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ 75,000 കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിട്ടത്. മൂന്നരമാസത്തിനകം ലക്ഷ്യം പൂര്‍ത്തിയാക്കി. ഡിസംബര്‍ ആകുമ്പോള്‍ ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനാകും. കണ്ടെയ്നര്‍ തുറമുഖത്ത് ഇറക്കിയതിലും കയറ്റിയതിലുമായി അഞ്ചുകോടിയലധികം രൂപ നികുതിയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. തുറമുഖത്തിന്റെ രണ്ടുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങള്‍ 2028ല്‍ പൂര്‍ത്തിയാക്കും. ഇതോടെ സമ്പൂര്‍ണ തുറമുഖം യാഥാര്‍ഥ്യമാകും.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഓരോ ചരക്ക് കപ്പലുകള്‍കൂടി വിഴിഞ്ഞത്ത് എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) കപ്പലുകളാണിവ. ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ കപ്പലുകളാണ് വന്നതില്‍ കൂടുതല്‍. രാജ്യത്തെ ഏക ഓട്ടോമാറ്റിക് തുറമുഖമായ വിഴിഞ്ഞത്തുനിന്ന് ട്രാന്‍സ്ഷിപ്പ്മെന്റ് കുറഞ്ഞസമയത്തിനകം പൂര്‍ത്തിയാക്കാമെന്നത് കമ്പനികള്‍ക്ക് നേട്ടമായി. ഇതാണ് കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലേക്ക് പ്രവര്‍ത്തനം മാറുമ്പോള്‍ വിഴിഞ്ഞത്ത് തിരിക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.
എംഎസ്സിയുടെ വമ്പന്‍കപ്പലായ ക്ലോഡ് ഗിറാഡെറ്റ് എത്തിയിരുന്നു. ഇതിന് 399 മീറ്റര്‍നീളവും 61.5 മീറ്റര്‍ വീതിയുമുണ്ട്. ഡ്രാഫ്റ്റ് 16.7 മീറ്ററാണ്. ദക്ഷിണേഷ്യയില്‍ ആദ്യമായിരുന്നു കപ്പലിന്റെ ബെര്‍ത്തിങ്. എംഎസ്സി അന്നയില്‍ 10,000 കണ്ടെയ്നര്‍ കൈകാര്യം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന കേരളത്തിന് പുത്തന്‍ ഉണര്‍വാണ് വിഴിഞ്ഞം തുറമുഖം. സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമാകുന്ന ഈ പദ്ധതിയുടെ ഇതുവരെയുള്ള എല്ലാ നീക്കങ്ങളും വന്‍ വിജയമാണെന്ന് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എത്രയും വേഗം തുറമുഖം കമ്മിഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.
തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ കപ്പലുകള്‍ക്ക് അനായാസമായി തീരമണയാന്‍ കഴിയുമെങ്കിലും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. വലിയ കപ്പലുകളില്‍ എത്തുന്ന കണ്ടെയ്നറുകള്‍ ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പൂര്‍ത്തിയാകാത്തത്. റെയില്‍പാതയും റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. അതും പ്രവര്‍ത്തന സജ്ജമായാലേ തുറമുഖം കമ്മിഷന്‍ ചെയ്യുന്നതിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കൂ.
എം.എസ്സിയുടെ ഒരു പ്രാദേശിക ഓഫീസ് വിഴിഞ്ഞത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതും പരിഗണിക്കുന്നുണ്ട്. 800 മീറ്റര്‍ ബര്‍ത്ത് കൂടി സജ്ജമായതോടെ കൂടുതല്‍ കപ്പലുകള്‍ക്ക് ഒരേസമയം നങ്കൂരമിടാന്‍ അനായാസം കഴിയും.