കല്‍പറ്റ: ഒരു രാത്രിയിലെ ഏതാനും മണിക്കൂറുകള്‍ക്കിടെ ഒരു ഗ്രാമം തന്നെ ഇല്ലാതായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങള്‍ പുറത്ത്. ഉരുള്‍പൊട്ടലുണ്ടായ അന്ന് രാത്രി ചൂരല്‍ മലയില്‍ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദൃശ്യമാക്കുന്ന ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇരച്ചെത്തുന്ന മലവെള്ളം കടകളിലെ സാധനസാമഗ്രികള്‍ തുടച്ച് നീക്കി ഒഴുകുന്നത് ദൃശ്യങ്ങളില്‍ കാണാം. ചൂരല്‍മലയിലെ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഉരുള്‍പൊട്ടല്‍ എത്രത്തോളം ഭയാനകമായിരുന്നു എന്ന് മനസ്സിലാകുന്നത്.

അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കാഴ്ചക്കാരില്‍ ഭയവും വേദനയും നിറക്കും. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ചൂരല്‍ മലയില്‍ അതിശക്തമായ മഴ പെയ്തിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദുരന്തത്തില്‍ വെള്ളാര്‍മല സ്‌കൂളും തകര്‍ന്നിരുന്നു.

മുണ്ടക്കൈ ജുമാമസ്ജിദില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉരുള്‍പൊട്ടല്‍ ദിനത്തില്‍ കടകളില്‍ വന്ന് സാധനങ്ങള്‍ വാങ്ങി മരണത്തിലേക്ക് യാത്ര ചെയ്ത നാട്ടുകാരുടെ ദൃശ്യങ്ങളും നോവായി മാറി. ഉരുള്‍പൊട്ടല്‍ രാത്രി പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പെയ്തിറങ്ങിയത് മേഘവിസ്‌ഫോടനം. രേഖപ്പെടുത്തിയത് 570 മില്ലി മീറ്റര്‍ മഴ. ഇതിലാണ് ഒരു മല ഒന്നാകെ ഒഴുകിയെത്തി രണ്ട് ഗ്രാമങ്ങളെ ഇല്ലാതാക്കിയത്.

അതിന്റെ തീവ്രത വ്യക്തമാക്കുന്ന പേമാരിയുടെ ദൃശ്യങ്ങളാണ് മുണ്ടക്കൈ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞത്. അന്നേ ദിവസം പകല്‍ കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങി കൊച്ചു വര്‍ത്തമാനവും പറഞ്ഞു വീട്ടിലേക്ക് മടങ്ങിപ്പോയവരില്‍ ഭൂരിഭാഗം പേരെയും പിന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല. ചിലരുടെയൊക്കെ മൃതദേഹങ്ങള്‍ കിട്ടി. ഭൂരിഭാഗം പേരും ഇപ്പോഴും മണ്ണിനടിയില്‍ തന്നെ.

ദുരന്തത്തില്‍ അകപ്പെട്ട 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഡിഎന്‍എ ഫലം ലഭ്യമായി തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്.

ജൂലൈ 30നാണ് വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം. മൂന്നര മണിക്കൂറിനിടെ രണ്ടു തവണ ഉരുള്‍പൊട്ടി. ചാലിയാര്‍ വഴി നിലമ്പൂര്‍വരെ 38 കിലോമീറ്ററോളം ദൂരം മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും 24 മണിക്കൂറിനിടെ പെയ്തത് 37 സെന്റിമീറ്റര്‍ മഴയാണ്. 24 മണിക്കൂറിനിടെ 20 സെന്റിമീറ്ററിലേറെ മഴ തന്നെ അതിതീവ്രമെന്നാണു കണക്കാക്കുന്നത്. അതിന്റെ ഇരട്ടിയോളമാണു പെയ്തത്.

ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തത് നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്.

അതിനിടെ, വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധികര്‍ക്ക് അടിയന്തര ധനസഹായമായി അക്കൌണ്ടിലെത്തിയ പതിനായിരം രൂപയില്‍ നിന്ന് 2000 രൂപ ബാങ്ക് പിടിച്ചെന്ന് പരാതി. ഇ എം ഐ വിഹിതമായാണ് ചൂരല്‍മല സ്വദേശി സന്ദീപിന്റെ അക്കൗണ്ടില്‍ നിന്ന് കേരള ഗ്രാമീണ ബാങ്ക് 2000 രൂപ പിന്‍വലിച്ചത്. ഉള്ളതെല്ലാം നഷ്ടപ്പെട്ട സന്ദീപിനു വാടക വീടിനു അഡ്വാന്‍സ് നല്‍കാന്‍ മാറ്റി വെച്ച തുകയാണ് ബാങ്ക് പിടിച്ചത്. കാര്യം അന്വേഷിച്ചപ്പോള്‍ പണം തിരികെ നല്‍കാമെന്ന കാര്യം ബാങ്ക് അറിയിച്ചെന്ന് സന്ദീപ് പറഞ്ഞു.