- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റോഡ് ഗതാഗതം സാധ്യമാകുന്നതോടെ തുറമുഖത്തു നിന്നുള്ള ചരക്കു നീക്കവും ആരംഭിക്കും; 10.76 കി.മീറ്റര്‍ റെയില്‍ പാതയില്‍ 9.2 കിലോമീറ്ററും ഭൂമിക്കടിയിലൂടെ; ഔട്ടര്‍ റിങ് റോഡിലൂടെ റെയില്‍പ്പാത സാധ്യമാകില്ലെന്ന വിലയിരുത്തലില്‍ തീരുമാനം; വിഴിഞ്ഞത്ത് അതിവേഗ നീക്കങ്ങള്‍; 2028ല്‍ പൂര്‍ണ്ണ കമ്മീഷനിംഗ്; തലവര മാറ്റാന്‍ വിഴിഞ്ഞം
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമ്പോള്‍ സാധ്യമാകുക മറ്റൊരു അത്ഭുതം. 10.76 കി.മീറ്റര്‍ റെയില്‍ പാതയില്‍ 9.2 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും. 1200 കോടിയാണ് നിര്‍മ്മാണ ചെലവ്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും. ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്. നേമം റെയില്‍വേ സ്‌റ്റേഷനിലേക്കും കണക്ഷനുണ്ടാകും. ബാലരാമപുരം മുടവൂര്‍പ്പാറ മുതല്‍ തുറമുഖം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുന്നത്. ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിര്‍മ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണായതിനാല്‍ തുരക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തും.
വിഴിഞ്ഞം തുറമുഖത്തുനിന്നു ചരക്കുനീക്കത്തിനുള്ള റെയില്‍പ്പാത നിര്‍മാണത്തിന് സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കും. വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെയുള്ള ഭൂഗര്‍ഭ റെയില്‍പ്പാത നിര്‍മാണത്തിനാണ് തുറമുഖ കമ്പനി കാബിനറ്റ് അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ഡി.പി.ആര്‍. തയ്യാറാക്കി റെയില്‍വേയുടെ അനുമതി ലഭിച്ച പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖം മുതല്‍ ബാലരാമപുരംവരെ 10.7 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്. ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും കുറച്ചുദൂരം മാത്രമാണ് തീവണ്ടിപ്പാത റോഡുനിരപ്പിലൂടെ നിര്‍മിക്കുന്നത്. നേരത്തേ ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്കു സമാന്തരമായി പുതിയ സാധ്യതകള്‍ തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിഴിഞ്ഞം-ബാലരാമപുരം പാതയ്ക്കുപകരമായി നിര്‍ദിഷ്ട ഔട്ടര്‍ റിങ് റോഡ് വഴി റെയില്‍പ്പാതയ്ക്കുള്ള സാധ്യത പരിശോധിക്കാനാണ് സര്‍ക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയോട് (വിസില്‍) നിര്‍ദേശിച്ചത്. ഔട്ടര്‍ റിങ് റോഡില്‍ ഉപരിതല പാതയോ, എലിവേറ്റഡ് പാതയോ നിര്‍മിക്കാനാകുമോയെന്നു പഠിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഔട്ടര്‍ റിങ് റോഡിലൂടെ റെയില്‍പ്പാത സാധ്യമാകില്ലെന്നാണ് പ്രാഥമിക പഠനത്തിന്റെ വിലയിരുത്തല്‍.
കൂടാതെ നിരപ്പല്ലാത്തതും ഏലാകളുമുള്‍പ്പെടുന്ന മേഖലയിലൂടെ റെയില്‍പ്പാതയ്ക്ക് ചെലവും കൂടും. നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കണമെന്ന പ്രതിസന്ധിയുമുണ്ട്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖം മുതല്‍ ബാലരാമപുരംവരെ നേരത്തേ വിഭാവനം ചെയ്ത ഭൂഗര്‍ഭപാതതന്നെ മതിയെന്ന തീരുമാനത്തിലെത്തിയത്. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള ഗതാഗതസൗകര്യത്തിനായി സര്‍വീസ് റോഡുകള്‍ വീതി കൂട്ടും. ദേശീയപാതയില്‍ ക്ലോവല്‍ ലീഫ് ജങ്ഷന്‍ നിര്‍മിച്ച് ഗതാഗത സൗകര്യമൊരുക്കും. അദാനി ഗ്രൂപ്പ് തന്നെയായിരിക്കും സര്‍വീസ് റോഡുകള്‍ വികസിപ്പിക്കുക. സര്‍വീസ് റോഡ് വന്നു ചേരുന്ന ജങ്ഷനടുത്തായി ദേശീയപാത മീഡിയന്‍ മുറിക്കേണ്ടിവരും. ഇതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള റോഡുനിര്‍മാണം അവസാനഘട്ടത്തിലാണ്. റോഡ് ഗതാഗതം സാധ്യമാകുന്നതോടെ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കവും ആരംഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാന്‍മന്ത്രി ഗതിശക്തി, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയവയില്‍ നിന്നാണ് റെയില്‍ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെട്ട 4.697 ഹെക്ടര്‍ ഭൂമിയേറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജില്‍പ്പെട്ട 0.829 ഹെക്ടര്‍ ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ (198 കോടി രൂപ) ഉള്‍പ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. റെയില്‍ പാത നിര്‍മ്മാണത്തിനാണ് 1200 കോടി പ്രതീക്ഷിക്കുന്നത്. കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ (സി.ആര്‍.ടി) സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തോടു ചേര്‍ന്നുള്ള റെയില്‍വേ സ്റ്റേഷനടുത്തായിത്തന്നെ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദക്ഷിണ റെയില്‍വേയുമായാണ് നടക്കുന്നത്. റെയില്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ സി.ആര്‍.ടി മുഖാന്തരം ചരക്കുനീക്കം നടക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ചെലവാക്കിയത് 2,159 കോടി രൂപയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജെഎഫ്) കേന്ദ്രം നല്‍കാത്തതിനാല്‍ ഈ തുക നബാര്‍ഡില്‍ നിന്ന് വായ്പയായി ലഭ്യമാക്കും. വിജിഎഫിന്റെ കാര്യത്തില്‍ കേന്ദ്രം നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷ.
2028ല്‍ വിഴിഞ്ഞം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. കമ്മീഷന്‍ ചെയ്യാനായി കാത്തിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. നാലാം ഘട്ടമാകുന്നതോടെ ഇത് 30 ലക്ഷമാകും. റെയില്‍, റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാകാനുണ്ട്. റെയില്‍ കണക്ടിവിറ്റിക്കായുള്ള കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കാത്തിരിക്കുകയാണ് കേരളം. ട്രയല്‍ റണ്‍ തുടങ്ങി ആറ് മാസത്തിനുള്ളില്‍ മൂന്നു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം ചരിത്രം കുറിച്ചിരുന്നു. ഇതുവരെ വിഴിഞ്ഞത്ത് 163 കപ്പുലകള്‍ വന്നുപോയി. ഇതില്‍ ലോകത്തിലെ ഏറ്റവും വലതെന്നു വിശേഷിപ്പിക്കാവുന്ന അഞ്ചു ചരക്കു കപ്പലുകളും ഉള്‍പ്പെടും. ജനുവരിയില്‍ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്‌നര്‍ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്.
ഇതൊരു തുടക്കം മാത്രമാണ്. വിഴിഞ്ഞം തുറമുഖ സാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും 100 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അടക്കം കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന മുന്നേറ്റത്തിനായി കേരള ബജറ്റില്‍ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സിംഗപ്പുര്‍, റോട്ടര്‍ ഡാം, ദുബായ് തുറമുഖ മാതൃകയില്‍ വിഴിഞ്ഞത്തെ കയറ്റുമതി, ഇറക്കുമതി തുറമുഖമാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ തലവര തന്നെ വിഴിഞ്ഞം മാറ്റുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.