ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേന വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ശനിയാഴ്ച രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാനെയും സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് സഹിതമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. മധ്യപൂർവ്വദേശത്ത് ഇസ്രായേൽ സൈനിക മേധാവിത്വം ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം നൽകുന്ന സൂചന.

"അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ തിരിച്ച് ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുവിനെ ശക്തമായി പ്രഹരിച്ചു കഴിഞ്ഞു, എന്നാൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്"- നെതന്യാഹു പറഞ്ഞു. ലബനനുമായി നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് പലതവണ ശ്രമമുണ്ടായതായി വെളിപ്പെടുത്തിയ അദ്ദേഹം, അതിനായി കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഹിസ്ബുള്ളയെ പൂർണ്ണമായും നിരായുധരാക്കുക, കരാർ തലമുറകളോളം നിലനിൽക്കുന്ന യഥാർത്ഥ സമാധാന ഉടമ്പടിയായിരിക്കുക എന്നിവയാണ് ഇസ്രായേലിന്റെ പ്രധാന ആവശ്യങ്ങൾ.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്. ഇറാൻ ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ സാഹചര്യത്തിലാണ് ഈ പോരാട്ടം തുടങ്ങിയതെന്ന് നെതന്യാഹു അവകാശപ്പെട്ടു. നയതന്ത്രപരമായി സാധിച്ചില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിച്ചാണെങ്കിലും ഇറാനിലെ യുറേനിയം ശേഖരം നീക്കം ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു. തുർക്കി പ്രസിഡന്റ് തയിപ് എർദോഗനെ രൂക്ഷമായി വിമർശിച്ച നെതന്യാഹു, ഹിസ്ബുള്ളയ്ക്കും ഹമാസിനുമെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന വ്യക്തമായ സൂചനയും നൽകി.

അതേസമയം ആറാഴ്ചത്തെ യുദ്ധത്തിനു വിരാമമിട്ട് സമാധാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് അമേരിക്കയും ഇറാനും നേരിട്ടുള്ള ചർച്ചകൾ പൂർത്തിയാക്കിരിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്നത്. രണ്ടാം ഘട്ട ചർച്ചകൾ ഞായറാഴ്ചയും ഇസ്ലാമാബാദിൽ തുടരും.

ഇറാനുമായി വളരെ ആഴത്തിലുള്ള ചർച്ചകളാണ് നടക്കുന്നതെന്നും കരാറിൽ എത്തിയില്ലെങ്കിലും വിജയം അമേരിക്കയ്ക്കായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചർച്ചകൾ സൗഹൃദ അന്തരീക്ഷത്തിലാണ് പുരോഗമിക്കുന്നതെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള ഭിന്നത ചർച്ചകളിൽ പ്രധാന തടസ്സമായി തുടരുന്നു. കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയ തുടങ്ങിയതായി ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഹോർമുസിൽ നിയന്ത്രണങ്ങളോടെ കപ്പൽ ഗതാഗതം അനുവദിക്കാമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചെങ്കിലും സൈനിക കപ്പലുകൾക്ക് പ്രവേശനം നൽകില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.