- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യാന ബാര്‍സോണി ഹംഗറി സീക്രട്ട് സര്‍വ്വീസിന്റെ സംരക്ഷണയില്‍; മകള്‍ക്ക് നിരന്തരമായി ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി മാതാവ്; മൊസാദിന്റെ 'ചാരസുന്ദരി'യെ കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല
ക്രിസ്ത്യാന ബാര്‍സോണി ഹംഗറി സീക്രട്ട് സര്‍വ്വീസിന്റെ സംരക്ഷണയില്‍
ബെയ്‌റൂത്ത്: ലബനനില്‍ പേജര്‍ സ്ഫോടനം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ക്രിസ്ത്യാന ബാര്‍സോണി ആര്‍സിഡയക്കോനോയെ കുറിച്ചുള്ള സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. പേജറുകള്‍ വിതരണം ചെയ്തു എന്ന് ആരോപണ വിധേയമായ ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന കമ്പനിയുടെ സി.ഇ.ഒയാണ് ഇവര്‍.
എന്നാല്‍ ക്രിസ്ത്യാന ഇപ്പോള്‍ ഹംഗറി സീക്രട്ട് സര്‍വ്വീസിന്റെ സംരക്ഷണത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അവരുടെ അമ്മ ബിയാട്രിക്സ് ആണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകള്‍ക്ക് നിരന്തരമായി ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുണ്ട് എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. മാധ്യമങ്ങളോട് ഒരു കാരണവശാലും സംസാരിക്കരുത് എന്നാണ് ഹംഗറിയിലെ
രഹസ്യ പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പേജറുകളെ സ്‌ഫോടനാത്മക ഉപകരണങ്ങളാക്കി മാറ്റാനുള്ള മാരകമായ ഗൂഢാലോചനയില്‍ തന്റെ മകള്‍ ഭാഗമല്ലെന്നും ഉപകരണങ്ങള്‍ എത്തുന്ന ഒരു ഇടനിലക്കാരി മാത്രമായിരുന്നു മകളെന്നും അമ്മ പറയുന്നു. ഹംഗറിയില്‍ നിര്‍മിച്ചതോ ബുഡാപെസ്റ്റിലൂടെ കടന്നുപോയവയോ അല്ല പൊട്ടിത്തെറിച്ച പേജറുകളെന്നും അവര്‍ വ്യക്തമാക്കി. ഹംഗേറിയന്‍ ഭരണകൂടവും സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം ഇക്കാര്യത്തില്‍ രഹസ്യ പോലീസ് അധികൃതര്‍ പരസ്യപ്രതികരണം നടത്താന്‍ തയ്യാറായിട്ടുമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 37 ഓളം പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തോളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. ആദ്യ ദിവസം പേജറുകളും രണ്ടാം ദിവസം വാക്കിടോക്കികളും പൊട്ടിത്തെറിച്ചാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. ഇസ്രയേലാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ലബനന്‍ സര്‍ക്കാരും ഹിസ്ബുളളയും ആരോപിക്കുന്നത്.
ഇറ്റലിയിലെ സിസിലിയില്‍ ജനിച്ച ക്രിസ്ത്യാന കാറ്റാനിയയ്ക്കടുത്തുള്ള സാന്താ വെനറിനയിലാണ് വളര്‍ന്നത്. അക്കാദമിക തലത്തില്‍ മികവ് പ്രകടിപ്പിച്ചിരുന്നുവെന്ന് സഹപാഠി പറഞ്ഞു. 2000ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 'പാര്‍ട്ടിക്കിള്‍ ഫിസ്‌കിസി'ല്‍ പിഎച്ച്ഡി നേടി. ബര്‍സോണിയുടെ പ്രബന്ധം യുസിഎല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പിന്നീട് ശാസ്ത്ര വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയായിരുന്നുവെന്നാണ് പ്രൊഫസര്‍മാരില്‍ ഒരാളായ അക്കോസ് ടോറോക്ക് പറയുന്നത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് എന്നിവയില്‍ നിന്ന് രാഷ്ട്രീയത്തിലും വികസനത്തിലും ബിരുദാനന്തര ബിരുദം നേടിയെന്നും അവരുടെ ബയോഡാറ്റയില്‍ പറയുന്നു. എന്നാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണട്. യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി ഏര്‍പ്പെട്ട എന്‍ജിഒ പ്രോജക്റ്റുകളെ കുറിച്ചും ബയോഡാറ്റയില്‍ പറയുന്നു. മുന്‍ തൊഴില്‍ദാതാക്കളില്‍ ഒരാളായ കിലിയന്‍ ക്ലീന്‍ഷ്മിഡ് ടുണീഷ്യയിലെ ലിബിയക്കാരെ പരിശീലിപ്പിക്കുന്നതിനായി ആറ് മാസത്തെ പ്രോഗ്രാം നടത്തുന്നതിന് 2019 ല്‍ ബാര്‍സോണിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.
എന്നാല്‍, ജീവനക്കാരുമായുള്ള ഭിന്നതകളെ തുടര്‍ന്ന് കരാര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അവര്‍ സേവനം അവസാനിപ്പിച്ചു. വൈവിധ്യമാര്‍ന്ന പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, ബാര്‍സോണി ഒരു പ്രത്യേക കരിയര്‍ പാതയും തിരഞ്ഞെടുത്തില്ല. ബുഡാപെസ്റ്റിലുള്ള അവളുടെ ഒരു പേരുവെളിപ്പെടുത്താത്ത പരിചയക്കാരന്‍ പറഞ്ഞത് ഇങ്ങനെ- 'നല്ല ഇച്ഛാശക്തിയുള്ളയാളാണ്. ഒരു ബിസിനസില്‍ മാത്രം ഒതുങ്ങുന്ന പ്രകൃതമായിരുന്നില്ല. പുതിയത് എന്തെങ്കിലും പരീക്ഷിക്കാന്‍ എപ്പോഴും ഉത്സാഹം കാണിക്കുന്ന വ്യക്തിയാണ്'.
ബാര്‍സോണി-ആര്‍സിഡിയാക്കോനോയുടെ വ്യക്തിജീവിതവും കൗതുകകരമാണ്. ബുഡാപെസ്റ്റില്‍ സ്വന്തം നഗ്‌നചിത്രങ്ങളുടെ പാസ്റ്റല്‍ ഡ്രോയിംഗുകള്‍ ഉള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് അവള്‍ സ്വന്തമാക്കി. കൂടാതെ ബുഡാപെസ്റ്റ് ആര്‍ട്ട് ക്ലബിന്റെ ഭാഗമായി അവള്‍ ചിത്രരചന പരിശീലിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പരിശീലനത്തിന് കാണാറില്ലെന്ന് സംഘാടകരിലൊരാള്‍ പറഞ്ഞു. 'വളരെ ഉച്ചത്തില്‍ സംസാരിക്കുന്ന ആളല്ല, എന്നാല്‍ ആവശ്യമുണ്ടെങ്കിലും നന്നായി സംസാരിക്കുകയും ചെയ്യും'- കഴിഞ്ഞ രണ്ട് വര്‍ഷമായി കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍വാസി പറയുന്നു.
അവരുടെ സ്ഥാപനമായ ബി.എ.സിയുടെ വെബ്‌സൈറ്റും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ബുഡാപെസ്‌ററിലെ കമ്പനിയുടെ ഓഫീസിലും ആരും എത്തിയിട്ടില്ല. ഇപ്പോള്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നത് ഹിസ്ബുള്ള പേജറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് മണത്തറിഞ്ഞ മൊസാദേ ഒരു കടലാസ് കമ്പനി തട്ടിക്കൂട്ടി ഇതിനുള്ള ഓര്‍ഡര്‍ എടുത്തു എന്നും തുടര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പേജറുകള്‍ ലബനനില്‍ എത്തിച്ചു എന്നുമാണ് ആരോപണം,
ഇവിടെയാണ് മലയാളിയായ റിന്‍സന്‍ ജോസിന്റെ കമ്പനിയും കാര്യവും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണ്ടത്. ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമാക്കിയാണ് റിന്‍സന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലയാളി ആണെങ്കിലും നോര്‍വ്വേ പൗരത്വമുള്ളയാളാണ് റിന്‍സന്‍. ഇവരെല്ലാം മൊസാദേയുടെ ഏജന്റുമാരായിട്ടാമോ പ്രവര്‍ത്തിച്ചത് എന്നാണ് ലോകമാധ്യമങ്ങള്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നത്. റിന്‍സന്‍ അമേരിക്കയിലേക്ക് പോകുകയും ചെയ്തതോടെ സംശയങ്ങള്‍ പലവഴിക്കാണ് നീളുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള തന്റെ അണികളോട് സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് പേജറുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ തന്നെ മൊസാദേ സ്‌ഫോടക വസ്തു നിര്‍മ്മാണം തുടങ്ങിയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഏതായാലും ക്രിസ്ത്യാനയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. ക്രിസ്ത്യാന ഒരു ചാരസുന്ദരി എന്ന് തന്നെ കരുതേണ്ടി വരും എന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
ഒപ്പം മലയാളിയായ റിന്‍സണുമായി അവര്‍ക്കുള്ള ബന്ധവും ചര്‍ച്ചാ വിഷയമാകുകയാണ്. 2016 ലാണ് റിന്‍സണ്‍ ജോസ് നോര്‍ട്ടാ ലിങ്ക് എന്ന സ്ഥാപനം ആരംഭിച്ചത്. നോര്‍ട്ടാ ലിങ്കിനാണ് ബി.എ.സിക്ക് പേജറുകള്‍ക്ക് പണം നല്‍കിയിരിക്കുന്നത്. ഇതോടെയണ് റിന്‍സനും വിവാദത്തിലാകുന്നത്. റിന്‍സണ്‍ ജോസ് അമേരിക്കയിലാണെന്നും സൂചനകളുണ്ട്. ഡി. എന്‍ മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയു ഓസ്ലോയിലുണ്ട്. പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേല്‍ താല്‍പ്പര്യങ്ങള്‍ അറിയാതെയാണ് റിന്‍സണ്‍ ഈ ഇടപാടില്‍ എത്തിപ്പെട്ടത്. ആദ്യം ലണ്ടനില്‍ ജോലി ചെയ്തിരുന്ന റിന്‍സണ്‍ 2015 ലാണ് ഓസ്ലോയില്‍ എത്തിയത് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ റിന്‍സണ്‍ ഓസ്ലോയില്‍ ഇല്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.