- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ കടബാധ്യതയില്‍ വെള്ളംകുടി മുട്ടി വാട്ടര്‍ അതോറിറ്റി; കഴിഞ്ഞ വര്‍ഷത്തെ നഷ്ടം മാത്രം 317 കോടിരൂപ; ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളത് 1463 കോടിരൂപയുടെ ആനുകൂല്യങ്ങള്‍; വാട്ടര്‍ ചാര്‍ജായി കിട്ടാനുള്ള കുടിശിക 3239 കോടിരൂപ
കോടികളുടെ കടബാധ്യതയില്‍ വെള്ളംകുടി മുട്ടി വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം: കോടികളുടെ കടബാധ്യതയും കുടിശിക വര്‍ധനവും കാരണം വാട്ടര്‍ അതോറിറ്റി വന്‍ സാമ്പത്തിക നഷ്ടത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മാത്രം 317.63 കോടി രൂപയാണ്. 3239.65 കോടിരൂപയാണ് വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ അതോറിറ്റിക്ക് പിരിഞ്ഞു കിട്ടേണ്ട തുക. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളടക്കം 1463 കോടിരൂപ കൊടുത്തു തീര്‍ക്കാനുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വെള്ളക്കരം വര്‍ധിപ്പിച്ചിരുന്നെങ്കിലും വാട്ടര്‍ അതോറിറ്റിക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. വാട്ടര്‍ ചാര്‍ജ് കുടിശിക വരുത്തിയാല്‍ അടിയന്തരമായി നിയമ നടപടികള്‍ കൈക്കൊള്ളാന്‍ അതോറിറ്റി തീരുമാനിച്ചു.
വാട്ടര്‍ ചാര്‍ജാണ് അതോറിറ്റിയുടെ പ്രധാന വരുമാനമാര്‍ഗം. ആയിരം ലിറ്റര്‍ കുടിവെള്ളത്തിന് അതോറിറ്റിയുടെ ഉല്‍പ്പാദന ചെലവ് 24.56 രൂപയാണ്. അതേസമയം ഇതില്‍ നിന്നും വരുമാനമായി ലഭിക്കുന്നത് 19.90 രൂപയാണ്. അതായത്, ആയിരം ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ അതോറിറ്റിക്ക് 4.66 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വര്‍ഷാവര്‍ഷം വര്‍ധിച്ചു വരുന്ന ശമ്പളം, പെന്‍ഷന്‍, വൈദ്യൂതി ചെലവ്, അറ്റകുറ്റപ്പണികളുടെ ചെലവ്, വായ്പാ തിരിച്ചടവ് എന്നിവക്ക് അനുസൃതമായി കുടിവെള്ള ചാര്‍ജില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. ഇതാണ് അതോറിറ്റി നഷ്ടത്തിലാകാന്‍ കാരണം. സര്‍ക്കാര്‍ അനുമതിയില്ലാതെ അതോറിറ്റിക്ക്് ചാര്‍ജ് വര്‍ധിപ്പിക്കാനും കഴിയില്ല.
സാമ്പത്തിക പരാധീനത കാരണം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കുന്നില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടം മാത്രം 317.63 കോടി രൂപയാണെങ്കില്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 7156.76 കോടിരൂപയാണ്. പെന്‍ഷന്‍കാര്‍ക്ക് അഞ്ചരവര്‍ഷത്തെ കമ്യൂട്ടേഷന്‍ ആനൂകൂല്യം നല്‍കാനുണ്ട്. ഇതിനു മാത്രം 211 കോടിരൂപ വേണം. ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കുള്ള 150 കോടിയോളം രൂപ കരാറുകാര്‍ക്ക് നല്‍കാനുണ്ട്. ജീവനക്കാര്‍ക്ക് 100 കോടിയോളവും പെന്‍ഷന്‍കാര്‍ക്ക് 400 കോടിയോളവുമാണ് വിവിധ ആനുകൂല്യങ്ങളുടെ കുടിശികയായി നല്‍കാനുള്ളത്. പിഎഫിലുണ്ടായിരുന്ന ജീവനക്കാരുടെ നിക്ഷേപത്തുക ശമ്പളം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വകമാറ്റിയതില്‍ തിരിച്ചടയ്ക്കേണ്ടത് 488 കോടിയാണ്. തദ്ദേശസ്ഥാപനങ്ങള്‍ വിവിധ ജോലികള്‍ക്കായി നല്‍കിയ തുകയില്‍ നിന്ന് 282 കോടി രൂപ വകമാറ്റിയതും കണ്ടെത്തണം.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ 1908.52 കോടിരൂപ അതോറിറ്റി പിരിച്ചെടുത്തു. ഗാര്‍ഹികം- 686, ഗാര്‍ഹികേതരം- 313.74, വ്യാവസായികം- 26.11, തദ്ദേശ സ്ഥാപനങ്ങള്‍- 819.9, മറ്റുള്ളവ- 64 കോടിരൂപ എന്നിങ്ങനെയാണ് പിരിച്ചെടുത്തത്. നിരത്തുകളിലെ പൊതുടാപ്പുകളുടെ കുടിശിക ഇനത്തില്‍ 719.17 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സാമ്പത്തിക ബാധ്യത രൂക്ഷമായതിനാല്‍ കുടിശിക വരുത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ അടിയന്തര നിയമ നടപടികള്‍ കൈക്കൊള്ളാന്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 75,834 പേര്‍ക്ക് നോട്ടീസ് നല്‍കി. നോട്ടീസിന് പ്രതികരിക്കാതിരുന്ന 32,988 ഉപഭോക്താക്കളിന്‍മേല്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളിലെ കുടിശിക പിരിക്കാനായി അതോറിറ്റി ജീവനക്കാരെ പ്രത്യേക സംഘങ്ങളായി നിയോഗിച്ചിട്ടുണ്ട്.