തിരുവനന്തപുരം: വയനാട്ടിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനെ പ്രതീക്ഷയോടെ കാണുകായണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയനും പങ്കുവയ്ക്കുന്നത് ഈ വികാരമാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കും. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാറാണ് ടീം ലീഡര്‍. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള നില നോക്കിയാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂലമായ നിലയാണുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കുകയും പുനരധിവാസം ഉറപ്പുവരുത്തുകയും വേണം. അതിനായി ടൗണ്‍ഷിപ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രത്തിന്‍ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് വിശദമായ കത്ത് എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചില്‍ നടത്തും. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക. ക്യാമ്പില്‍ കഴിയുന്നവരെ വാഹനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് പ്രദേശത്തേക്ക് കൂടെ എത്തിക്കുക. 6 മേഖലകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. സാധ്യമായ മാര്‍ഗങ്ങളെല്ലാം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ 225 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്നും 148ഉം നിലമ്പൂര്‍ നിന്നും 77ഉം. ഇതിനുപുറമെ വിവിധയിടങ്ങളില്‍ നിന്നായി 195 ശരീരഭാഗങ്ങളും കണ്ടെത്തി. ചില മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലാ ശരീരഭാഗങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ പറ്റൂ. പ്രദേശത്ത് നിന്ന് കാണാതായ132 പേരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 420 പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തി. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആകെ 234 സംസ്‌കാരങ്ങള്‍ നടന്നു. 641 കുടുംബങ്ങളാണ് 14 ക്യാമ്പുകളിലായി കഴിയുന്നത്. ആകെ 1942 പേര്‍. താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.