തിരുവനന്തപുരം: പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പദ്ധതിയുടെ ചുരുക്കപ്പേരാണ് പിഎം ശ്രീ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കോടാനുകോടികള്‍ മുടക്കുകയും ചെയ്യുന്നു. വിഷയത്തില്‍ തുടക്കത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെല്ലാം മാറ്റിവെച്ച് 1500 കോടി രൂപ നേടിയെടുക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചുകഴിഞ്ഞു. സിപിഐ ഉയര്‍ത്തിയ എതിര്‍പ്പുകളെല്ലാം മറികടന്ന് വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആശിര്‍വാദങ്ങളോടെയാണ് പദ്ധതിയില്‍ ഒപ്പിട്ടത്. തെരഞ്ഞെടുപ്പു അടുത്തതോടെ ഫണ്ട് നേടുക എന്ന ഉദ്ദേശത്തിലാണ് പദ്ധതിക്ക് സര്‍ക്കാര്‍ കൈകൊടുത്തിരിക്കുന്നത്.

പി എം ശ്രീ പദ്ധതിയിലെ വിവാദം എന്തിന്?

ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു. 2023-27 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.

ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.

എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്.

'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു.

പിഎം ശ്രീ ഒരു സിപിഎം-സിപിഐ തര്‍ക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. 'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു.

സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണി ചര്‍ച്ചചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

മോദിയുടെ ചിത്രവും കേന്ദ്രവിദ്യാഭ്യാസ നയവും

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിലാണ് കേരളം തുടക്കം മുതല്‍ എതിര്‍പ്പുയര്‍ത്തിയത്. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളില്‍ സ്ഥാപിക്കണം. ഇതില്‍ ബ്രാന്‍ഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിരുന്നത്.

ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്.

ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.

ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.

മറ്റു സംസ്ഥാനങ്ങളില്‍

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

പിഎം ശ്രീയില്‍ കേരളത്തിന്റെ മനംമാറിയെങ്കിലും തമിഴ്നാട് നിയമപോരാട്ടത്തിലാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോള്‍ കോടതിയെ സമീപിച്ച് തമിഴ്നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്നാട് നിര്‍ത്തിവെച്ചിരുന്നു. പ്രശ്നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

അതേസമയം എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പദ്ധതിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇതിനിടയിലാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്.

സിപിഐയുടെ എതിര്‍പ്പ് അവഗണിക്കില്ലെന്നും വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി അറിയിച്ചത്. എന്നാല്‍ മന്ത്രിസഭയെയും എല്‍ഡിഎഫിനെയും മറികടന്നാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ കേരളം നടപ്പാക്കാന്‍ പോകുന്നത്. കേന്ദ്രഫണ്ട് ലഭിക്കാന്‍ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയത്.