ലോകമെമ്പാടുമുള്ള വെബ്സീരീസ് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു, നടന്‍ മാത്യു പെറിയുടെ ദുരൂഹമരണം. ഫ്രണ്ട്‌സ് വെബ് സീരീസും അതിലെ മാത്യു പെറിയുടെ ചാഡ്ലര്‍ എന്ന കഥാപാത്രവും, പുതിയ തലമുറക്കിടയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇങ്ങനെ കത്തി നില്‍ക്കവേയാണ്, 2023 ഒക്ടോബറില്‍ ലോസ് ആഞ്ചലസിലെ വസതിയില്‍, 54കാരനായ മാത്യുവിനെ ബാത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ അപ്രതീക്ഷിത വേര്‍പാട് വലിയ നടുക്കമാണ് ആരാധകരില്‍ സൃഷ്ടിച്ചത്.

മാത്യു പെറിയുടെ മരണ കാരണം മയക്കുമരുന്നായ കെറ്റാമിന്റെ അമിത ഉപയോഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നടന്റെ അഡിക്ഷന്‍ പ്രശ്നം മുതലെടുത്ത്, അസിസ്റ്റന്റും ഡോക്ടര്‍മാരുമടങ്ങുന്ന അഞ്ചംഗ സംഘം, വലിയ തോതില്‍ പണം തട്ടിയിട്ടുമുണ്ട്. ഇവര്‍ അമിതമായി മയക്കുമരുന്ന് നല്‍കിയതാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി, പൊലീസ് ഈ സംഘത്തെ അറസ്റ്റ് ചെയ്തരിക്കയാണ്. കെറ്റാമിന് അടിമപ്പെടുത്തി മാത്യുവിനെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കയാണ് സംഘം ചെയ്തത് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചികിത്സയിലിരിക്കെയാണ് മാത്യൂ കെറ്റാമിന് അടിമപ്പെടുന്നത്. സ്ഥിരം ഡോക്ടര്‍മാര്‍ കെറ്റാമിന്‍ തരില്ലെന്ന് പറഞ്ഞപ്പോള്‍, നിലവില്‍ പ്രതികളായ രണ്ട് ഡോക്ടര്‍മാരെ നടന്‍ സമീപിക്കുകയായിരുന്നു. ഡോക്ടര്‍മാരായ ഡോ. സല്‍വാദര്‍ പ്ലസന്‍ഷിയ (42), ഡോ. മാര്‍ക്ക് ഷാവേസ്, 20 വര്‍ഷത്തോളം മാത്യുവിന്റെ സഹായിയായ കെന്നത് ഇവാമാസ, മയക്കുമരുന്ന് വിതരണക്കാരി ജസ്വീന്‍ സങ്ക (41) തുടങ്ങിയവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ജസ്വീന്‍ സങ്ക അറിയപ്പെടുന്നത്, കെറ്റാമിന്‍ റാണിയെന്നാണ്. അതിവിചിത്രമാണ്് ഇവരെക്കുറിച്ചുള്ള അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

വീടിനെ ഡ്രഗ് എംപോറിയമാക്കി

അന്വേഷകര്‍ പറയുന്നതനുസരിച്ച്, പെറിയുടെ മരണത്തിലേക്ക് നയിച്ച, കെറ്റാമിന്റെ മാരകമായ ഡോസ് നല്‍കിയത് സംഗയാണ് നല്‍കിയത്. 41-കാരിയായ ഇവര്‍ക്ക്, ഇരട്ട പൗരത്വമുണ്ട്. ബ്രിട്ടന്റെയും അമേരിക്കയുടെയും. അപകടകരമായ മയക്കുമരുന്ന് വിതരണത്തില്‍ പങ്കാളിയായതിന് ഫെഡറല്‍ അധികാരികളുടെ റഡാറിന് കീഴിലായിരുന്നു ഇവര്‍. ലോസ് ആഞ്ചല്‍സിലെ തന്റെ വസതിപോലും ഇവര്‍ ഡ്രഗ് ഫാക്ടറിയാക്കി. അവിടെ വിവിധ മയക്കുമരുന്നുകള്‍ സംഭരിച്ച്, പായ്ക്ക് ചെയ്ത് വിതരണം ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, കെറ്റാമിന്‍ പോലുള്ള മയക്കുമരുന്നുകള്‍ നിറഞ്ഞ 'ഡ്രഗ് എംപോറിയം' എന്നാണ് അവളുടെ താമസസ്ഥലത്തെ കുറ്റപത്രത്തില്‍ വിശേഷിപ്പിക്കുന്നത്.

2019 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന മിസ് സംഘയുടെ പ്രവര്‍ത്തനം ഫെഡറല്‍ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. മെത്താംഫെറ്റാമൈന്‍ വിറ്റതിന് നേരത്തെ അവര്‍ അറസ്റ്റിലായിട്ടുമുണ്ട്. റെയ്ഡിനിടെ, ഫെഡറല്‍ ഏജന്റുമാര്‍ 79 കുപ്പി ലിക്വിഡ് കെറ്റാമൈനും ഏകദേശം 2,000 മെത്ത് ഗുളികകളും പിടിച്ചെടുത്തു. അമേരിക്കയില്‍ ഒരു വീട് കേന്ദ്രീകരിച്ച് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോടികളുടെ കച്ചവടമാണ് ഇവര്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അന്വേഷകര്‍ പറയുന്നതനുസരിച്ച്, എറിക് ഫ്ലെമിംഗ് എന്ന ഇടനിലക്കാരന്‍ മുഖേനയാണ് പെറി കെറ്റാമിന്റെ മാരകമായ ഡോസ് വാങ്ങിയത്. ഇത് കൊടുത്തിരുന്നത് സംഗയാണ്. പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈന്‍ കുപ്പികള്‍ സംഗ ഫ്ലെമിങ്ങിന് നല്‍കിയതായി കുറ്റപത്രം പറയുന്നു. ഒക്ടോബര്‍ 13-ന് പെറി ആദ്യമായി മരുന്ന് സാമ്പിള്‍ ചെയ്തതായും പിന്നീട് ഒക്ടോബര്‍ 14-നും 24-നും പെറിയുടെ വീട്ടില്‍ രണ്ട് വലിയ ബാച്ചുകള്‍ ഫ്ലെമിംഗ് എത്തിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു.

പണത്തിന് വേണ്ടിയാണ് പ്രതികള്‍ പെറിക്ക് കെറ്റാമൈനിന്‍ നല്‍കിയതെന്നാണ് പ്രാഥമിക വിവരങ്ങള്‍. ആയിരക്കണക്കിന് ഡോളറുകള്‍ക്കാണ് ഡോക്ടര്‍മാരും അസിസ്റ്റന്റും മാത്യുവിന് കെറ്റാമിന്‍ നല്‍കിയത്. ലഹരിക്ക് അടിമായ മാത്യവില്‍നിന്ന് കോടികള്‍ ഇവര്‍ വേറെയും അടിച്ചുമാറ്റി. മാത്യുവിന്റെ രണ്ട് ഡോക്ടര്‍മാരെയും സഹായിയായ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഗക്കും പിടിവീണത്.