- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കള വാതില്‍ തുറക്കുമ്പോള്‍ വീടിന്റെ പൊക്കത്തില്‍ വെള്ളം വരുന്നു; ഓടി രക്ഷപ്പെടുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍; രക്ഷപ്പെട്ടവരുടെ ഭീകരാനുഭവങ്ങള്‍
കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശവാസികള്‍ക്ക് ഇന്നലെ നരകരാത്രിയായിരുന്നു. വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ കഴിയുന്ന പലരും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തേക്കാള്‍ ഒരു ജീവിതകാലം മുഴുവന്‍ വേട്ടയാടിയേക്കാവുന്ന നടുക്കത്തിന്റെ ആഘോതത്തിലാണ്.
വീടിന്റെ പൊക്കത്തില്‍ വെള്ളം
ഒന്ന് കണ്ണടച്ച് സങ്കല്‍പ്പിച്ച് നോക്കൂ…രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് ശബ്ദം കേട്ട് അടുക്കള വാതില്‍ തുറക്കുമ്പോള്‍ വീടിന്റെ പൊക്കത്തില്‍ വെള്ളം പാഞ്ഞുവരുന്ന കാഴ്ച.
മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരുസ്ത്രീ പറഞ്ഞതിങ്ങന: 'ഞങ്ങളുടെ ഫാമിലി മൊത്തം രക്ഷപ്പെട്ടു. ഏകദേശം പന്ത്രണ്ട് മണിയൊക്കെ ആയിക്കാണും. ശബ്ദം കേട്ട് അടുക്കള വാതില്‍ തുറന്നപ്പോള്‍ വീടിന്റെ പൊക്കത്തില്‍ വെള്ളം വരുന്നു. വാതില്‍ അടച്ച് മക്കളെയൊക്കെ കൈയില്‍ പിടിച്ചു. അപ്പോഴേക്ക് വെള്ളം വന്ന് ഇടിച്ച് പോയി. മക്കളൊക്കെ കൈയില്‍ നിന്ന് പോയി.ഞങ്ങളെല്ലാവരും വെള്ളത്തിനടിയില്‍ പോയി, പൊന്തി. പിന്നെ ഏട്ടന്മാരൊക്കെ പിടിച്ചു. ഇരുട്ടല്ലേ, ഒന്നും കാണാന്‍ പറ്റിയില്ല. പിന്നെ അടുത്ത വീട്ടിലോട്ട് പോയി ഡ്രസൊക്കെ മാറി. മോളുടെ തല പൊട്ടിയിട്ടുണ്ടായിരുന്നു. അത് തുണിയൊക്കെ വച്ച് കെട്ടി നില്‍ക്കുമ്പോഴാണ് അടുത്ത ഉരുള്‍പൊട്ടല്‍. മക്കളെയൊക്കെ ബെര്‍ത്തിലും കട്ടിലിലുമൊക്കെ കയറ്റി. പക്ഷേ അവിടെയുണ്ടായിരുന്ന അഞ്ച് പേരെ കാണാനില്ല'
മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരും ഭീകരരാത്രിയുടെ ഷോക്കില്‍ നിന്ന് വിമുക്തരായിട്ടില്ല. മല്ലികയുടെ ബന്ധുക്കളായ ആറുപേരെയാണ് കാണാതായത്. കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹം ലഭിച്ചതായി വിവരമുണ്ട്. ബാക്കി മൂന്നുപേരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.
ചെളി വെള്ളത്തില്‍ കിടന്ന് നേരം വെളുപ്പിച്ചു
"വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞു. വാതിലും മതിലുമെല്ലാം തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാ രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു. ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലേ അതിന്റെ ആവശ്യമുള്ളൂ"- ചൂരല്‍മല സ്വദേശിയായ വയോധികന് പറഞ്ഞു.
'രാതി ഒരുമണിക്കാണ് ഉരുള്‍പൊട്ടിയത്. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. കമ്പികളും മരത്തടികളും ഇടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്. പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെ നിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്കയറി രക്ഷപ്പെട്ടു. ഭാര്യ ഇപ്പോഴും ഐസിയുവിലാണ്"- ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു
ഒരുകുട്ടി ഒലിച്ചുപോയി
'കുട്ടികളടക്കം എട്ടുപേര്‍ വീട്ടിലുണ്ടായിരുന്നു. ഒരു കുട്ടി ഒലിച്ചുപോയി ഒരിടത്ത് തങ്ങിനിന്നു. കുട്ടിയ്ക്ക് തലയിടിച്ച് പരിക്കുണ്ട്. വീട്ടിലുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നും' ചൂരല്‍മല സ്വദേശിയായ പെണ്‍കുട്ടി പറഞ്ഞു.
എത്രയും പെട്ടെന്ന് രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിക്കുന്നവര്
അതേസമയം, മറ്റുചിലരാകട്ടെ ദുരന്തഭൂമിയില്‍ പെട്ട തങ്ങളുടെ ഉറ്റവരുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതെ നിസ്സഹായവസ്ഥയിലാണ്.
'എന്റെ ബാപ്പയും സഹോദരനും സഹോദരന്റെ മകനും അവിടെ മരിച്ചു കിടക്കാണ്.. ഒരാള്‍ സ്ലാബിനടിയില്‍ കുടുങ്ങിക്കിടക്കാന്ന് പറഞ്ഞ് സഹോദരന്റെ മകന് വിളിച്ചുകൊണ്ടിരിക്കുന്നു…' എത്രയും പെട്ടന്ന് ആരെങ്കിലും അങ്ങോട്ട് ചെല്ലണമെന്ന് കരഞ്ഞപേക്ഷിക്കുകയാണ് ഇര്‍ഷാദും ബന്ധുക്കളും.
ദുരന്തഭൂമിയിലെ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് എത്താനാകാതെ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ് ഇര്‍ഷാദ്. ഒന്നരകിലോമീറ്റര്‍ പോയാലേ അങ്ങോട്ട് എത്താനാകൂ..അതിന് ഈ പുഴ കടക്കണം. ഹെലികോപ്റ്റല്ലാതെ അങ്ങോട്ട് കടക്കാനാകില്ലെന്നും ഇര്‍ഷാദിന്റെ പിതൃസഹോദരന് പറഞ്ഞു.
'എന്റെ ബാപ്പയും ഏട്ടനും ഏട്ടന്റെ മകനും പെങ്ങളുടെ മകനുമാണ് മരിച്ചുകിടക്കുന്നത്. സ്ലാബിനടയില്‍ കിടക്കുന്ന ആള്‍ക്ക് ജീവനുണ്ട്. അവനെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സിനെയോ ആരെങ്കിലും കൊണ്ടുവരാന്‍ വേണ്ടി വിളിച്ചുകൊണ്ടിരിക്കാണ്', ഇര്‍ഷാദും ബന്ധുക്കളും പറയുന്നു.