കൊച്ചി: വഖഫ് ഭേദഗതി ബില്‍ നിയമമാകുമ്പോള്‍, മുന്‍കാല പ്രാബല്യം ഇല്ലെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ പാലര്‍മെന്റില്‍ വ്യക്തമാക്കിയത്. പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് കിരണ്‍ റിജിജു അവകാശപ്പെട്ടത്. എന്നാല്‍, വഖഫ് നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കില്‍, മുനമ്പത്തുകാര്‍ക്ക് എന്തുഗുണമെന്നും, ഭൂമി എങ്ങനെ തിരിച്ചികിട്ടുമെന്നും ബില്‍ ചര്‍ച്ചയ്ക്കിടെ ഹൈബി ഈഡന്‍ എം പി ചോദിച്ചു.

ഹൈബിയുടെ വാക്കുകള്‍ ഇങ്ങനെ:

മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണ്. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതെന്ന് ഹൈബി ഈഡന്‍ ചോദിച്ചു. 'ഞാനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളെന്നും ഹൈബി പറഞ്ഞു. മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പത്തുകാര്‍ക്ക് എന്തു ഗുണം?. ഈ ബില്ല് വഴി മുനമ്പത്തുകാര്‍ക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂര്‍ കത്തിയപ്പോള്‍ സിബിസിഐ പറഞ്ഞത് സര്‍ക്കാര്‍ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍, നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പം സമൂഹത്തെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കുകയുള്ളുവെന്നായിരുന്നു ഹൈബിക്ക് ജോര്‍ജ് കുര്യന്റെ മറുപടി.

ഹൈബിയെ പൊളിച്ചടുക്കി ഷോണ്‍ ജോര്‍ജ്

ബില്ലിലെ പല വകുപ്പുകളും മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ്. ഉദാഹരണത്തിന് വഖഫ് ട്രിബ്യൂണലില്‍ തോറ്റുപോയാല്‍, ഹൈക്കോടതിയില്‍ പോകാന്‍ അധികാരമുണ്ട്. നേരത്തെ ഈ അധികാരമില്ലായിരുന്നു. വഖഫ് ട്രിബ്യൂണലിലെ കേസ് തീര്‍പ്പുണ്ടാകുമ്പോള്‍, നിലവില്‍ നിയമം നടപ്പായതിന് ശേഷമാകും തീര്‍പ്പുണ്ടാകുക. അപ്പോള്‍, അപ്പീലുമായി പോകാം എന്നാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറയുന്നത്. എന്നാല്‍, ഒരു ചോദ്യം അവശേഷിക്കുന്നു. നേരത്തെ, രൂപപ്പെട്ട കേസില്‍ അന്തിമ വിധി പിന്നീടാണ് വരുന്നതെങ്കിലും, പുതിയ നിയമമാണോ, അതോ പഴയ നിയമമാണോ ബാധകമാകുക എന്നതില്‍ വിശദീകരണം ആവശ്യമാണ്. ഇതൊന്നും സാധ്യമായില്ലെങ്കില്‍, കുടികിടപ്പ് അവകാശത്തിന് മുന്‍കാല പ്രാബല്യം ഉണ്ടല്ലോ എന്നാണ് ഷോണ്‍ ജോര്‍ജിന്റെ വാദം.

കുടികിടപ്പ് അവകാശ നിയമം ഇപ്പോള്‍ നിലവിലുള്ള വഖഫ് നിയമത്തിന് ബാധകമല്ല. എന്നാല്‍, പുതിയ വഖഫ് നിയമത്തിന് കുടികിടപ്പ് അവകാശം ബാധകമാണെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നു. ഒരു നിശ്ചിതകാലം ഒരാള്‍ ഒരു സ്ഥലത്ത് താമസിച്ചാല്‍, അയാള്‍ക്ക് കുടികിടപ്പ് അവകാശമുണ്ട്. പുതിയ നിയമം ആ അവകാശം വഖഫിന് ബാധകമാക്കുമ്പോള്‍, പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി, അതായത് വില കൊടുത്ത് വാങ്ങിയതിന് ശേഷം മൂന്നുപതിറ്റാണ്ടിലേറെ താമസിച്ച ഭൂമി അവകാശപ്പെടാന്‍ തടസ്സമില്ലെന്നും ഷോണ്‍ ജോര്‍ജ് വാദിക്കുന്നു.


ഷോണ്‍ ജോര്‍ജിന്റെ വാക്കുകള്‍

വഖഫ് ഭേദഗതി ബില്‍ എന്റെ വിജയമല്ല, മുനമ്പം ജനതയുടെ പോരാട്ടമാണ് വിജയിച്ചിരിക്കുന്നത്. ഞാന്‍ ഒറ്റയ്ക്കല്ല, പാര്‍ട്ടിയുടെ നേതാക്കള്‍ എല്ലാം ഈ വിഷയത്തില്‍ ഗൗരവം മനസ്സിലാക്കി ഇടപെട്ടു എന്നതാണ് വിജയം. മുനമ്പം ജനതയിലെ ഓരോ വ്യക്തിയും നിര്‍ണായക പങ്കുവഹിച്ചു. മുനമ്പം ജനതയുടെ കഷ്ടപ്പാടിനൊപ്പം ശക്തമായ നിലപാട് സഭയും സ്വീകരിച്ചു. എല്ലാ പിതാക്കന്മാരും തുറന്ന സമീപനം എടുത്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ചതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. സഭാ നേതാക്കന്മാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാന്‍ സാധിച്ചു എന്നതാണ് എന്റെ റോള്‍.

വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, മുനമ്പം ജനതയെ പറ്റിക്കുകയല്ലേ എന്ന ഹൈബി ഈഡന്റെ ചോദ്യത്തിന് ഷോണ്‍ ജോര്‍ജിന്റെ മറുപടി ഇങ്ങനെയാണ്: ' മുനമ്പം ജനത പറയുന്നതേ എനിക്കും പറയാനുള്ളു. ഹൈബി എട്ടുമാസമായി വിഷയം തുടങ്ങിയിട്ട്, ഹൈബിക്ക് ഈ വിഷയത്തെ കുറിച്ചും പ്രശ്‌നത്തെ കുറിച്ചും നിയമത്തെ കുറിച്ചും പറഞ്ഞുകൊടുക്കാന്‍ മുനമ്പംകാര് കുറച്ച് കുട്ടികളെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഇതിനേക്കാള്‍ നന്നായിട്ട് പഠിച്ചിട്ടുണ്ടെന്നാണ്.

ഇതിനകത്ത് സെക്ഷന്‍ 2 വിന്റെ ഭേദഗതി ക്യത്യമായിട്ട് ഹൈബി ഒന്നുവായിച്ചാല്‍ മനസ്സിലാകും. സെക്ഷന്‍ 2 വിന്റെ അകത്ത് പറഞ്ഞിട്ടുള്ള കാര്യം സൊസൈറ്റികള്‍ക്കോ, ട്രസ്റ്റുകള്‍ക്കോ എതെങ്കിലും ഒരു പര്‍പ്പസില്‍, ഒരാള്‍ വഖഫ് ചെയ്തുകൊടുത്താല്‍, അല്ലെങ്കില്‍ ഇവരെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായിട്ട് ഫാറൂഖ് കോളേജ്, അതൊരു എഡ്യുക്കേഷണല്‍ ട്രസ്റ്റാണ്, അത്തരത്തിലുള്ള ട്രസ്റ്റുകള്‍ക്ക്്, വഖഫ് ചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ദാനമായി നല്‍കിയിട്ടുണ്ടെങ്കില്‍, ഗിഫ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ പര്‍പ്പസിന് വേണ്ടിയാണ് കൊടുത്തിട്ടുള്ളത്. അതല്ലെങ്കില്‍ ഒരു പ്രത്യേക പര്‍പ്പസിന് വേണ്ടിയാണ് കൊടുക്കുന്നതെങ്കില്‍, വഖഫ് ബോര്‍ഡിന് അതിന് ക്ലെയിം ഉന്നയിക്കാന്‍ കഴിയില്ല.

നിലവില്‍ ഈ ആക്റ്റ് വരുന്ന സമയത്തോ അതിനു മുമ്പോ, ഏതെങ്കിലും ഉള്ള കോടതി വിധികള്‍ക്ക് ഉള്‍പ്പടെ ഇത് ബാധകമാണെന്ന് ആ ആക്ടില്‍ ഭേദഗതിയില്‍ പറഞ്ഞിട്ടുണ്ട്. ഹൈബി അതൊന്ന് വായിച്ചുനോക്കിയാല്‍ മതി. അതുകൊണ്ട് തന്നെ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. എന്നേക്കാള്‍ നന്നായി, ഹൈക്കോടതിയിലെ അഭിഭാഷകരേക്കാള്‍ നന്നായി മുനമ്പം ജനത ഈ നിയമം പഠിച്ചിരിക്കുന്നു. ക്യത്യമായി പഠിച്ചിട്ട് തന്നെയാണ് അവര്‍ ആഹ്ലാദപ്രകടനം നടത്തിയത്. നിയമം പാസായാല്‍, ഇവരുടെ അവകാശം 100 ശതമാനം തിരിച്ചുകിട്ടും.

ഷോണ്‍ ജോര്‍ജ് ഇതുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

വഖഫ് അമെന്‍ഡ്‌മെന്റ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലാന്ന് കരയുന്ന കോണ്‍ഗ്രസ് എം.പിമാരുടെ ശ്രദ്ധയ്ക്ക് !

Amendment to Sec. 2

കൂടാതെ... ഈ ആക്ട് നിലവില്‍ വരുന്നതിന് മുമ്പോ ശേഷമോ നിലവില്‍ വന്ന . എന്ത് പേരില്‍ അറിയപ്പെടുന്ന ട്രസ്റ്റിന്റെ പേരിലോ അതല്ല അത്തരത്തില്‍ നിലവില്‍ വന്ന

ഏതെങ്കിലും ചട്ടത്തിന്റെ (statute) ചട്ടപ്രകാരം നിയന്ത്രിക്കപ്പെടുന്ന പൊതു ധര്‍മ്മ സ്ഥാപനങ്ങളുടേയോ പേരിലാണ് ഒരു മുസ്ലിം ഒരു വഖഫിന്റെ ഉദ്ദ്യേശ്യ ലക്ഷ്യത്തിന് സമാനമായ ( ഭക്തിപരം, മതപരം, സാന്ത്വനപരം എന്നിവയാണ് ഒരു വഖഫിന്റെ ലക്ഷ്യം) ഉദ്ദേശ്യത്തോടെ ദാനം നല്‍കിയിട്ടുള്ള വസ്തു അതിനെ സംബന്ധിച്ച് ഏതെങ്കിലും കോടതിയുടെ ഉത്തരവുകള്‍ അവയെ സംബന്ധിച്ച് നിലവിലുണ്ടെങ്കില്‍പ്പോലും അത്തരം വസ്തുക്കള്‍ വഖഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും.

2A. In section 2 of the principal Act, after the proviso, the following proviso shall be inserted, namely:- 'Provided further that nothing in this Act shall, notwithstanding any judgement, decree or order of any court, apply to a trust (by whatever name called) established before or after the commencement of this Act or statutorily regulated by any statutory provision pertaining to public charities, by a Muslim for purpose similar to a waqf under any law for the time being in force.'.