വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് രണ്ട് ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്. ഏഴ് സംഘങ്ങളായാണ് കലക്കന്‍ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ജനകീയ തിരച്ചിലില്‍ പങ്കാളികളായി തൃശൂരില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ 22 വനിതാ വൊളന്റിയര്‍മാരുമുണ്ട്. അഗ്‌നിരക്ഷാ സേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, പ്രത്യേക പരിശീലനം നേടിയവരാണ് തിരച്ചില്‍ നടത്തുന്നത്. ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂര്‍, പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ വൊളന്റിയര്‍മാരാണ് ശനിയാഴ്ച മുതല്‍ തിരച്ചിലിന്റെ ഭാഗമായത്.

37 പേരാണ് തൃശൂരില്‍നിന്നു വയനാട്ടില്‍ എത്തിയത്. 27 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരില്‍ 5 പേര്‍ പുരുഷന്‍മാരാണ്. 10 പേര്‍ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരാണ്. മറ്റു ജില്ലകളില്‍നിന്നു വനിതാ വൊളന്റിയര്‍മാര്‍ സേവനത്തിന് എത്തിയിട്ടുണ്ടെങ്കിലും നാലോ അഞ്ചോ പേര്‍ മാത്രമേയുള്ളൂ. ഇത്രയധികം വനിതാ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എത്തിയത് തൃശൂരില്‍ നിന്നാണ്. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പലരും പല മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. വടക്കാഞ്ചേരി അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ.നിധീഷിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല, വെള്ളാര്‍മല സ്‌കൂള്‍, മുണ്ടക്കൈ എന്നിവിടങ്ങളില്‍ പ്രത്യേക സംഘങ്ങളായാണ് തിരച്ചില്‍. ബുധനാഴ്ച വരെയാണ് ഇവര്‍ ചൂരല്‍മലയില്‍ സേവനത്തിനുണ്ടാവുക.

അതേസമയം, ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോയെന്നതില്‍ ശുപാര്‍ശ നല്‍കാനും അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.

ഉരുള്‍പ്പൊട്ടലില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അത് വീണ്ടും നല്‍കുന്നതിനായുള്ള നടപടികള്‍ രണ്ട് ക്യാംപുകളിലായി തുടങ്ങിയിട്ടുണ്ട്. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലും ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും ക്യാമ്പുകളില്‍ കഴിയുന്നുവരില്‍ നിന്ന് വിവരം ശേഖരണം നടത്തിയാണ് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ, ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങള്‍ എന്നിവയുടെ ഡിഎന്‍എ പരിശോധനാ ഫലം കിട്ടിത്തുടങ്ങി. ഇവ ഇന്ന് മുതല്‍ ഇത് പ്രസിദ്ധപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. താല്‍ക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. 250ല്‍ അധികം വീടുകള്‍ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.