കൃഷി തകര്‍ന്നതോടെ പിടിച്ചുനിന്നത് ടൂറിസത്തില്‍; ആത്മഹത്യയില്‍നിന്ന് കരകയറ്റിയ ആ മേഖലയും തകരുന്നു; വയനാടിനെ കാത്തിരിക്കുന്നത് സാമ്പത്തിക ദുരന്തമോ?
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: 80-കളില്‍ വയനാട്ടില്‍ പ്രചരിച്ചു ഒരു കഥയുണ്ട്്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ എം ഡി, വയനാട് പുല്പ്പള്ളിയിലൊക്കെ എത്തി പരിശോധന നടത്തിയെന്ന്. കാരണം അക്കാലത്ത് മഹീന്ദ്രയുടെ ജീപ്പുകള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്ഥലം വയനാട് ആയിരുന്നു. ഈ 'പ്രതിഭാസ'ത്തിന്റെ കാരണം അറിയാണാണ് അവര്‍ വയനാട് സന്ദര്‍ശിച്ചത് എന്നാണ് കഥ. പക്ഷേ ഇത് വെറും കഥ മാത്രമായിരുന്നില്ല. കുരുമുളകും, അടക്കയും, റബ്ബറും, ഇഞ്ചിയുമൊക്കെയായി സമ്പല്‍ സമൃദ്ധമായ ഒരു ഭുതകാലം വയനാടിന് ഉണ്ടായിരുന്നു. 'കുരുമുളക് അച്ചായന്മ്മാര്' എന്ന് വയനാട്ടുകാര്‍ ജാതിമതഭേദന്യേ വിളിക്കപ്പെട്ടകാലം. അന്ന് പത്ത് പുത്തനുള്ളവരെ കാണണമെങ്കില്‍ വയനാട്ടില്‍ വരണം എന്നായി അവസ്ഥ.
പക്ഷേ 90-കളുടെ അവസാനം എത്തിയപ്പോഴേക്കും കാര്യങ്ങള്‍ ആകെ മാറി. ദ്രുതവാട്ടം എന്ന മാരകരോഗം മൂലം തീപ്പിടിച്ചതുപോലെ വയനാടന്‍ കുരുമുളക് ഉണങ്ങിപ്പോയി. മഹാളി രോഗം അടക്കയുടെയും കാലനായി. റബ്ബറിനും, ഇഞ്ചിക്കും, കുത്തനെ വിലയിടിഞ്ഞു. ജീപ്പും കാറും തലങ്ങനെയും വിലങ്ങനെയും ഓടിയിരുന്നു വയനാടിന്റെ ആ നല്ലകാലം പൊലിഞ്ഞു. 2000-ത്തിന്റെ തുടക്കം മുതല്‍ വയനാട്ടില്‍നിന്ന് കേള്‍ക്കാനുള്ള കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ മാത്രമായിരുന്നു. കടം കയറി കുത്തപാളയെടുത്ത് ബാങ്ക് ജപ്തിയായതിനെ തുടര്‍ന്ന്, തുടര്‍ച്ചയായി കര്‍ഷകര്‍ ആത്മഹത്യചെയ്തകാലം. ഒരു ദിവസം ഒരു കര്ഷകന് വിഷമടിച്ചതാണെങ്കില്, അടുത്ത ദിവസം തൂങ്ങിമരിച്ച വാര്‍ത്തകള്‍! സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ പരിഹരിക്കാനുള്ള പാക്കേജ് വെച്ചിട്ടും ജപ്തി നിര്‍ത്തിവെച്ചിട്ടും, ദുരിതത്തിന് ശമനമുണ്ടായിരുന്നില്ല.
അവിടെനിന്ന വയനാട് കരകയറിത് രണ്ടുകാര്യങ്ങള്‍ കൊണ്ടായിരുന്നു. ഒന്ന് പഠിച്ചുവളര്‍ന്ന യുവ തലമുറ, ജോലി തേടി ബാഗ്ലൂരിലും, യു കെയിലും, അയര്‍ലണ്ടിലും, ജര്‍മ്മനിയിലും, കാനഡയിലുമൊക്കെയെത്തി കുടുംബം പോറ്റി. രണ്ടാമത്തേതായിരുന്നു വയനാടിന്റെ സാമ്പത്തിക മേഖലയെ കാര്യമായി തുണച്ചത്. അതാണ് ടൂറിസം. മുട്ടിന് മുട്ടിന് ഹോം സ്റ്റേകളും, റിസോര്‍ട്ടുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളുമൊക്കെയായി വയനാട് വളര്‍ന്നു. ഇന്ത്യയൂടെ നാനാ ഭാഗങ്ങളില്‍നിന്നും ടൂറിസ്റ്റുകള്‍ ഇവിടെ വരാന്‍ തുടങ്ങി. ഞായറാഴ്ചകളില്‍ താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരക്കുണ്ടായി.
പക്ഷേ ഇപ്പോള്‍ ആവര്‍ത്തിക്കുന്ന വന്യജീവി ആക്രണങ്ങളും, പ്രകൃതി ദുരന്തങ്ങളും വയനാടിന്റെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയായിരിക്കയാണ്. ഇപ്പോള്‍ 500 ലധികംപേരുടെ ജീവനെടുത്ത, മുണ്ടക്കെയിലെ മഹാദുരന്തത്തിനുശേഷം, വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന് ഉറപ്പായിരിക്കയാണ്. ഇനി പഴയതുപോലെ സുരക്ഷിതമായ ഒരു സ്ഥലമായി വയനാട്ടിലേക്ക് ടൂറിസ്റ്റുകളും വരാനിടയില്ല. അതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ നാടിനെ കാത്തിരിക്കുന്നതെന്നും സൂചനയുണ്ട്.
ടൂറിസം മേഖലയും തകരുന്നു1
വന്യജീവി സംഘര്‍ഷം രൂക്ഷമായതോടെ ഈ വര്‍ഷം ഫെബ്രുവരി പകുതി മുതല്ക്കുതന്നെ വയനാട്ടില്‍നിന്ന്, ടൂറിസം മേഖലയിലെ തിരിച്ചടിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. ഫെബ്രുവരി 19 നാണ് വയനാട്ടില്‍ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഒറ്റയടിക്കു പൂട്ടിയത്. ഇതോടെ ടൂറിസം മേഖലയില്‍ കടുത്ത മാന്ദ്യമാണ് വന്നത് എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. കുറുവ ദ്വീപ്, തോല്പെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രെക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീന്മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരന്‍കുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് ഇവയെല്ലാം. ഇതോടെ വയനാട്ടിലെ പകുതിയിലധികം ടൂറിസം കേന്ദ്രങ്ങളും അടഞ്ഞു.
കോവിഡിനു ശേഷം വയനാട്ടില്‍ ടൂറിസം മേഖലയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടായിരുന്നു. ടൂറിസം കേന്ദ്രങ്ങളോടു ചേര്‍ന്ന് പെട്ടിക്കട മുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വരെ തുടങ്ങിയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോയത്. വനംവകുപ്പിന്റെ കീഴിലെ വനസംരക്ഷണ സമിതി ജീവനക്കാര്‍ മാത്രം അഞ്ഞൂറിലധികമുണ്ട്. റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാരും ജീവനക്കാരും, ടാക്സി ഡ്രൈവര്‍മാര്‍, ഗൈഡുമാര്‍ തുടങ്ങി അയ്യായിരത്തിലധികം േപരാണ് ഈ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്നത്. ഇതോടെ ഇവരൊക്ക പ്രതിസന്ധിയിലായി.
മാനന്തവാടി പാക്കത്ത് വനസംരക്ഷണ സമിതി ജീവനക്കാരനായ പോളിനെ കാട്ടാന കൊന്നതോടെയാണ് ഒറ്റയടിക്ക് ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയത്. സാധാരണ കടുത്ത വേനലില്‍ കാട്ടുതീ ഒഴിവാക്കാന്‍ ഒന്നോ രണ്ടോ മാസം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടാറുണ്ട്. മഴ തുടങ്ങുന്നതോടെ ഇവ തുറക്കുകയും ചെയ്യും. വന്യജീവി ആക്രമണം രൂക്ഷമായതിനു പിന്നാലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹര്‍ജി നല്‍കുകയും ചെയ്തു. പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് കോടതി നിര്‍ദേശപ്രകാരം മാത്രമാകണമെന്ന് ജസ്റ്റിസ് ഡോ. എ. കെ. ജയശങ്കരന്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിറക്കി. ഇതിലെ കേസ് തുടരുകയാണ്.
കാട്ടാനയും, കാട്ടുപോത്തുമടക്കമുള്ള വന്യജീവികളുടെ ആക്രമണം വര്‍ധിച്ചതോടെ വയനാട് ഒരു സുരക്ഷിത കേന്ദ്രം അല്ല എന്ന തോന്നലാണ് പുറത്ത് നിന്നുള്ളവര്‍ക്ക് ഉണ്ടാവുന്നത്. ഇതോടെ ഇങ്ങോട്ട് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണവും കുറവാണ്. നിരവധി ഹോം സ്റ്റേകളും, റിസോര്‍ട്ടുകളും അടച്ചുപൂട്ടിയതായും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇതിനശേഷമാണ്, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ മുണ്ടക്കെ- ചൂരല്‍മല ദുരന്തം ഉണ്ടാവുന്നത്്. ഇതോടെ വയനാട്ടിലേക്കുള്ള ടൂറിസം സാധ്യതകള്‍ ഇനിയും മങ്ങൂം. ലക്ഷങ്ങള്‍ ബാങ്കില്‍നിന്ന് ലോണെടുത്ത് റിസോര്‍ട്ടുകള്‍ നവീകരിച്ചവരെക്കെ ഇതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ നില്ക്കയാണ്. ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതോടെ പഴയ ആത്മഹത്യാക്കാലം തിരിച്ചുവരുമോ എന്ന ഭീതിയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.
വില്ലനായി ഡിസാസ്റ്റര്‍ ടൂറിസം
ടൂറിസം മേഖല തകര്‍ന്നെങ്കിലും ഡിസാസ്റ്റര്‍ ടൂറിസം എന്ന ഒരു ബ്ലാക്ക് ടൂറിസത്തിന്റെ ശല്യത്തിലാണ് വയനാടിന്റെ ദുരന്തമേഖല. വ്യത്യസ്തമായ കാഴ്ചതേടി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാനെത്തുന്ന ഡിസാസ്റ്റര്‍ ടൂറിസ്റ്റകളുമാണ് ദുരന്തമേഖലയില്‍ ശല്യമാവുകയാണ്. അയല്‍ സംസ്ഥനങ്ങളില്നിന്നടക്കം ധാരാളംപേരാണ് വ്ളോഗിനും മറ്റുമായി ഇവിടെ എത്തുന്നത്. ഇവരുടെ സാനിധ്യം രക്ഷാപ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നതിനാല്‍ ഇവിടെ പ്രവേശിക്കുന്നതിന് പൊലീസ് കര്‍ശന നിയന്ത്രണം ഏര്പ്പെടുത്തിയരിക്കയാണ്. ഡിസാസ്റ്റര്‍ ടൂറിസം വേണ്ടെന്ന് മൂന്നറിയിപ്പ് നല്കുന്ന പോസ്റ്റുകള്‍ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ടൂറിസ്റ്റുകളായി എത്തുന്നരെ നിര്‍ബന്ധമായി തടയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. -"വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ദുരന്തം സ്ഥലത്തേക്ക് ടൂറിസ്റ്റുകളെപ്പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കയാണ്. ഇവരുടെ വാഹനം തടയേണ്ടിവരും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദര്ശനവുംവേണ്ട. ഇത് ക്യാമ്പിലുളളവരുടെ സ്വകാര്യതയെയും, ശുചിത്വത്തെയുമൊക്കെ ബാധിക്കും"- മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലും ഇത്തരക്കാര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
അതിനിടെ ദുരന്തമേഖലയില്‍നിന്ന് മോഷണത്തിന്റെ വാര്‍ത്തകളും വരുന്നുണ്ട്. ദുരന്തഭുമിയിലെ അവശേഷിക്കുന്ന ചില വീടുകളില്‍ മോഷണമോ, മോഷണശ്രമമോ നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരമല ടൗണിലെ ഇബ്രാഹീമിന്റെ വീട്ടില്‍ ശനിയാഴ്ച പകല്‍ മോഷണം നടന്നതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന്, അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ദുരന്തമുണ്ടായതിന് പിന്നാലെ ഇബ്രാഹീമും കുടുംബവും വീട് ഒഴിഞ്ഞ്, ദുരിതാശ്വാസ ക്യാമ്പിലാണ്. രാവിലെ വീട്ടിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാനായി ഇബ്രാഹീം എത്തിയപ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനുപോയി ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ്, മോഷണ വിവരം അറിയുന്നത്്.
വില്ലേജ് ഓഫീസ് പരിസരത്തെ കരിമണ്ണൂര്‍ സലീമിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി. ചെളികയറി നാശമായ വീട്ടിലെ, അലമാര പൊളിച്ച് ഉള്ളിലുള്ള സാധനങ്ങളെല്ലാം, പുറത്തേക്ക് വലിച്ചുരവാരിയിട്ട നിലയിലാണ്. അതേസമയം തിരിച്ചിലിനിടെ കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രക്ഷാപ്രവര്‍ത്തര്‍ അധികൃതരെ ഏല്‍പ്പിക്കയാണ് ചെയ്യുന്നത്. 'ക്ഷയരോഗിയുടെ കഫം തിന്നുന്നവര്‍' എന്നാണ് സോഷ്യല്‍ മീഡിയ ഇവരെ വിശേഷിപ്പിക്കുന്നത്.