- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍; ഇരുന്നൂറിലധികം പേര് ഇപ്പോഴും കാണാമറയത്ത്; വെല്ലുവിളിയായി കനത്ത മഴ; പാലം പണി തുടര്‍ന്ന് സൈന്യം
മേപ്പാടി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു.
മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിരുന്നില്ല. ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.
മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര് പുരുഷന്മാരും 66 പേര് സ്ത്രീകളുമാണ്. 18 പേര് കുട്ടികളാണ്. ഒരു മൃതദേഹത്തിന്റെ ആണ് പെണ് വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികള്‍ കയര്‍ത്തു. മേപ്പാടിയില്‍നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങള്‍ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ഭക്ഷണവണ്ടികള്‍ ഉള്‍പ്പെടെ പൊലീസ് തടഞ്ഞെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും.
അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. 9 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. കണ്ട്രോള് റൂമുകളില്‍ മന്ത്രിമാര്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്കി. കൂടുതല്‍ ഫൊറന്‍സിക് ഡോക്ടര്‍മാരെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തമുണ്ടായ ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം കണ്ണൂര്‍ ഡി.എസ്.സി. നിര്‍മ്മിച്ച താത്കാലിക പാലം വെള്ളത്തിനടിയിലായി.
അതേസമയം, ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്ലി പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും.
വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുക്കല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെയായി (31 ജൂലൈ 2024 7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കും.
തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടന്‍ വയനാട്ടിലെത്തിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറില്‍ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലന്‍സുകള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. 30 അംബുലന്‍സുകളാണ് ഇതുവരെ വയനാട്ടിലേക്ക് തിരിച്ചത്. ഓരോ അംബുലന്‍സിലും രണ്ടില്‍ കുറയാത്ത വളണ്ടിയര്‍മാരുമുണ്ട്. പൊലീസ് എസ്കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടന്‍ കൊണ്ടു പോകും.