തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രമെടുത്താല്‍ അതില്‍ പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് വി.എസ്.അച്യുതാനന്ദന്‍-പിണറായി വിജയന്‍ പോര്.കേരള രാഷ്ട്രീയത്തിലെയും ചിലപ്പോഴൊക്കെ സി.പി.എമ്മിനുള്ളിലെയും പ്രതിപക്ഷമായി വി.എസിന്റെ ഘനമുള്ള ശബ്ദം ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തിന് എതിര്‍ശബ്ദമുയര്‍ന്നു.അതില്‍ പ്രധാനി ഒരുകാലത്ത് വി എസ്സിന്റെ വലം കൈയ്യായിരുന്ന പിണറായി വിജയന്‍ തന്നെയായിരുന്നു. പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം ഇതല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറയുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരേയുള്ള എണ്ണമില്ലാത്ത ഉദാഹരണം പറയാനുണ്ട്.

സിപിഎമ്മിനുള്ളില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന കാലത്താണ് വി.എസ്-പിണറായി തമ്മിലടി രൂക്ഷമായത്.വി.എസ്. പക്ഷമെന്നും പിണറായി പക്ഷമെന്നും രണ്ട് ഗ്രൂപ്പുകള്‍ രൂപംകൊണ്ടു.പിണറായി പക്ഷം ഔദ്യോഗിക പക്ഷമെന്ന് അറിയപ്പെട്ടു.പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ വി.എസ്. ശ്രമിക്കുന്നു എന്നായിരുന്നു അക്കാലത്ത് ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം.

പിണറായി വിജയനെ സെക്രട്ടറിയായി നിര്‍ദ്ദേശിച്ച വി എസ്! ഒടുവില്‍...

വി.എസിന്റെ വലംകൈയായിരുന്നു തൊണ്ണൂറുകളില്‍ പിണറായി വിജയന്‍. വി.എസും പിണറായി വിജയനും ഒരുകൂട്ടം യുവ നേതാക്കളും അടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു.ഇതില്‍ വി.എസിന്റെ ഏറ്റവും വിശ്വസ്തന്‍ പിണറായി വിജയന്‍ തന്നെയായിരുന്നു.മറുവശത്ത്

ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇ.കെ.നായനാരും അടങ്ങുന്ന മുതിര്‍ന്ന നേതാക്കളുടെ മറ്റൊരു ഗ്രൂപ്പും.തലമുറ മാറ്റം വേണമെന്ന ശക്തമായ വാദമാണ് വി.എസ്. അക്കാലത്ത് മുന്നോട്ടുവച്ചത്.ഇ.എം.എസിനെയും ഇ.കെ.നായനാരെയും വെട്ടി പാര്‍ട്ടി പിടിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ വി.എസ്. ചെയ്തത്.

1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ നിര്‍ദേശിച്ചത്

വി.എസ്.അച്യുതാനന്ദനാണ്. ഒടുവില്‍ പിണറായി പാര്‍ട്ടി സെക്രട്ടറിയായി.പാര്‍ട്ടിയിലെ സീനിയോറിറ്റി പോലും കണക്കിലെടുക്കാതെയാണ് വി.എസ്. അക്കാലത്ത് പിണറായി വിജയന് അകമഴിഞ്ഞ പിന്തുണ നല്‍കിയത്.എന്നാല്‍ പിന്നീട് വി എസ് ആഗ്രഹിച്ചത് പോലെയായിരുന്ന കാര്യങ്ങള്‍.പാര്‍ട്ടിയില്‍ പ്രബലസ്ഥാനത്തേക്ക് വളരാനുള്ള പിണറായി വിജയന്റെ നീക്കങ്ങള്‍ തിരിച്ചടിയായത് വി എസ്സിന് തന്നെയായിരുന്നു.പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.പാര്‍ട്ടി സെക്രട്ടറി പിണറായി ആണെങ്കിലും ഭരണം മുഴുവന്‍ വി.എസിന്റെ കൈയിലായിരുന്നു.

പല സംസ്ഥാന കമ്മിറ്റികളിലും ഏകപക്ഷീയമായി വി.എസ്. കാര്യങ്ങള്‍ തീരുമാനിക്കുന്നവെന്ന തരത്തിലേക്ക് ആക്ഷേപങ്ങള്‍ ഉയര്‍ന്നു.വി.

എസിന്റെ വാക്കിനപ്പുറം പാര്‍ട്ടിയില്‍ ഒന്നുമില്ലെന്ന അവസ്ഥ വന്നു.ഇതിനെതിരെ പാര്‍ട്ടി സെക്രട്ടറി പിണറായി പ്രതികരിക്കാന്‍ തുടങ്ങി.

ഗുരുവും ശിഷ്യനുമായിരുന്ന വി.എസിനും പിണറായിക്കും ഇടയില്‍ വലിയ അകല്‍ച്ചയുണ്ടായി.ആദ്യ കാലത്തെല്ലാം വി.എസിന് തന്നെയായിരുന്നു കൂടുതല്‍ പിന്തുണ. പാര്‍ട്ടി നിലപാടിന് വിരുദ്ധമായും വി.എസ്. നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. ജനങ്ങള്‍ക്കിടയില്‍ വി.എസിന് വലിയ പ്രതിച്ഛായ ഉണ്ടാകാന്‍ ഇത് കാരണമായി.പില്‍ക്കാലത്ത് ജനകീയ നേതാവ് എന്ന നിലയില്‍ വി.എസ്. കളം നിറഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ സ്വാധീനം കുറഞ്ഞുവന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ കൂടുതല്‍ ശക്തനാകാന്‍ തുടങ്ങി. ഇതോടെ പിണറായി-വിഎസ് ഭിന്നത കൂടുതല്‍ പരസ്യമായി.

ലാവ്‌ലിനില്‍ തുടങ്ങിയ പരസ്യ ഭിന്നത.. 'മാധ്യമ സിന്‍ഡിക്കേറ്റി'ല്‍ നടപടി

ലാവലിന്‍ കേസ് ആയുധമാക്കി വി.എസ്. പിണറായിക്കെതിരെ രംഗത്തെത്തി.എന്നാല്‍, അരയും തലയും മുറുക്കി പാര്‍ട്ടി പിണറായിയെ പ്രതിരോധിച്ചു.പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസും പിണറായി വിജയനും ശക്തമായി ഏറ്റുമുട്ടി.വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്ന് രണ്ട് പേര്‍ക്കും പാര്‍ട്ടി അന്ത്യശാസനം നല്‍കി.പക്ഷെ അത് രണ്ടുപേരും ലംഘിച്ചതോടെ കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ 2007 മേയ് 26ന് വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

പിണറായി വിജയന്റെ 'മാധ്യമ സിന്‍ഡിക്കേറ്റ്' പ്രയോഗവും വി എസ്സിന്റെ പ്രതികരണവുമാണ് ഇരുവര്‍ക്കുമെതിരായ അച്ചടക്കനടപടിയിലേക്കെത്തിച്ചത്.'മാധ്യമ സിന്‍ഡിക്കേറ്റ് എന്നുപറയുന്നവര്‍തന്നെ സിന്‍ഡിക്കേറ്റിനെ ആശ്രയിക്കുന്നു'എന്നായിരുന്നു വി.എസിന്റെ വാക്കുകള്‍.വി.എസിന്റെ പ്രതികരണം വന്ന് അരമണിക്കൂറിനകം പിണറായി വിജയന്‍ എ.കെ.ജി. സെന്ററില്‍ പത്രസമ്മേളനം വിളിച്ചു.ഒരു പി.ബി. അംഗം മറ്റൊരു പി.ബി. അംഗത്തോട് പുലര്‍ത്തേണ്ട സാമാന്യമര്യാദയുടെ ലംഘനമെന്ന് വി.എസിനെ വിമര്‍ശിച്ചു.

പരസ്യപ്രതികരണത്തിന്റെപേരില്‍ നായക, പ്രതിനായക വേഷം കെട്ടേണ്ടിവന്ന ഇരുവര്‍ക്കും പാര്‍ട്ടി നടപടി നേരിടേണ്ടിവന്നു.പാര്‍ട്ടി അമ്മയാണ്, ശിക്ഷിക്കാനും തിരുത്താനും അവകാശമുണ്ടെന്ന് പറഞ്ഞാണ് വി.എസ്. നടപടിയെ സ്വീകരിച്ചത്.

പോളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പിന്നീട് പിബിയിലേക്ക് തിരിച്ചെടുത്തു.വി എസ് നുപക്ഷെ ഇവിടം കൊണ്ടും തീര്‍ന്നില്ല നടപടി. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.തരംതാഴ്ത്തലിന് പുറമെ പാര്‍ട്ടിയുടെ പരസ്യശാസനയ്ക്കും വിഎസ് വിധേയനാകേണ്ടി വന്നിട്ടുണ്ട്.2008 ലെ കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടി പൂര്‍ണമായും പിണറായിയുടെ വരുതിയിലായി.2006 മുതല്‍ 2011 വരെ വി.എസ്. മുഖ്യമന്ത്രിയായിരുന്നെങ്കിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് തന്നെയായിരുന്നു പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ആധിപത്യം.

അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും! ടി പി വധക്കേസിലെ വാക് പോര്

പാര്‍ട്ടി പ്രതിക്കൂട്ടില്‍നിന്ന അവസരങ്ങളില്‍ പോലും തന്റെ നിലപാടില്‍നിന്ന് ഒരു കടുകിട പിന്നാക്കം പോകാന്‍ വി.എസ്. തയ്യാറായിരുന്നില്ല. 2012-ല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വി.എസ്. അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുപങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവര്‍ക്കും മനസ്സിലാകുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയത്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ 'അരിയാഹാരം കഴിക്കുന്ന ആരും ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശ്വസിക്കില്ലെന്ന്' വി.എസ് പറഞ്ഞിരുന്നു.

അതിനു മറുപടിയെന്നോണം പരസ്യപ്രസ്താവനയിലൂടെ തന്നെ ''പാര്‍ട്ടിക്കു പങ്കില്ലെന്ന് നല്ല വറ്റു തിന്നുകൊണ്ട് ഉറച്ചു വിശ്വസിക്കാ''മെന്നും പിണറായി തിരിച്ചടിച്ചു.വി.എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്കകത്തുള്ള വിഷയമാണ്. ഇതു പാര്‍ട്ടി ചര്‍ച്ചചെയ്യും. ഇക്കാര്യം മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. തീരുമാനത്തിനായി കാത്തിരിക്കാനും പിണറായി പറഞ്ഞു. ടി.പി വധത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി ആവര്‍ത്തിച്ചു.

വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായി വിജയന് ചുട്ട മറുപടി നല്‍കി വി.എസും രംഗത്ത് വന്നു.പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് നമുക്ക് അനുദിനം കണ്ടറിയാമെന്ന് വി.എസ് പിണറായിക്ക് മറുപടിനല്‍കി. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെക്രട്ടറിയുടെ നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വി.എസിന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് നമുക്ക് ഉടന്‍ അറിയാമെന്നും വി.എസ് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പും ലോട്ടറിപ്പോരും

ഏതാണ്ട് അതേ കാലയളവില്‍ തന്നെ ഇരുവരും പരസ്യമായി വാദപ്രതിവാദം നടത്തിയ വിഷയമായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയവും അതിന് വി എസ്സിനെ പഴിചാരിയുള്ള പിണറായിയുടെ പ്രതികരണവും.പാര്‍ലമെന്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുന്നണി പരാജയപ്പെട്ടത് വി.എസ് ലോട്ടറി വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണെന്ന് കായംകുളത്തും മാവേലിക്കരയിലും പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പിണറായി ആരോപിച്ചിരുന്നു.

വിഷയത്തില്‍ പിണറായിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വി എസ് പ്രതികരിച്ചിരുന്നു.അന്യസംസ്ഥാന ലോട്ടറികള്‍ നിര്‍ത്തി സംസ്ഥാന ലോട്ടറിമാത്രം വന്നതുകൊണ്ട് എന്തോ സംഭവിച്ചുവെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് വി.എസ് തിരുത്തി.2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി പരാജയപ്പെട്ടത് മുന്നണിശൈഥില്യം കൊണ്ടാണ്. പരാജയത്തിന് കാരണം ലോട്ടറിയല്ലെന്നും വി.എസ് വിശദീകരിച്ചു.പിഡിപി ബന്ധവും സിപിഐയില്‍ നിന്നും ജനതാദളില്‍ നിന്നും സീറ്റ് പിടിച്ചുവാങ്ങിയതുമാണ് തോല്‍വിക്ക് ഇടയാക്കിയത്.

ഘടകകക്ഷികളുടെ സീറ്റ് പിടിച്ചുവാങ്ങിയതും പിഡിപിയുമായുള്ള ബന്ധവും മൂലം 2009 ല്‍ മുന്നണി ശിഥിലമായിരുന്നു.അതിന്റെ ഫലമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ നിന്ന് നാലു സീറ്റായി കുറഞ്ഞു.അത് പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടു. അല്ലാതെ ലോട്ടറി വിഷയത്തെ മോശമായി കൈകാര്യം ചെയ്തതു കൊണ്ടാണന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും വി എസ് വിശദീകരിച്ചിരുന്നു.

മുഖ്യമന്ത്രി മോഹവും തിരിച്ചടിയും

2011 മുതല്‍ 2016 വരെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയിരുന്നു വി.എസ്. 2016 ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു.പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി പടിയിറങ്ങിയത് അക്കാലത്താണ്.വി.എസിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടായിരുന്നു.എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് തന്നെയായിരുന്നു പിന്തുണ.സിപിഐഎമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിശ്ചയിക്കുക കേന്ദ്രകമ്മറ്റിയാണ്.എന്നാല്‍ എതാനും വര്‍ഷങ്ങളായി ഇതിനുള്ള അനുവാദം സംസ്ഥാന കമ്മിറ്റിക്ക് നല്‍കുകയും ചെയ്തു.ഇതോടെ വി എസ് പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു.ഇത് വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

വി.എസിന്റെ പ്രായവും തിരിച്ചടിയായി. മുഖ്യമന്ത്രിയായതോടെ സിപിഎമ്മില്‍ ഒരു പക്ഷം മാത്രമായി.വി.എസ്. പക്ഷം പൂര്‍ണമായും ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.വി.എസ്. പക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ പോലും പിന്നീട് പിണറായി വിജയനൊപ്പം ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം കണ്ടത്.

ശംഖുമുഖത്തെ വി എസ് -പിണറായി വിവാദ പ്രസംഗം

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കേരള യാത്ര നടത്തിയിരുന്നു. കേരളയാത്രയുടെ സമാപന പരിപാടിയില്‍ വി.എസ്. പങ്കെടുക്കുമോ എന്ന് സംശയമായി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ച് ശംഖുമുഖത്തെ സമാപന വേദിയില്‍ വി.എസ്. എത്തി. എന്നാല്‍, വി.എസിനെതിരെ പിണറായി നടത്തിയ പ്രസംഗവും അതിനു വി.എസ്. നല്‍കിയ മറുപടിയും വന്‍ വിവാദമായി.

ഒരു വിഷയം കിട്ടിയാല്‍ അതിന്റെ അവസാനംവരെ പോരാടുക... അതായിരുന്നു പോരാട്ടങ്ങളിലെ വി.എസ്. തന്ത്രം.പാര്‍ട്ടിയ്ക്കുള്ളിലും അത് തന്നെയായിരുന്നു വി.എസ്. സ്വീകരിച്ച നിലപാട്.പാര്‍ട്ടിയില്‍ സ്വന്തംപക്ഷക്കാരില്‍ ഏറിയപങ്കും മറുപക്ഷത്തേക്ക് നീങ്ങിയപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു.പ്രതിപക്ഷ നേതാവായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. നിരന്തരപോരാട്ടങ്ങളിലായിരുന്നു... പോരാട്ടത്തിന്റെ വി എസ് സ്റ്റൈല്‍.