തൃശ്ശൂര്‍: കുട്ടക്കാലങ്ങളില്‍ കേട്ട് വളര്‍ന്ന കഥയാണ് നിധിക്ക് കാവല്‍ നില്‍ക്കുന്ന പാമ്പുകളെ പറ്റി. അങ്ങനെ പാമ്പിനെ കണ്ടെത്തിയ കുഴികളില്‍ നിധികള്‍ തപ്പി നോക്കിയ കഥകളും ഉണ്ട്. എന്നാല്‍ ഇവിടെ ഇച്ചിരി ന്യൂ ജെന്‍ കഥയാണെന്നേ ഒള്ളൂ. പാമ്പിനെ കണ്ട സ്ഥലത്ത് തപ്പിനോക്കിയപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ ഒരു പേഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് സംഭവം. സംഭവം അറിഞ്ഞ് മൂര്‍ഖനെ പിടികൂടാന്‍ എത്തിയ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് പൊത്തില്‍ നിന്ന് പഴ്സ് കിട്ടിയത്.

നെഹ്റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍ ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. പാമ്പിനെ ചവിട്ടാതിരുന്നതിനാലാണ് കടിയേല്‍ക്കാതിരുന്നത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചത് കണ്ടു. അവിടെയെത്തിയ ഒരു യുവാവ് വനംവകുപ്പിനെ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വനംവകുപ്പുദ്യോഗസ്ഥന്‍ എത്തി.' ഷാഗ്രഹ പറഞ്ഞു.

'പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ് കണ്ടത്. രേഖകളില്‍ കടവല്ലൂരിലുള്ള 22-കാരന്റെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍. ഇതു മുഖേന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മിഥുന്‍.