- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്'; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; 'പ്രശ്ന പരിഹാരമെന്ന ലക്ഷ്യമാണുള്ളത്' എന്ന് കൂടുക്കാഴ്ച്ചക്ക് ശേഷം പ്രതികണം; സിനിമാ നയത്തിലെയും നിലപാട് അറിയിച്ചു
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
പ്രശ്നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്.
ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. അതേസമയം ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ നല്‍കിയ വിവരങ്ങളും പുറത്തു വരാന്‍ പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്.