കൊച്ചി: പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി.കെ. നിഷാദിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. അച്ഛന്റെ അസുഖം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഏഴ് ദിവസത്തെ പരോള്‍ അനുവദിച്ചത്. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നിഷാദ് ജയിലിന് പുറത്തിറങ്ങുന്നത്.

ശിക്ഷാവിധി വന്ന് വെറും ഒരു മാസത്തിനുള്ളില്‍ തന്നെ പ്രതിക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ മാസം 26-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആറ് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിന് പിന്നാലെ ജയില്‍ ഡിജിപി തന്നെ വീണ്ടും പരോള്‍ നീട്ടി നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഏഴ് ദിവസത്തെ കൂടി ഇളവ് ലഭിച്ചിരിക്കുന്നത്.

ആരാണ് വി.കെ. നിഷാദ്?

പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൊട്ടമ്മല്‍ വാര്‍ഡില്‍ നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ് നിഷാദ്. എന്നാല്‍ കേസിലെ ശിക്ഷാവിധി വന്നതോടെ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പൊലീസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു എന്ന ഗുരുതരമായ കുറ്റത്തിനാണ് കോടതി ഇദ്ദേഹത്തെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.

തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ പിതാവിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് മാനുഷിക പരിഗണനയോടെ കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്.