- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിപ്ലവ സൂര്യന് വിട! വിഎസിന് വിട നല്‍കാന്‍ കേരളം; അന്ത്യവിശ്രമം ജന്മനാട്ടില്; തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനം; മൃതദേഹം നാളെ വിലാപ യാത്രയായി ആലപ്പുഴയിലേക്ക്; സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ആദരസൂചകമായി നാളെ പൊതുഅവധി
വി.എസ്. അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന സമരസ്മരണ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന സമര സ്മരണ. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. 101 വയസായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി, ഒരു വ്യാഴവട്ടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി, പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസിന് വിട നല്‍കാന്‍ ഒരുങ്ങുകയാണ് കേരളം.
മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കള്‍ സമീപത്തുണ്ടായിരന്നു. ഇന്ന് നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റ്യാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു നാളെ മുതല്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.
വിഎസ് അച്യുതാനന്ദന്റെ വേര്‍പാട് പുറംലോകത്തെ അറിയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ അതുല്യമായ പങ്കുവഹിച്ച സിപിഎമ്മിന്റെ എക്കാലത്തെയും പ്രമുഖ നേതാവായ സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിഎസിന്റെ ഭൗതികദേഹം ആദ്യം എകെജി പഠനഗവേഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനം. പൊതുദര്‍ശനം അനുവദിക്കും. ശേഷം രാത്രിയോട് കൂടി വീട്ടിലേയ്ക്ക് കൊണ്ടുപോകും. രാവിലെ ഒന്‍പത് മണിക്ക് പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളിലേയ്ക്ക് കൊണ്ടുപോകും. ദര്‍ബാര്‍ ഹാളില്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകും. മറ്റെന്നാള്‍ രാവിലെ ഭൗതികദേഹം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടും, ദുഃഖാചരണം നടത്തുകയും ചെയ്യും'- എംവി ഗോവിന്ദന്‍ അറിയിച്ചു.
നാളെ രാവിലെ ഒന്‍പത് മുതല്‍ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.
മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.
ജീവിതം..... സമരചരിത്രം
വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്ര്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ അവരെ വി എസ് ബെല്‍റ്റൂരി അടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.
ചേട്ടന്റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ വി എസിന് പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.
തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ്
സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. ഏഴു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20 നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.
പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.
1957ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു അദ്ദേഹം. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയത്തെ ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി.
കരുത്തനായി തിരിച്ചുവരവ്
1965ലായിരുന്നു വി. എസിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. അമ്പലപ്പുഴ മണ്ഡലത്തില്‍ പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞ് 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. ഈ വിജയം 1970-ലും ആവര്‍ത്തിച്ചു. ആര്‍.എസ്.പിയിലെ കെ.കെ കുമാരപിള്ളയായിരുന്നു എതിരാളി. എന്നാല്‍, 1977ല്‍ വി.എസ് വീണ്ടും പരാജയത്തിന്റെ കയ്പ്പുനീര് നുകര്‍ന്നു. കുമാരപിള്ളയോട് തന്നെയാണ് വി.എസ് പരാജയപ്പെട്ടത്.
77-ലെ പരാജയത്തിന് ശേഷം 1991-ലാണ് വി.എസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തുന്നത്. മാരാരിക്കുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തിയാണ് വി.എസിന്റെ മടങ്ങിവരവ്. എന്നാല്‍, 1996-ല്‍ പാര്‍ട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് ഈ മണ്ഡലത്തില്‍ തന്നെ വി.എസ് പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട വി.എസ്. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തനായി മാറി.
2001-ല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്പുഴയിലാണ് വി.എസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തില്‍ വി.എസിന്റെ ഭൂരിപക്ഷം 4703-ല്‍ ഒതുങ്ങി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയായിരുന്നു മലമ്പുഴയില്‍ വി.എസിന്റെ എതിരാളി. 2006-ല്‍ ഇതേ മണ്ഡലത്തില്‍ വിഎസ് ഭൂരിപക്ഷം 20,017 ആയി ഉയര്‍ത്തിയിരുന്നു.
പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് എണ്‍പത്തിരണ്ട് വയസ്സുള്ള വി.എസ്.
2011ല്‍ വി.എസ്. വീണ്ടും മലമ്പുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. 2016ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരിച്ചു വരികയും വി.എസ്. മലമ്പുഴയില്‍ നിന്നു വിജയം ആവര്‍ത്തിക്കുകയും ചെയ്തെങ്കിലും മുഖ്യമന്ത്രിയായത് പിണറായി വിജയന്‍ ആയിരുന്നു.
അനുരഞ്ജനം എന്ന നിലയില്‍ വി.എസിനെ പിന്നീട് ഭരണപരിഷ്‌കരണ കമ്മീഷന്റെ ചെയര്‍മാനാക്കി. പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടര്‍ന്ന് 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.