കല്‍പ്പറ്റ: വാര്‍ത്ത കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പരിഭ്രാന്തിയിലായിരുന്നു. ഉരുള്‍ പൊട്ടിയ ശബ്ദം കേട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനിനിടെ, ധീരജിന്റെ ഫോണ്‍ വീണ് കേടുവന്നിരുന്നു. അതുകാരണം ചുറ്റും നടന്നതൊന്നും അറിഞ്ഞില്ല. ചൂരല്‍മല സ്വദേശികളാണ് ധീരജും കുടുംബവും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഇവരുടെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്ത കുടുംബ ഫോട്ടോ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ധീരജും കുടുംബവും മണ്ണിനടിയില്‍ പെട്ടുവെന്നായിരുന്നു വാര്‍ത്ത. ഒപ്പം ഫ്രെയിം ചെയ്ത കുടുംബ ചിത്രവും. എന്തായാലും ആശ്വാസത്തിന് വകയുണ്ട്. ധീരജ് മാത്രമല്ല, കുടുംബാംഗങ്ങള്‍ എല്ലാം സുരക്ഷിതരാണ്.

സംഭവ ദിവസം അമ്മയും ധീരജും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ പുല്‍പ്പള്ളിയിലുമാണ്. അതിതീവ്രമഴയെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും മാറി തറവാട്ട് വീട്ടിലായിരുന്നു ഇരുവരും. ഉരുള്‍പൊട്ടിയ ശബ്ദം കേട്ട ഉടനെ ധീരജും അമ്മയും അടുത്ത ഒരു കുന്നിലേക്ക് കയറുകയായിരുന്നു. മറ്റ് കുടുംബാഗങ്ങള്‍ക്കൊപ്പമാണ് അവര്‍ കുന്നിന്മുകളിലേക്ക് ഓടി കയറുന്നത്.

കുന്നിന്‍ മുകളില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നു. പിന്നീട് ഇവര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പട്ടതോടെ, ബന്ധുക്കളും കൂട്ടുകാരുമെല്ലാം വല്ലാതെ വിഷമിച്ചു. ധീരജിന്റെ ഫോണ്‍ കേടായത് കൊണ്ട് കാര്യങ്ങള്‍ അറിയാനും അറിയിക്കാനും വൈകി. ഇനിയെങ്കിലും ആ ഫോട്ടോ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ധീരജ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

അതസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 252 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.

അതേസമയം, മേഖലയിലെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാല്‍ അപായ സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. വ്യാഴാഴ്ച രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.

നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരല്‍ മലയില്‍. പുഴയില്‍ ഉരുള്‍പൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഭാഗിമായി തടസപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി.