ലഖ്നൗ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണം ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും സമാന ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് പരാതി ഉന്നയിച്ചത്. വാരാണസിയിലെ കശ്മീരിഗഞ്ച് മേഖലയിലെ 51-ാം നമ്പര്‍ വാര്‍ഡില്‍ ഒരാളുടെ മക്കളെന്ന പേരില്‍ 50 വോട്ടര്‍മാരുണ്ടെന്നായിരുന്നു ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ആരോപണം.

രാംകമല്‍ ദാസ് എന്നയാളുടെ ആണ്‍മക്കളെന്ന പേരില്‍ 50 പേരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഇതില്‍ രാംകമല്‍ ദാസിന്റെ 'ഇളയമകന്‍' രാഘവേന്ദ്രയുടെ പ്രായം 28 വയസ്സാണെന്നും 'മൂത്തമകന്‍' ബന്‍വാരി ദാസിന്റെ പ്രായം 72 വയസ്സാണെന്നും കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമകുറിപ്പിലുണ്ടായിരുന്നു. ഇത് വാരാണസിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറ്റൊരു അദ്ഭുതമാണിതെന്നും കോണ്‍ഗ്രസ് സാമൂഹികമമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

2023-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക പ്രകാരം വാരാണസിയിലെ 51-ാം നമ്പര്‍ വാര്‍ഡില്‍ 'ബി24/19' എന്ന വിലാസത്തില്‍ മാത്രം അമ്പതിലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13 പേര്‍ക്ക് 37 വയസ്സാണ് പ്രായം. 39, 40 വയസ്സ് പ്രായമുള്ളവരും 72 വയസ്സുള്ള രണ്ടുപേരും ഇതില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍പട്ടികയില്‍ ഇവരുടെ എല്ലാവരുടെയും പിതാവിന്റെ പേരായി 'രാംകമല്‍ ദാസ്' എന്നാണ് ചേര്‍ത്തിരുന്നത്. ഇക്കാര്യമാണ് കോണ്‍ഗ്രസ് വോട്ടര്‍പട്ടികയിലെ ക്രമക്കേടായി ആരോപിക്കുന്നത്.

കടുത്ത ആരോപണം

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ബി.ജെ.പി ലക്ഷക്കണക്കിന് വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഡിജിറ്റല്‍ വോട്ടര്‍ ഡേറ്റ കൈമാറാന്‍ കമീഷന്‍ തയാറാവണമെന്നും മോദി പ്രധാനമന്ത്രിയായത് കള്ളവോട്ടിലൂടെയാണെന്ന് ഞങ്ങള്‍ തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയിലെ ഡേറ്റ കുറ്റകൃത്യത്തിനുള്ള തെളിവാണ്. ഒറ്റ സീറ്റിലെ ക്രമക്കേടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ആറുമാസം വേണ്ടിവന്നു. കര്‍ണാടകയിലെ ഒറ്റ സീറ്റിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ വോട്ട് ക്രമക്കേടിന്റെയും തെളിവുകള്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ കള്ളവോട്ടുകളും ചര്‍ച്ചയാക്കിയത്.

2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മോദി ജയിച്ച മണ്ഡലത്തില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ 1,52,513 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ വാരാണസിയില്‍ നരേന്ദ്ര മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുടെ കുതിപ്പിനാണ് വാരാണസി സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ അജയ് റായ് അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും, പിന്നാലെ നരേന്ദ്രമോദി ലീഡ് ഉയരുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും വാരാണസി ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ ലഭ്യമാകും എന്നത് 100% ഉറപ്പുള്ള വസ്തുതയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

രാജ്യത്തെ ഞെട്ടിച്ച വോട്ടര്‍ പട്ടിക ക്രമക്കേട് സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ നടന്ന പരിപാടിയിലും തെരഞ്ഞെടുപ്പ് കമീഷനെതിരായ ഗുരുതര ആരോപണങ്ങള്‍ മൂര്‍ച്ചയേറിയ ഭാഷയില്‍ രാഹുല്‍ ആവര്‍ത്തിച്ചു. 'ഭരണഘടനയെ ആക്രമിച്ചുകൊണ്ട് ഓടിയൊളിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട. നന്നായി ഒന്നുകൂടെ ചിന്തിച്ചോളൂ. സമയമെടുത്താലും നിങ്ങളെ ഞങ്ങള്‍ പിടികൂടിയിരിക്കും. നിങ്ങള്‍ ഭരണഘടനയെ ലക്ഷ്യമിട്ടാല്‍ നിങ്ങളെ ഞങ്ങള്‍ ലക്ഷ്യമിടും. 25 സീറ്റിന്റെയും 34,000 വോട്ടിന്റെയും ബലത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.തെരഞ്ഞെടുപ്പ് കമീഷനില്‍നിന്നുള്ള ഡേറ്റ ലഭിച്ചാല്‍, മോദി പ്രധാനമന്ത്രിയായത് കള്ളവോട്ടിലൂടെയാണെന്ന് ഞങ്ങള്‍ തെളിയിക്കും. കര്‍ണാടകയില്‍നിന്ന് ഞങ്ങള്‍ വെളിപ്പെടുത്തിയ ഡേറ്റ കുറ്റകൃത്യത്തിനുള്ള തെളിവാണ്. ഒറ്റ സീറ്റിലെ ക്രമക്കേടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ആറുമാസം വേണ്ടിവന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഡിജിറ്റല്‍ വോട്ടര്‍ ഡേറ്റ കൈമാറാന്‍ കമീഷന്‍ തയാറാവണം. കര്‍ണാടകയിലെ ഒറ്റ സീറ്റിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ വോട്ട് ക്രമക്കേടിന്റെയും തെളിവുകള്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവരും' -രാഹുല്‍ പറഞ്ഞു.

'നരേന്ദ്ര മോദിയുടെ വാരാണസിയില്‍ ഭേലുപൂര്‍ വാര്‍ഡില്‍ B24/19 എന്ന വീട്ടില്‍ താമസിക്കുന്ന രാംകമല്‍ദാസ് എന്ന ഒരാള്‍ക്ക് 50 മക്കളുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍പട്ടിക. എല്ലാവര്‍ക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷന്‍. അതിനെന്താ, മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസില്‍പ്പെട്ടവര്‍ വക മറുചോദ്യം' -എന്നാണ് ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

യാഥാര്‍ത്ഥ്യം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വന്‍തോതിലുള്ള വോട്ട് തട്ടിപ്പ് നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരെ രാമ ജാനകി മഠത്തിലെ സന്ന്യാസികള്‍ രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ ആരോപണം ഇവര്‍ നിഷേധിച്ചു. രാംകമല്‍ ദാസ് എന്നയാളുടെ മക്കള്‍ എന്ന പേരില്‍ 50 പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരുന്നു. ഇത് സത്യമാണെന്നാണ് സന്ന്യാസിമാര്‍ അഭിപ്രായപ്പെടുന്നത്.

ഈ വിലാസം ഒരു വീടിന്റെ അല്ലെന്നും 'രാം ജാനകി മഠം' ക്ഷേത്രത്തിന്റെയാണെന്നുമാണ് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ ഇവിടെ നേരിട്ടെത്തി മഠം അധികൃതരുടെ വിശദീകരണവും ഇന്ത്യാടുഡേ പുറത്തുവിട്ടിട്ടുണ്ട്.

ആചാര്യ രാംകമല്‍ ദാസ് സ്ഥാപിച്ച മഠം

ആചാര്യ രാംകമല്‍ ദാസ് സ്ഥാപിച്ചതാണ് 'രാം ജാനകി മഠം' എന്നാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടിലുള്ളത്. മഠത്തിന്റെ നിലവിലെ മാനേജരായ രാംഭാരത് ശാസ്ത്രി വിഷയത്തില്‍ പ്രതികരിച്ചതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹികമമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വോട്ടര്‍പട്ടികയുടെ ആധികാരികത മാനേജരായ രാംഭാരത് ശാസ്ത്രി സ്ഥിരീകരിച്ചു. എന്നാല്‍, ഇതില്‍ അസ്വാഭാവികതയില്ലെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവ സന്യാസജീവിതത്തിലെ ഗുരു-ശിഷ്യ പാരമ്പര്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങളുടെ ആശ്രമത്തില്‍ ലൗകികജീവിതം ഉപേക്ഷിച്ച സന്യാസിമാര്‍ അവരുടെ ഗുരുവിനെയാണ് പിതാവായി കാണുന്നത്. എല്ലാ ലൗകിക കുടുംബബന്ധങ്ങളും ഉപേക്ഷിച്ച് ഒരാള്‍ സന്യാസജീവിതം സ്വീകരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിതാവിന്റെ പേരായി എല്ലാരേഖകളിലും ഗുരുവിന്റെ പേരാണ് ചേര്‍ക്കാറുള്ളത്'', മാനേജര്‍ വിശദീകരിച്ചു.

ഇത്തരത്തില്‍ പേര് ചേര്‍ക്കുന്നത് നിയമപരമായി അംഗീകരിച്ചിട്ടുള്ളതെന്നായിരുന്നു മുതിര്‍ന്ന സന്ന്യാസിയായ അഭിരാമിന്റെയും പ്രതികരണം. ഔദ്യോഗികരേഖകളില്‍ സന്ന്യാസിമാര്‍ക്ക് അവരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഗുരുവിന്റെ പേര് ചേര്‍ക്കാന്‍ 2016-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. ഇതില്‍ തട്ടിപ്പോ ഭരണാഘടനാ വിരുദ്ധമായ കാര്യമോ ഇല്ല. തിരഞ്ഞെടുപ്പ് സമയത്ത് ആശ്രമങ്ങളെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പതിവാണെന്നും അദ്ദേഹം ആരോപിച്ചു.