- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലവെള്ളം കുതിച്ചെത്തിയതോടെ താത്കാലിക പാലം മുങ്ങി; രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു; വയനാട് ദുരന്തത്തില്‍ മരണസംഖ്യ 251 ആയി
കല്പറ്റ: ചൂരല്‍മലയില്‍ കണ്ണാടിപ്പുഴയില് മലവെള്ളം കുതിച്ചെത്തിയതോടെ, രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഉരുള്‍പൊട്ടിയതിന് സമാനമായ നിലയിലാണ് പുഴയില്‍ മലവെള്ളം കുതിച്ചൊഴുകുന്നത്. സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് സൈന്യം നിര്‍മ്മിക്കുന്ന ബെയ്ലിപാലത്തിന്റെ നിര്‍മ്മാണവും മുടങ്ങി.
അനൗദ്യോഗിക കണക്കുപ്രകാരം, മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇരുന്നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ 167 മരണങ്ങള്
ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞു. 77 പേര് പുരുഷന്മാരും 67 പേര് സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിന്റെ ആണ് പെണ് വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല.
166 മൃത ദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണവും പോസ്ററുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 78 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
അതേസമയം കനത്ത മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിരുന്നില്ല. ഡോഗ് സ്ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ തിരയുകയാണ് സംഘം ചെയ്യുന്നത്. താല്‍ക്കാലിക പാലം നിര്‍മിച്ച ശേഷം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. 9 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. കണ്ട്രോള് റൂമുകളില്‍ മന്ത്രിമാര്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്കി. കൂടുതല്‍ ഫൊറന്‍സിക് ഡോക്ടര്‍മാരെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.