- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംസം കഴിക്കുന്ന കമ്മാരമ്മാരുമായി സംഘര്‍ഷം; 10 ലക്ഷത്തിലധികം പേര് പങ്കെടുക്കുന്ന മഹായാത്ര; ശിവഭക്തര്‍ ആഘോഷമാക്കുന്ന കാവടി യാത്രയെ അറിയാം!
ഒരു ആചാരയാത്രയുടെ പേരില്‍ ഇന്ത്യ മുഴുവന്‍ തിളച്ചു നില്ക്കുന്ന സമയമാണെല്ലോ ഇത്. അതാണ് കാവഡ് യാത്രയെന്ന് ഹിന്ദിയിലും കാവടി യാത്രയെന്ന് മലയാളത്തിലും പറയുന്ന, ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന യാത്ര. കാവഡ് യാത്രയുമായി ബന്ധപ്പെട്ട് യു.പി-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ പുറത്തിറക്കിയ വിവാദ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേരും ജാതിയുമൊന്നും പ്രദര്ശിപ്പിക്കണമെന്നു നിര്‍ദേശിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ഹിറ്റ്ലറുടെ നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നതാണെന്നുമെല്ലാം വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവഡ് യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്‍ കടക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്‍ മുസഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലെ ഉജ്ജയിനിലും സമാന ഉത്തരവ് നല്‍കിയിരുന്നു. ഹോട്ടലുടമകളുടെ പേരും മൊബൈല്‍ നമ്പറും സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ഉത്തരവ്.
ഉത്തരവ് വിഭാഗീയത വളര്‍ത്താന്‍ കാരണമാകുമെന്നും, ഒരു വിഭാഗക്കാര്‍ക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കല്പിക്കാന് സാഹചര്യം ഒരുക്കുമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. കടകള്‍ക്കു മുന്നില്‍ ആരും ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കടയില്‍ വില്‍ക്കുന്ന ഭക്ഷൃവസ്തുക്കളുടെ വിവരങ്ങള്‍ വേണമെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി പറഞ്ഞു.
എന്താണ് കാവഡ് യാത്ര?
ഹൈന്ദവ വിശ്വാസികളിലെ ഒരു വിഭാഗം നടത്തുന്ന മതപരമായ യാത്രയാണ് കന്‍വാര്‍ യാത്ര എന്ന പേരില്‍ അറിയപ്പെടുന്ന കാവഡ് യാത്ര. ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ തീര്‍ത്ഥാടന യാത്രകളില്‍ ഒന്നാണിത്. ഒരു മിനി കുംഭമേള പോലെ തന്നെ 10-12 ലക്ഷം വരെയുള്ള ശിവഭക്തര്‍ തടിച്ചുകൂടുന്ന തീര്‍ത്ഥാടനമാണിത്. ഗംഗാ നദിയില്‍ നിന്ന് വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്റെ ഇരുവശങ്ങളിലായി തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്രയില്‍ ഏകദേശം 12 ദശലക്ഷം ആളുകള്‍ വരെ പങ്കെടുത്ത ചരിത്രമുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്. കന്‍വര്‍ അഥവാ കാവടി എന്ന വാക്കിന് ഈ ആചാരവുമായി ബന്ധമുണ്ട്. ഈ ദണ്ഡ് സാധാരണയായി മുള കൊണ്ട് നിര്മ്മിച്ചതാവും. രണ്ട് ഏതാണ്ട് തുല്യമായ ഭാരങ്ങളില് കുടങ്ങളിലെ ഗംഗാ ജലം തൂക്കും. ഒന്നോ രണ്ടോ തോളില്‍ തൂണിന്റെ മധ്യഭാഗം തുലനം ചെയ്താണ് ഈ കന്‍വര്‍ അഥവാ കാവട് ചുമക്കുന്നത്.
മണ്‍സൂണ്‍ മാസമായ ശ്രാവണിലാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഗംഗാ നദിയില്‍ നിന്ന് വെള്ളം എടുത്ത ശേഷം, ശിവഭക്തര്‍ എന്നറിയപ്പെടുന്ന തീര്‍ത്ഥാടകര്‍ നഗ്നപാദരായി കാവി വസ്ത്രത്തിലും അവരുടെ കന്‍വാര്‍ (ഉപയോഗിക്കുന്ന വടികള്‍ ) ഉപയോഗിച്ച് യാത്ര ചെയ്ത് അവരുടെ സ്വന്തം പ്രാദേശത്തേയോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ശിവക്ഷേത്രങ്ങളിലോ എത്തി ഗംഗാജലം ശിവന് ഒഴിക്കുകയാണ് ചെയ്യുന്നത്.
ജൂലൈ 22-നാണ് ഇത്തവണത്തെ കാവഡ് യാത്ര ആരംഭിച്ചത്. തീര്‍ഥാടകര്‍ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുന്നതാണ് ആചാരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗംഗാജലം ശേഖരിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ നടക്കുന്ന വഴികളില്‍ ഡ്രോണ്‍ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചിട്ടുണ്ട്.
ജാതി സംഘര്‍ഷങ്ങള്‍ക്കും ഈ യാത്ര പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍, കന്‍വര്‍ തീര്‍ഥയാത്ര പോകുന്ന വഴിയിലുള്ള കമ്മാരന്മാര് (ഇരുമ്പ് പണിക്കാര്) മാംസം കഴിക്കുകയും എല്ലുകള്‍ വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കോവിഡിനുശേഷം വീണ്ടും തീര്‍ത്ഥയാത്ര തുറന്നപ്പോള്‍, യാത്രപോവുന്ന വഴിയില്‍ കമ്മാരന്മാര് ഇല്ലെന്ന് ഉറപ്പാക്കി സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസിനെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കന്‍വാര്‍ യാത്രാ വഴികള്‍ വൃത്തിയാക്കാനും വഴികളില്‍ മാംസം വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യ നാഥ് കോവിഡ് കാലത്തു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഒരുപടികൂടി കടന്ന്, കച്ചവടക്കാരുടെ ജാതിയും മതവും നോക്കുന്ന നിലയിലേക്ക് എത്തിയതാണ് ഇപ്പോള്‍ വിവാദമായത്.
ഹരിദ്വാറില്‍ മത സൗഹാര്‍ദത്തിന്റെ പ്രതീകം
അതേസമയം ഹരിദ്വാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഈ യാത്ര തികച്ചും മതസൗഹാര്‍ദത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത് എന്നാണ്, പ്രമുഖ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ശിവ ഭക്തരാണ് കാല്‍നടയായി ഹരിദ്വാറിലെത്തി ഗംഗയിലെ ജലം ശേഖരിക്കുന്നത്. ഹരിദ്വാറിലെ മുസ്ലിം കുടുംബങ്ങളടക്കം നിര്‍മിക്കുന്ന അതിമനോഹരമായ കാവഡിലാണ് തീര്‍ഥാടകര്‍ സ്വദേശത്തേക്ക് ഗംഗ ജലം കൊണ്ടുപോവുക. കാവഡും ചുമലിലേന്തി കിലേമീറ്ററുകള്‍ നടന്ന് തങ്ങളുടെ നാട്ടിലെ ക്ഷേത്രത്തില്‍ ഈ ജലം സമര്‍പ്പിക്കും.
കാവഡ് നിര്‍മാണത്തിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് ഓരോ കുടുംബത്തിനും വേണ്ടിവരുന്നത്. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ കാവഡ് നിര്‍മാണത്തില്‍ ഏര്‍പ്പെടും. രണ്ടും മൂന്നും തട്ടുകളായിട്ടാണ് കാവഡ് നിര്‍മിക്കുക. ശിവലിംഗമെല്ലാം ഇതിന്റെ ഭാഗമാകും. 500 മുതല്‍ 5000 രൂപ വരെയാണ് ഓരോ കാവഡിന്റെയും വില.
കുംഭനഗരി കൂടിയായ ഹരിദ്വാറില്‍നിന്നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉത്തമ മാതൃക കൂടിയാണ് ഈ യാത്ര. കുട്ടിക്കാലം മുതല്‍ തങ്ങള്‍ കാവഡ് നിര്‍മിക്കുന്നുണ്ടെന്ന് കരകൗശല വിദഗ്ധനായ ഇസ്തികാര്‍ പറയുന്നു. എല്ലാത്തരം കാവഡുകളും തങ്ങള്‍ നിര്‍മിക്കാറുണ്ട്. അവ നിര്‍മിക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും വലിയ സംതൃപ്തിയാണ്. ഞങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, ഞങ്ങള്‍ എല്ലാവരും ഒന്നാണ്' -ഇസ്തികാര്‍ പറഞ്ഞു.
ഹരിദ്വാറില്‍ ഹിന്ദും-മുസ്ലിം എന്ന വേര്‍തിരിവില്ലെന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കാവഡ് നിര്‍മിക്കുന്ന ഇംറാന്‍ പറഞ്ഞു. വിവാദങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. ഞങ്ങള്‍ എല്ലാവരും സഹോദരന്മാരാണ്. എന്തിനാണ് ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കാവഡുകള്‍ മുഴുവന്‍ വിറ്റുപോകുമെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം 300ഓളം കുടുംബങ്ങളാണ് ഹരിദ്വാറില്‍ കാവഡ് നിര്‍മിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം കുടുംബങ്ങളാണ്. ഓരോ സീസണിലും ഈ കുടുംബങ്ങള്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കാവഡ് നിര്‍മിച്ച് സമ്പാദിക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഈ കുടുംബങ്ങളുടെ വരുമാനം കൂടിയാണിത്. പുതിയ വിവാദങ്ങള്‍ ഈ കുടുംബങ്ങളുടെ ജീവിതത്തെയും ബാധിക്കുമോയെന്ന ആശങ്കയുണ്ട്.