തിരുവനന്തപുരം: മലയാളം സിനിമാ ലോകത്ത് ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം മമ്മൂട്ടി നായകനായ കളങ്കാവല്‍ റിലീസ് ചെയ്തതാണ്. മമ്മൂട്ടി കൊടൂര വില്ലനായി എത്തിയ ഈ സിനിമക്ക് വലിയ സ്വീകാര്യതയാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്നത്. സയനൈഡ് മോഹനന്‍ എന്ന ക്രൂരനായ സൈക്കോ കൊലയാളിയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ തയ്യാറാക്കിത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആരാണ് സയനൈഡ് മോഹന്‍ എന്ന തിരച്ചിലും സജീവമണ്.

ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരനായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ് സയനൈഡ് മോഹന്‍. വീട്ടിലും നാട്ടിലുമൊക്കെ സല്‍സ്വഭാവിയെന്ന് പേരെടുത്ത അധ്യാപകനായിരുന്നു മോഹന്‍. എന്നാല്‍ അയാള്‍ ചെയ്തു കൂട്ടിയതാവട്ടെ സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും. സ്ത്രീകളെ വശീകരിച്ച്, ഇഷ്ടവും വിശ്വാസവും കവര്‍ന്നതിനു ശേഷം കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു മോഹന്റെ രീതി.

2004നും 2009നും ഇടയില്‍ കര്‍ണാടകയില്‍ ഇയാള്‍ നടത്തിയ കൊലപാതകങ്ങള്‍ പോലീസിനും പൊതുജനങ്ങള്‍ക്കും പേടിസ്വപ്നമായിരുന്നു. സ്ത്രീധനം നല്‍കാന്‍ കഴിയാത്തവരോ അനുയോജ്യരായ ഭര്‍ത്താക്കന്മാരെ കണ്ടെത്താന്‍ കഴിയാത്തവരോ ആയ 22-35 വയസ്സിനിടയിലുള്ള സ്ത്രീകളെയായിരുന്നു ഇയാള്‍ വശീകരിച്ച് കൊലപ്പെടുത്തിയിരുന്നത്.

തന്റെ കെണിയില്‍ വീണ ഇരയുമായി ലോഡ്ജില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം, അടുത്ത ദിവസം രാവിലെ, ഗര്‍ഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തും. മരണം ഉറപ്പാക്കിയ ശേഷം, സ്ത്രീകളുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി.

ഇത്തരത്തില്‍ ഇരുപതിലധികം സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് 'സയനൈഡ് മോഹന്‍' വിചാരണ നേരിട്ടത്. 25 കൊലപാതക കേസുകളില്‍ പ്രതിയായ മോഹന്‍ 20 കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. അഞ്ച് കേസുകളില്‍ വധശിക്ഷ ലഭിച്ചെങ്കിലും, പിന്നീട് രണ്ടെണ്ണം ജീവപര്യന്തമായി കുറച്ചു. 1963 ഏപ്രില്‍ 6 ന് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കന്യാന ഗ്രാമത്തില്‍ ആണ് മോഹന്‍ കുമാര്‍ ജനിച്ചത്. ദിവസ വേതനക്കാരായ കര്‍ഷക തൊഴിലാളികളായ മയിലപ്പ മൊഗേരയുടെയും തുക്രുവിന്റെയും മകനായിട്ടാണ് മോഹന്റെ ജനനം.

ബിരുദ പഠനത്തിന് ശേഷം 1984 നവംബറില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സ്ഥിരമായി ഹാജരാകാത്തതിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ പലപ്പോഴും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 1987-ല്‍ മേരി എന്ന സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് മഞ്ജുള, ശ്രീദേവി എന്നീ രണ്ട് സ്ത്രീകളെക്കൂടി വിവാഹം കഴിച്ചു. ഇയാള്‍ക്ക് രണ്ട് ഭാര്യമാരിലുമായി നാല് മക്കളുണ്ട്. എന്നാല്‍, മോഹന്റെ കുറ്റകൃത്യങ്ങളുടെ കഥകള്‍ പുറത്തുവരുന്നത് വരെ ഭാര്യമാര്‍ പരസ്പരം അറിയുകയോ ഇയാളുടെ ചെയ്തികളെക്കുറിച്ച് ബോധവതികളായിരിക്കുകയോ ചെയ്തിരുന്നില്ല.

സ്ത്രീകളുടെ മാനവും ജീവനും കവരുന്ന സയനൈഡ് ശൈലി

മോഹന്‍ കുമാര്‍ സ്ത്രീകളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന രീതി 2000-കളുടെ തുടക്കത്തിലാണ് ആരംഭിച്ചത്. താഴ്ന്ന സാമ്പത്തിക നിലയിലുള്ള സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് ഇയാള്‍ ഇരകളെ തിരഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ ഇരകളെ സമീപിച്ചിരുന്നത്. സംഭാഷണത്തിലൂടെ അവരുടെ ജാതി തിരിച്ചറിഞ്ഞ ശേഷം, താനും അതേ സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തിരുന്നു. യഥാര്‍ത്ഥ പേര് ഉപയോഗിക്കാതെയായിരുന്നു ഈ വഞ്ചന.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഒളിച്ചോടാന്‍ പ്രേരിപ്പിക്കും. വിവാഹത്തിന് ആഭരണങ്ങളും നല്ല വസ്ത്രങ്ങളും കൊണ്ടുവരാന്‍ ആവശ്യപ്പെടും. മൈസൂരു, ബെംഗളൂരു, ഹാസന്‍, മടിക്കേരി തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോകും. വിവാഹ തലേന്ന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ താമസിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. വിവാഹത്തിനായി അമ്പലത്തിലേക്ക് പോകും മുമ്പ് ആഭരണങ്ങള്‍ ലോഡ്ജ് മുറിയില്‍ വെക്കാന്‍ ആവശ്യപ്പെടും.

വഴിയില്‍ വെച്ച്, ഗര്‍ഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനൈഡ് ഗുളിക നല്‍കും. ഇത് കഴിച്ചാല്‍ ഉടന്‍ മൂത്രമൊഴിക്കാന്‍ തോന്നുമെന്ന് പറഞ്ഞ്, അവരെ ലേഡീസ് വാഷ്‌റൂമിലേക്ക് പറഞ്ഞയക്കും. ഗുളിക കഴിച്ച് സ്ത്രീ തളര്‍ന്നു വീഴുമ്പോള്‍, ഇയാള്‍ ലോഡ്ജ് മുറിയിലേക്ക് തിരികെയെത്തി ആഭരണങ്ങള്‍ എടുത്ത് രക്ഷപ്പെടും. സ്വര്‍ണ്ണപ്പണിക്കാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ സൈനൈഡ് വാങ്ങിയിരുന്നത്.

2009-ല്‍ അനിത മുല്യ എന്ന യുവതിയുടെ കൊലപാതകം വിവാദമായതോടെ അന്വേഷണം ശക്തമായി. 2009 ഒക്ടോബര്‍ 21-ന് മോഹന്‍ കുമാര്‍ പോലീസ് പിടിയിലായി. അന്വേഷണത്തിനിടെ 2004 നും 2009 നും ഇടയില്‍ താന്‍ അനിതയടക്കം 19 സ്ത്രീകളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. മോഹന്റെ മൂന്നാം ഭാര്യയായ ശ്രീദേവിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വലിയ അളവില്‍ സയനൈഡ് പൊടിയും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് സയനൈഡ് മോഹന്‍ എന്ന പേരില്‍ ഇയാള്‍ കുപ്രസിദ്ധനായത്.

2020 ജൂണ്‍ 24-ന്, ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 20-ാമത്തെ കൊലപാതക കേസില്‍ മംഗളൂരുവിലെ കോടതി മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോടതിയില്‍ സ്വയം ഹാജരായി പോലീസുദ്യോഗസ്ഥരെയും സാക്ഷികളെയും ചോദ്യം ചെയ്യുമായിരുന്നു മോഹന്‍. കളംങ്കാവലില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സീരിയല്‍ കില്ലറാണ്. പൂര്‍ണമായും സയനൈഡ് മോഹന്റെ ശൈലിയുമല്ല. 'മനുഷ്യനെ കൊല്ലുന്നതിലാണ് ഏറ്റവും വലിയ സന്തോഷം!' എന്ന ടീസറിലെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.