തിരുവനന്തപുരം: ഭാരതാംബാ വിവാദത്തില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ച തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ (വിഎസ്എസ്‌സി) അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജി.ആര്‍. പ്രമോദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ജൂണില്‍ സാമൂഹികമാധ്യമത്തിലിട്ട കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. 'ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കടാ...'പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?' എന്ന തലക്കെട്ടില്‍ ഭാരതാംബാ വിവാദത്തില്‍ വിമര്‍ശനം ഉന്നയിച്ചാണ് കുറിപ്പ്. ഇത് വിവാദമായപ്പോള്‍ തുമ്പ സെന്ററില്‍നിന്ന് എംവിഐടി വലിയമലയിലേക്ക് പ്രമോദിനെ സ്ഥലംമാറ്റിയിരുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്. ഹരീഷ്, പ്രസിഡന്റ് വി.എസ്. ശരത് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നേരത്തെ വകുപ്പ് തല അന്വേഷണം നടത്തിയ ശേഷമാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥനാണ് പ്രമോദ്. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കട... പശു ആണോ അമ്മ അതോ കാവി കോണകം പിടിച്ച സ്ത്രീയോ... എന്നതായിരുന്നു അയാളുടെ പോസ്റ്റ്. ഇടതു അനുഭാവിയായ പ്രമോദിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ജി. ആര്‍. പ്രമോദ് സ്ഥിരം പ്രശ്‌നക്കാരനെന്ന് ആക്ഷേപം ഉയരുന്നിരുന്നു. ഇടതു സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസിന്റെ സംസ്ഥാന നേതാവായ ജി. ആര്‍ പ്രമോദ് കേന്ദ്ര സര്‍ക്കാരിനെയും ഹൈന്ദവ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന രീതിയില്‍ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്നത് പതിവാണെന്നും ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സര്‍ക്കിള്‍ കണ്‍വീനര്‍ രാജേന്ദ്രപ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.

ലക്ഷകണക്കിന് ഭാരതീയര്‍ ആരാധിക്കുന്ന ഭാരതാംബയെയാണ് ഇയാള്‍ അധിക്ഷേപിച്ചതെന്നായിരുന്നു രാതി. ഇയാളുടെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പരാതികള്‍ വന്നതോടെ ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. ഐഎസ്ആര്‍ഒ പോലുള്ള തന്ത്രപ്രധാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇയാളെപ്പോലുള്ള ഒരാള്‍ ജോലിചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പോലും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അയോധ്യയില്‍ രാംലല്ല പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചതിനെതിരെയും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. ആശാ സമരത്തെ അനുകൂലിച്ച് സമരപ്പന്തലിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയെയും ഇയാള്‍ തരംതാണ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.