- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈയിലേക്ക് താത്കാലിക പാലം നിര്‍മ്മിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂടി; എയര്‍ ലിഫ്റ്റിങ്ങും സാധ്യമായി; മരണ സംഖ്യ 120 ആയി ഉയര്‍ന്നു
കല്പറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പരസ്പരം ബന്ധിപ്പിക്കുന്ന താത്കാലിക പാലം പുഴയ്ക്ക് കുറുകെ തയ്യാറായി. പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂടി. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ സൈന്യം പ്രത്യേകം നിര്‍മിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നുണ്ട്. ഇരുട്ടു പരുന്നതോടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. വടം ഉപയോഗിച്ചും ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തി.
അതേസമയം, എയര്‍ ലിഫ്റ്റിംഗ് സാധ്യമായി തുടങ്ങി. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നേരത്തെ വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തി പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയില്‍ സാഹസികമായാണ് ചൂരല്‍മലയില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്.
ഉരുള്‍പൊട്ടലില്‍ വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര് കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും.
രക്ഷാ ദൗത്യത്തിന് കൂടുതല്‍ സൈനികര്‍
ഹാരിസണ്‍ പ്ലാന്റിന്റെ ബംഗ്ലാവില്‍ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വി ടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്
രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘമാണ് ചൂരല്‍മലയിലെത്തിയത്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കിയത്.
താത്കാലിക ആശുപത്രി തുടങ്ങി
താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.
മൃതദേഹങ്ങളും പരുക്കേറ്റവരുമായും ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 45 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേര് ക്യാംപുകളിലുണ്ട്.
ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചു
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാല്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു.വൈദ്യുതി പുനസ്ഥാപനം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് നിരവധി കെ എസ് ഇ ബി ജീവനക്കാരെ മലബാര്‍ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.