- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ചിതയിലിരിക്കുന്നത് ഒരു കൈ മാത്രം; ആറ്റുനോറ്റു വളര്‍ത്തിയ പൊന്നു മകളുടെ കൈ മോതിരം കണ്ട് തിരിച്ചറിഞ്ഞ് പിതാവ്
അന്ത്യ കര്‍മ്മങ്ങള്‍ കാത്ത് ആ ചിതയിലിരിക്കുന്നത് ഒരു കൈ മാത്രമാണ്. ശരീരഭാഗങ്ങള്‍ എവിടെ എന്ന് ഇനിയും ആര്‍ക്കും അറിയില്ല. ആറ്റുനോറ്റു വളര്‍ത്തിയ പൊന്നു മകളുടെ കൈയ്യിലെ മോതിരം കണ്ടാണ് പിതാവ് രാമസ്വാമി ആ കൈ തന്റെ മകള്‍ ജിഷയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തലയിലും താഴത്തും വയ്ക്കാതെയാണ് ഇല്ലായ്മയ്ക്കിടയിലും രാമസ്വാമി മകള്‍ ജിഷയെ വളര്‍ത്തിയത്. വലുതായപ്പോള്‍ ജിഷയെ വിവാഹം കഴിപ്പിച്ചുവിട്ടു. കലിപൂണ്ടെത്തിയ ഉരുള്‍പ്രവാഹം അവളെയും ഭര്‍ത്താവ് മുരുകനെയും കവര്‍ന്നെടുത്തു പാഞ്ഞു.
ദിവസങ്ങളായി മകളെയും ഭര്‍ത്താവിനേയും തേടിയുള്ള അലച്ചിലിലായിരുന്നു രാമസ്വാമി. അതിനിടെയാണ് ചാലിയാറില്‍ നിന്നും ഒരു കൈ ലഭിക്കുന്നത്. ആ കൈയ്യിലെ വിവാഹമോതിരത്തില്‍ 'മുരുകന്' എന്നെഴുതിയിരുന്നു. ഈ മോതിരം കണ്ടാണ് രാമസ്വാമി മകളെ തിരിച്ചറിഞ്ഞത്. ആ കൈ ചിതയിലേക്കു വച്ചപ്പോള്‍ മുഖംപൊത്തി വിതുമ്പി, അച്ഛന്. രാമസ്വാമിയുടെ ഭാര്യ തങ്കമ്മയെയും മരുമകന് മുരുകനെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൊച്ചുമകന് അക്ഷയിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി സംസ്കരിച്ചു.
അഭിജിത്തിനും പ്രണവിനും തൊടുപുഴ ആശ്രമം തുണയേകും
ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങളില്‍ എല്ലാവരും നഷ്ടപ്പെട്ട് ഏകരായ മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ അഭിജിത്തിനെയും പ്രണവിനെയും തൊടുപുഴയിലെ ശ്രീകലാ തീര്‍ഥപാദാശ്രമം ഏറ്റെടുത്ത് പഠിപ്പിക്കാനും ജോലി നല്‍കാനും സന്നദ്ധത അറിയിച്ചു.
ആരോരുമില്ലാതെ ബന്ധുക്കളായ രണ്ട് കുട്ടികള്‍ ഒറ്റപ്പെട്ട വാര്‍ത്തയറിഞ്ഞ കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഷൈജിഷ് വിശ്വപ്രഭയാണ് തൊടുപുഴ ആശ്രമത്തിലെ സ്വാമി വിവേകാനന്ദ തീര്‍ഥയെ കുട്ടികളുടെ വേദന അറിയിച്ചത്. അഭിജിത്തിന്റെ അടുത്ത ബന്ധു ബാബുരാജുമായി സ്വാമി ഫോണിലൂടെ ബന്ധപ്പെട്ടു.
കുട്ടികള്‍ മാനസികമായി കരുത്തു നേടിയശേഷം അവരുമായി സംസാരിക്കുമെന്നും അവരുടെ ആഗ്രഹപ്രകാരമുള്ള പിന്തുണ നല്‍കുമെന്നും സ്വാമി പറഞ്ഞു. സര്‍ക്കാരിന്റെ സഹായങ്ങളും അര്‍ഹതയുള്ള അവകാശങ്ങളും ലഭിക്കുന്നതിന് ഈ പിന്തുണ തടസ്സമാവരുതെന്നും സ്വാമി പറഞ്ഞു.