കല്‍പറ്റ: പുത്തുമലയിലെ 64 സെന്റ് സ്ഥലത്ത് തിരിച്ചറിയാത്ത 31 ഭൗതിക ശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച മൂന്നു മണിക്ക് ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ തിരിച്ചറിയാത്തവരുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തിന് ശേഷമായിരിക്കും സംസ്‌കാര നടപടികള്‍ ആരംഭിക്കുക. റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിര്‍ത്തിയിട്ടില്ലെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും കണക്കുകള്‍ പ്രകാരം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ച് 72 മണിക്കൂറിനുശേഷവും തിരിച്ചറിയാന്‍ സാധിക്കാത്ത പക്ഷം അജ്ഞാത മൃതദേഹമായി കരുതി സംസ്‌കരിക്കാന്‍ നിയമമുണ്ടെങ്കിലും, സംസ്‌കാര നടപടികള്‍ക്കു തൊട്ടുമുമ്പുവരെ ബന്ധുക്കള്‍ക്ക് തിരിച്ചറിഞ്ഞ് കൊണ്ടുപോവാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങളുടെയടക്കം ഡിഎന്‍എ എടുക്കുകയും സംസ്‌കരിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് സംസ്‌കാരം നടത്തുക.

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കാണാതായ അവസാനത്തെ വ്യക്തിയെയും കണ്ടെത്തുന്നതുവരെ പരിശോധന തുടരുമെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വിമര്‍ശനം സംബന്ധിച്ച് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

തിരച്ചില്‍ തുടരുന്നു

ഉരുള്‍പ്പൊട്ടല്‍ നടന്ന ആദ്യദിവസം തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രയിലെത്തിച്ചത് 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളുമാണ്. നിലമ്പൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 19 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, 2 ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാത്രിയിലും തുടര്‍ന്നു.

ചാലിയാര്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചു. രണ്ടാമത്തെ ദിവസം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. പലതും തിരച്ചറിയാന്‍ സധിക്കാത്തവ. ഉരുള്‍പൊട്ടലിന്റെ രണ്ടാമത്തെ ദിവസം മൊത്തത്തില്‍ 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതില്‍ 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റിയത്.

പോലീസ്, വനം, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് , നാട്ടുകാര്‍, നൂറുകണക്കിന് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏഴ് ദിവസമായി തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നുമാണ് നാലാമത്തെ ദിവസം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫ്, നവികസേന, അഗ്നിരക്ഷാ സേന, വനം, പോലീസ് സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചിലാരംഭിച്ചിരുന്നു.

ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോഴും ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നു. ആകെ 75 മൃതദേഹങ്ങളും 158 മൃതദേഹ ഭാഗങ്ങളും ഇതുവരെ ലഭിച്ചു. 38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികുടെയും നാല് പെണ്‍കുട്ടികളുടെയുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയില്‍ നിലവില്‍ തിരച്ചില്‍ തുടരുകയാണ്. വനം വകുപ്പും സംയുക്ത സംഘവും തെരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്. മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.