- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരൊക്കെ വേദന അറിയാതെ മരിച്ചത് മാത്രം ആശ്വാസം; അധികവും തലയില്ലാത്ത ഉടലുകള്‍; മനസ് മരവിച്ചുപോയ കാഴ്ചകളെന്ന് ഫോറന്‍സിക് വിദഗ്ദ്ധന്
മഞ്ചേരി: സ്ഥിരമായി മണ്ണിടിച്ചിലും, ദുരന്തങ്ങളും ഉണ്ടാകുന്ന ഉത്തരാഖണ്ഡില്‍ പോലും ഇത്രയേറെ പേര് മരണപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടില്ലെന്നാണ് സൈന്യം പോലും പറയുന്നത്. രണ്ടുഗ്രാമങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ചാലിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പരിശോധനയും പോസ്റ്റ്മോര്‍ട്ടവും മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതിന്റെ നടക്കുന്ന ഓര്‍മ്മകളിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. മൂന്നുദിവസം കൊണ്ട് 153 പോസ്റ്റ്മോര്‍ട്ടങ്ങളാണ് നടത്തിയത്.
പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ തലകള്‍, തലയില്ലാത്ത നാല്പതോളം ഉടലുകള്‍. പാറക്കെട്ടുകളിലും മറ്റും കുരുങ്ങി കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങള്‍. എല്ലുകളും പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നവര്‍… നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോ.ഹിതേഷും കൂട്ടരും കണ്ട കാഴ്ചകള്‍ മനസ്സിനെ തളര്‍ത്തുന്നവയായിരുന്നു.
പൂര്‍ണശരീരത്തോടെ കിട്ടിയത് പത്തു മൃതദേഹങ്ങള്‍ മാത്രമാണെന്ന് ഡോ ഹിതേഷ് പറഞ്ഞു. അധികവും തലയില്ലാത്ത ഉടലുകളും കൈകാലുകളുമായിരുന്നു. മിക്കവരുടെയും തല ശക്തമായ പൊട്ടിത്തെറിയില്‍ തകര്‍ന്ന രീതിയിലായിരുന്നു. വായിലും ശ്വാസകോശത്തിലും വയറ്റിലുമെല്ലാം മണ്ണ് കയറിയിട്ടുണ്ട്. പലതും ജീര്‍ണിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരിച്ചിട്ടുണ്ടാവുക. അതിനാല്‍, ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല. അതുമാത്രമാണ് ഏക ആശ്വാസമെന്നും ഡോക്ടര്‍ പറഞ്ഞു.
തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ജനിതകപരിശോധന മാത്രമാണ് പോംവഴി. ഡി എന്‍ എ പരിശോധനാഫലം കിട്ടിയവ ബന്ധുക്കള്‍ക്ക് കൈമാറുകയും അങ്ങനെയല്ലാത്തവ ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയുമാണ്. ചില മൃതദേഹങ്ങള്‍ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പ് ഇട്ട പല്ലുകളും ടാറ്റൂ അടിച്ച കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്. പലതായി ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തിലാക്കുകയായിരുന്നു ഡോക്ടര്‍മാര്‍ നേരിട്ട വലിയ വെല്ലുവിളി.
48 മണിക്കൂര്‍ പണിപ്പെട്ടാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അവസാനമായി ഒരുനോക്കു കാണാന്‍ പ്രിയപ്പെട്ടവര്‍ക്ക് നല്കുമ്പോള് അത് ഏറ്റവും ഭംഗിയായി നല്‍കണമെന്നാണ് ആഗ്രഹം. തയ്യാറെടുപ്പുകളോടെയാണ് മഞ്ചേരിയില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍, കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ കാഴ്ച. പല മൃതദേഹങ്ങളുടെയും ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്, ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു.
ഡോ. ഹിതേഷ് ശങ്കര്‍, ഡോക്ടര്‍മാരായ ആനന്ദ്, ലെവിസ് വസീം, പ്രജിത്ത്, രഹ്നാസ്, ഗ്രീഷ്മ, മനു, പ്രതീക്ഷ, ആസിഫ്, പാര്‍ഥസാരഥി, അസീം, പ്രഭുദാസ്, ആദിഷ്, ഫാസില്‍, ഷാക്കിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടങ്ങള്‍.