ഹെരിഫോര്‍ഡ്: സൗദിയില്‍ വര്‍ഷങ്ങളായി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് യുകെയില്‍ എത്തി അഞ്ചു വര്‍ഷം പിന്നിടുമ്പോഴേക്കും വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മുദ്ര പുരസ്‌കാരത്തിലേക്ക്. ആരോഗ്യ രംഗത്തെ ഓസ്‌കര്‍ അവാര്‍ഡ് എന്ന് പ്രാദേശികമായി വിശേഷിപ്പിക്കപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ മികച്ച കെയര്‍ അവാര്‍ഡിനുള്ള ഗോള്‍ഡ് പുരസ്‌കാരം കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക് ലഭിച്ചതോടെ വാനോളം പ്രശംസയുമായി പ്രാദേശിക മാധ്യമങ്ങള്‍ കൂട്ടത്തോടെ എത്തിയത് വെയ്ല്‍സിലെ മലയാളി സമൂഹത്തിനും അഭിമാന നിമിഷമായിരിക്കുകയാണ്.

വെയില്‍സിലെ പ്രധാന പത്രങ്ങള്‍ എല്ലാം തന്നെ ഷൈനിയുടെ നേട്ടം ഒന്നാം പേജ് വാര്‍ത്തയാക്കിയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചപ്പോഴും മിടുക്കിയായ ഈ നഴ്സിനെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ എത്തിയിരുന്നു. ദീര്‍ഘകാലം വിദേശ ഹോസ്പിറ്റലില്‍ ജോലി ചെയ്തത് വഴി നേടിയ പ്രൊഫഷണലിസം ഇപ്പോള്‍ ജോലി ചെയ്യുന്ന കെയര്‍ ഹോമിന്റെ മികവില്‍ പ്രധാന കാരണമായി മാറിയതും ഷൈനിയുടെ നേട്ടത്തിന് പിന്നിലെ ചാലക ശക്തിയാണ്.

റിയാദ് നഗരത്തില്‍ നിന്നും വെയില്‍സിലെ ഒരു ഗ്രാമത്തിലേക്ക് ജീവിതം പറിച്ചു നടുകയും ആ തീരുമാനം വഴി പ്രായമായ വെയില്‍സിലെ ജനതയ്ക്ക് സേവനം ചെയ്യാന്‍ തയ്യാറായതും അവാര്‍ഡ് നിര്‍ണയത്തില്‍ ഷൈനിയുടെ പേര് മുന്നിലെത്താന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ചെറുപ്പക്കാര്‍ പട്ടണ പ്രദേശങ്ങളില്‍ ജോലി ചെയ്യാനും ജീവിക്കാനും തയ്യാറാകുമ്പോള്‍ വെയില്‍സിലെ പ്രാന്ത പ്രദേശത്തു ജോലി ചെയ്യാന്‍ തയ്യാറായ ഷൈനിയുടെ തീരുമാനം സാമൂഹ്യ സേവനത്തിന്റെ കാഴ്ചയിലും വിലമതിക്കാനാകാത്തതാണ് അവാര്‍ഡ് നോമിനേഷനില്‍ മുന്‍ഗണന ലഭിക്കാന്‍ കാരണമായതും.

ഇതേ കാരണത്താല്‍ അവാര്‍ഡ് കയ്യിലെത്തുമ്പോള്‍ ഷൈനിയെ സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ വെയില്‍സിലെ പ്രാദേശിക മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മുന്‍പ് പലര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും അന്ന് ലഭിക്കാത്ത ശ്രദ്ധയാണ് ഇപ്പോള്‍ ഒരു കുടിയേറ്റക്കാരിയുടെ കൈകളിലേക്ക് ഈ അവാര്‍ഡ് എത്തുമ്പോള്‍ പ്രാദേശിക ജനസമൂഹം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. കുടിയേറ്റക്കാരെ കൊണ്ട് നാടിനു ഗുണമുണ്ട് എന്ന ചിന്ത പടര്‍ത്താനും വെല്‍ഷ് സര്‍ക്കാരിന്റെ തീരുമാനം സഹായകമാകുകയാണ്.

വെയില്‍സിലെ റെയ്ഡര്‍ എന്ന സ്ഥലത്തു 64 ബെഡുള്ള വലിയൊരു കെയര്‍ ഹോമിലാണ് 36കാരിയായ ഷൈനി ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നഴ്‌സ് ആയി മികച്ച സേവനം നടത്തിയിട്ടുള്ള ഷൈനിക്ക് തികച്ചും അപരിചതമായ മേഖല ആയിട്ടും ബെസ്റ്റ് കെയര്‍ നഴ്‌സ് എന്ന അവാര്‍ഡിലേക്കുള്ള ദൂരം ഒട്ടും വലുതായിരുന്നില്ല. സൗദിയില്‍ നിന്നും 4000 മൈല്‍ സഞ്ചരിച്ചെത്തിയ ഷൈനിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏതൊരു നഴ്സിനും മാതൃക ആയിരിക്കണം എന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. കോവിഡ് കാലത്തെത്തിയ വിദേശ നഴ്‌സ് എന്ന നിലയില്‍ തുടക്ക സമയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നിട്ടും ഷൈനി പുതിയ അന്തരീക്ഷവുമായി അതിവേഗം പൊരുത്തപ്പെട്ടെന്നും അവാര്‍ഡ് നിര്‍ണായ സമിതിക്ക് കണ്ടെത്താനായി.

ഹോം മാനേജര്‍ തന്നെയാണ് ഷൈനിയെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്തത് എന്നതും പ്രത്യേകതയായി. ഷൈനിയുടെ പോസിറ്റീവ് ആറ്റിറ്റിയൂഡ് കെയര്‍ ഹോമിന്റെ മൊത്തം പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നാണ് മാനേജര്‍ സോഫി നല്‍കിയ നോമിനേഷനില്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുകെയിലെ ആദ്യ നാളുകളില്‍ താന്‍ ഇങ്ങോട്ട് വരാനെടുത്ത തീരുമാനം ശരിയായിരുന്നോ എന്ന സന്ദേഹം ശക്തമായിരുന്നു എന്നാണ് അവാര്‍ഡ് വിവരമറിഞ്ഞ ഷൈനി ആദ്യ പ്രതികരണം നടത്തിയത്. വിദൂരമായ ഒരു പ്രദേശത്തു ജീവിക്കേണ്ടി വരുന്നതിന്റെ സകല പ്രയാസങ്ങളും തന്നെ അലട്ടിയിരുന്നു എന്നും ഷൈനി തുറന്നു പറയുന്നു. എന്നാല്‍ സാവകാശം പുതിയ സാഹചര്യങ്ങളുമായി രണ്ടു കുട്ടികളോടൊപ്പം പൊരുത്തപ്പെടുക ആയിരുന്നു. പക്ഷെ ഇപ്പോള്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും ഒക്കെച്ചേര്‍ന്ന ചെറിയ കുടുംബത്തിന് ഇത്തരം പ്രദേശത്തു താമസിക്കുമ്പോള്‍ ലഭിക്കുന്ന പീസ് ഓഫ് മൈന്‍ഡ് ഏറെ പ്രധാനമായി തോന്നുകയാണ്.

വെയില്‍സിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി സ്വദേശികളും വിദേശികളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാര്‍ഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. അവരുടെ അര്‍ഹതയ്ക്കും ആത്മാര്‍ത്ഥ സേവനത്തിനും ലഭിച്ച അംഗീകാരമാണിത്. 2020ല്‍ വെയില്‍സിലേക്ക് മാറും മുമ്പ് ഷൈനി റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് (ഐ.സി.യു.) ജോലി ചെയ്തിരുന്നത്. ജേക്കബ് തരകനാണ് ഭര്‍ത്താവ്. മക്കള്‍: മന്ന, ഹന്ന.