കോട്ടയം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അഴിക്കുള്ളിലായതോടെ ചെങ്ങന്നൂരിലെ പമ്പാനദിക്കരയിലുള്ള താഴമണ്‍ മഠമെന്ന താന്ത്രിക കുടുംബത്തിന്റെ ചരിത്രവും ചര്‍ച്ചയില്‍. 1400 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ കുടുംബത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുന്നത് ഐതിഹ്യങ്ങളിലെ പരശുരാമനിലാണ്. കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച ശേഷം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നതിനായി ആന്ധ്രയിലെ നെല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് പരശുരാമന്‍ രണ്ടു ബ്രാഹ്‌മണരെ കൊണ്ടുവന്നു എന്നാണ് വിശ്വാസം.

ഇവരെ പരീക്ഷിക്കാനായി കൃഷ്ണാനദി കരകവിഞ്ഞൊഴുക്കിയപ്പോള്‍ ഒരാള്‍ ജലത്തിന് മുകളിലൂടെ നടന്ന് അക്കരെയെത്തി തരണനെല്ലൂര്‍ തന്ത്രിയായി മാറി. എന്നാല്‍ രണ്ടാമന്‍ തന്റെ താന്ത്രിക സിദ്ധി ഉപയോഗിച്ച് വെള്ളത്തെ ഇരുകൈകള്‍ കൊണ്ട് വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലെ മണ്ണില്‍ ചവിട്ടി നടന്ന് അക്കരെയെത്തി. നദിയുടെ 'താഴ്ന്ന മണ്ണില്‍' ചവിട്ടി വന്നതിനാലാണ് ഈ പരമ്പരയ്ക്ക് 'താഴമണ്‍' എന്ന പേര് ലഭിച്ചത്. പരശുരാമന്‍ ശബരിമല ഉള്‍പ്പെടെയുള്ള മലയോര ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം കല്‍പ്പിച്ചു നല്‍കിയത് ഈ താഴമണ്‍ തന്ത്രിമാര്‍ക്കായിരുന്നുവെന്നാണ് വിശ്വാസം. പൂജിക്കുന്നവന്റെ പ്രഭാവം കൊണ്ട് ശില ശങ്കരനായി മാറുമെന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന കുടുംബം. 1952-ലെ തീപ്പിടുത്തത്തിന് ശേഷം ശബരിമലയിലെ ഇന്നത്തെ വിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയത് കണ്ഠര് ശങ്കരരായിരുന്നു.

ഈ പാരമ്പര്യത്തിന് മുകളില്‍ അടുത്തകാലത്തായി കരിനിഴല്‍ വീഴ്ത്തിയത് കുടുംബാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. പഴയ കൊടിമരത്തിലെ വാജിവാഹനം മഠത്തിലേക്ക് കടത്തിയെന്ന ആരോപണം മുതല്‍ ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ രാജീവര് അറസ്റ്റിലായത് വരെ മഠത്തിന്റെ ഖ്യാതിക്ക് മങ്ങലേല്‍പ്പിച്ചു. മുമ്പ് കണ്ഠരര് മോഹനരെ ശോഭ ജോണും സംഘവും ചേര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്ത 'തന്ത്രി ഹണിട്രാപ്പ്' കേസ് കേരളം ഭീതിയോടെയാണ് കേട്ടത്. കണ്ഠരര് കൃഷ്ണര്, കണ്ഠരര് നീലകണ്ഠര്, കണ്ഠരര് മഹേശ്വര് എന്നീ മൂന്ന് പ്രഗത്ഭരായ തന്ത്രിമാരുടെ പിന്‍ഗാമികളായി എത്തിയ രാജീവരും മോഹനരും ഇന്ന് വിവാദങ്ങളുടെ നിഴലിലാണ്. കുടുംബത്തിന്റെ പാരമ്പര്യം കാക്കാന്‍ മക്കളായ മഹേഷ് മോഹനരും ബ്രഹ്‌മദത്തനും ഇപ്പോള്‍ ശബരിമലയിലെ അവകാശികളാകുന്നു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനം താഴമണ്‍ കുടുംബത്തിന്റേതാണ്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുകളിലാണ് ഇക്കാര്യത്തില്‍ തങ്ങളുടെ അവകാശമെന്ന് പരസ്യമായി പറയാനും ഇവര്‍ മടിച്ചിരുന്നില്ല. ഐതീഹ്യപ്രകാരം കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമനില്‍ നിന്നാണ് തങ്ങള്‍ക്ക് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം ലഭിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. താഴമണ്‍ തന്ത്രിമാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളില്‍ ധ്വജസ്തംഭത്തിന്റെ തണ്ട് വടക്കുദിശയിലേക്ക് തിരിഞ്ഞ് നിലനില്‍ക്കുന്നതും ഈ പാരമ്പര്യത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.

ഇപ്പോഴുള്ള മുതിര്‍ന്ന തന്ത്രിമാരായ രാജീവരും മോഹനരും സഹോദരങ്ങളുടെ മക്കളാണ്. അച്ഛന്മാരുടെ തലമുറയില്‍ മൂന്ന് തന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. കണ്ഠര് കൃഷ്ണര്, കണ്ഠര് നീലകണ്ഠര്, കണ്ഠര് മഹേശ്വര്. മൂന്നുപേരും മരിച്ചു. കൃഷ്ണരുടെ മകനാണ് രാജീവര്. മഹേശ്വരുടെ മകനാണ് മോഹനര്. ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേതാണെന്നതാണ് ആചാരപരമ്പര.

ശബരിമല ക്ഷേത്രം അഗ്‌നിബാധയില്‍ ആദ്യം നശിച്ചതിന് ശേഷം അയ്യപ്പവിഗ്രഹം പുനഃപ്രതിഷ്ഠിച്ചത് കണ്ഠര് പ്രഭാകരരായിരുന്നു. പിന്നീട് 1952ലെ അഗ്‌നിബാധയില്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന്, അന്നത്തെ തന്ത്രിയായിരുന്ന കണ്ഠര് ശങ്കരരാണ് ഇന്നുള്ള പുതിയ വിഗ്രഹത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്.