മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തവര്‍ക്ക് ഉള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന താല്‍ക്കാലിക ഭക്ഷണശാല പൂട്ടിച്ചതില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേരാണ് സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നത്.

യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കില്‍ അത് ശരിയല്ല, സര്‍ക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം'- മന്ത്രി പറഞ്ഞു.

'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല', മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു.

ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്'- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാര്‍ഡ് പറഞ്ഞു.

ഡി ഐ ജി തോംസണ്‍ ജോസ് സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്ന് വൈറ്റ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പുല്ലുമില്ല, ഒരു ചുക്കുമില്ല എന്ന തരത്തില്‍ സഭ്യമല്ലാത്ത ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചതെന്ന് വൈറ്റ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകന്‍ ഫൈസല്‍ പറഞ്ഞു. ഇവിടെ സന്നദ്ധസേവനത്തിന് വരുന്നവരൊക്കെ വടിയും കുത്തി നോക്കി നില്‍ക്കാനായാണ് വരുന്നതെന്നും ഡി.ഐ.ജി പറഞ്ഞതായി ഫൈസല്‍ പറയുന്നു.

'ഭക്ഷണവുമായി പോയപ്പോള്‍ ഡി.ഐ.ജി വിളിപ്പിച്ചു. നിങ്ങളുടെ സേവനം ഇനി അവസാനിപ്പിക്കാമെന്നും ഇനി നിങ്ങളുടെ സേവനമോ ഭക്ഷണമോ ഞങ്ങള്‍ക്കാവശ്യമില്ലെന്നും പറഞ്ഞു. റവന്യൂവിന്റെ ഭക്ഷണം ആവശ്യത്തിന് കിട്ടുന്നുണ്ട്. നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല, ഒരു പുല്ലുമില്ലെന്ന രീതിയില്‍ സഭ്യമല്ലാത്ത തരത്തിലാണ് സംസാരിച്ചത്. അത് വേദനയുണ്ടാക്കി', ഫൈസല്‍ പറയുന്നു.

'ഞങ്ങള്‍ ഇപ്പോള്‍ വേണമെങ്കില്‍ ഇത് അവസാനിപ്പിക്കാന്‍ ഒരുക്കമാണ്. എന്നാല്‍ ഇവിടെയുള്ള സന്നദ്ധ സേവനം നടത്തുന്നവര്‍ക്കെല്ലാം ഭക്ഷണം കൃത്യസമയത്ത് എത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കാനാവണമെന്ന് ഡി.ഐ.ജിയോട് പറഞ്ഞു. എന്നാല്‍ ഇവിടെ സന്നദ്ധ സേവനത്തിനായി വരുന്ന ആളുകള്‍ വടികുത്തി നോക്കി നില്‍ക്കാനാണ് വരുന്നതെന്നും ജെ.സി.ബിയാണ് ഇവിടെ പണിയെടുക്കുന്നതെന്നും പറഞ്ഞു. അവയ്ക്ക് ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കില്ലെന്നും ഡിഐജി പറഞ്ഞു'. ഫൈസല്‍ പറയുന്നു .

വടകര എംപി ഷാഫി പറമ്പില്‍ സംഭവത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഷാഫി ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: '3 നേരവും 4 ദിവസമായി, രാവിലെ 5 മുതല്‍ രാത്രി 12 മണി വരെയും 35,000 പേര്‍ക്ക്, ദുരന്ത ബാധിതര്‍ക്കും സേനാംഗങ്ങള്‍ക്കും റെസ്‌ക്യൂ പ്രവര്‍ത്തകര്‍ക്കും പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മറ്റെല്ലാവര്‍ക്കും അന്നം കൊടുത്തവര്‍.. അഭിമാനമാണ് വൈറ്റ് ഗാര്‍ഡ്. അവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാല്‍ മതി.വേറൊരു 'പുല്ലും'വേണ്ട"

സേവന സന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചുകൊണ്ടാകരുത് ഒരു തീരുമാനവും നടപ്പാക്കേണ്ടതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. യൂത്ത്ലീഗ് പ്രവര്‍ത്തകരും കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.

ഊട്ടുപുരയുണ്ടായിരുന്നതിനാല്‍ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ- പി.കെ ഫിറോസ് വ്യക്തമാക്കി.

'ഇന്ത്യയില്‍ പേര് ഒരു പ്രശ്നമാണ്. പഴയിടത്തെ വീട്ടില്‍ പോയി ആശ്വസിപ്പിച്ച 'നന്മയുള്ള കേരളത്തില്‍ 'ഇതും ഇതിലപ്പുറവും നടക്കും'- സാമൂഹിക പ്രവര്‍ത്തക മൃദുലാദേവി കുറിച്ചു. ഊട്ടുപുര പൂട്ടിച്ച വാര്‍ത്തകള്‍ക്കു താഴെയും നിരവധി പേരാണ് സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്.